Begin typing your search above and press return to search.
വിപണി ചാഞ്ചാടുന്നു; അമരരാജയിൽ അനക്കം
വിപണി ചാഞ്ചാട്ടത്തിലാണ്. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പ്രബലമായതാണു കാരണം. ജപ്പാനും ചൈനയുമടക്കം പ്രമുഖ ഏഷ്യൻ വിപണികൾ താഴ്ചയിലായതും വിപണിയെ പിന്നോട്ടു വലിച്ചു.
ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് സാവധാനം ഉയർച്ചയിലായി. മെറ്റൽ സൂചിക ഒഴികെയുള്ള മേഖലാ സൂചികകളെല്ലാം രാവിലെ ഉയർന്നു. പക്ഷേ 45 മിനിറ്റിനു ശേഷം വീണ്ടും താഴ്ചയിലായി. പെട്ടെന്നു തന്നെ തിരിച്ചും കയറി.
മിഡ്, സ്മോൾ ക്യാപ് സൂചികകൾ ആദ്യം നല്ല നേട്ടം കാണിച്ചു. പിന്നീടു താഴ്ന്നു. വീണ്ടും കയറി.
ഇലക്ട്രിക് ബാറ്ററി സാങ്കേതിക വിദ്യ ഉള്ള യൂറോപ്യൻ കമ്പനിയിൽ നിക്ഷേപം നടത്താനുള്ള തീരുമാനം അമരരാജാ ബാറ്ററീസിൻ്റെ ഓഹരിവില ഒരു ശതമാനത്തിലധികം ഉയർത്തി. ഈ വർഷം 32 ശതമാനം വിലയിടിഞ്ഞതാണ് ഓഹരി. ഇനാേ ബോട്ട് ഓട്ടോസ് എന്ന ഇലക്ട്രിക് ബാറ്ററി സൊലൂഷൻസ് കമ്പനിയിൽ 850 കോടി രൂപയാണ് അമരരാജ നിക്ഷേപിക്കുക. യൂറോപ്പിലെ ഇലക്ട്രിക് ബാറ്ററി വിപണിയുടെ വളർച്ചയിൽ അമരരാജയ്ക്കു പങ്കാളിത്തം കിട്ടാൻ ഈ നിക്ഷേപം സഹായിക്കും. കമ്പനിയെപ്പറ്റി ബ്രോക്കറേജുകൾ നല്ല അഭിപ്രായമാണു പറഞ്ഞിട്ടുള്ളത് .
മോൾനുപിരാവിർ കോവിഡ് രോഗികൾക്കു നൽകാൻ അമേരിക്ക അനുവദിച്ചത് ആ ഔഷധം നിർമിക്കുന്ന ഇന്ത്യൻ കമ്പനികൾക്കു നേട്ടമായി.
ഡോളർ ഇന്നു കയറി. ഏഴു പൈസ ഉയർന്ന് 74.72 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.75 ലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 1807 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപ കുറഞ്ഞ് 36,120 രൂപയായി.
Next Story
Videos