ഓഹരി വിപണി താഴ്ന്നിട്ടു ചാഞ്ചാട്ടം; നിക്ഷേപകർ ജാഗ്രത പുലർത്തണം

ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയും ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പ്രീ ഓപ്പണിൽ ഉയർന്നുവെങ്കിലും മിനിറ്റുകൾക്കകം താഴ്ചയിലേക്കു വഴിമാറുകയായിരുന്നു. പിന്നീടു നഷ്ടം കുറച്ചു. ബാങ്ക്, റിയൽറ്റി ഓഹരികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു.

കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നും 10 ശതമാനം ഉയർന്നു. ഓഹരി വില 204.05 രൂപയായി. അഞ്ചു ദിവസം കൊണ്ട് 82.68 ശതമാനവും ഒരു വർഷം കൊണ്ട് 93.5 ശതമാനവും ഉയർച്ചയാണ് ഓഹരിക്കുള്ളത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഇപ്പാേൾ പ്രതി ഓഹരി വരുമാന (ഇപിഎസ് ) ത്തിൻ്റെ 20.6 മടങ്ങ് വിലയിലാണ്. കമ്പനിയുടെ വിപണി മൂല്യം (market cap) 1356 കോടി രൂപയ്ക്കു മുകളിലായി.
ധനലക്ഷ്മി ബാങ്ക് ഒഴികെയുള്ള കേരള ബാങ്കുകളുടെയെല്ലാം ഓഹരിവില ഇന്ന് രാവിലെ താഴ്ചയിലാണ്.
കൺസ്യൂമർ ഉൽപന്നങ്ങളുടെ വിൽപനയിൽ മാന്ദ്യമുണ്ടെന്ന റിപ്പോർട്ട് ഹിന്ദുസ്ഥാൻ യൂണിലിവറും നെസ്ലെയും അടക്കമുള്ള കമ്പനികളുടെ ഓഹരി വിലകൾ താഴ്ത്തി. അവന്യു സൂപ്പർ മാർക്കറ്റ് നടത്തുന്ന ഡിമാർട്ടിൻ്റെ ഓഹരി വിലയും താണു.
ഇന്ന് ഐപിഒ ആരംഭിച്ച സൊമാറ്റോയിലെ ഏറ്റവും വലിയ നിക്ഷേപകരായ ഇൻഫോ എഡ്ജിൻ്റെ ഓഹരിവില ഇന്നു നല്ല ഉയരത്തിലാണ്. ഇന്നലെ താഴോട്ടു പോയിരുന്നു.
കഴിഞ്ഞ ദിവസം മികച്ച റിസൽട്ട് പുറത്തുവിട്ട മൈൻഡ് ട്രീ യുടെ ഓഹരി ഇന്നും നല്ല നേട്ടമുണ്ടാക്കി. ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവയും ഉയർന്നു.
കമ്പനികളുടെ ലാഭവർധന പ്രതീക്ഷ പോലെ ഉണ്ടാകില്ലെന്നും വിപണി നല്ല തിരുത്തലിലേക്കു നീങ്ങുമെന്നും നിക്ഷേപകരെ ഉപദേശിക്കുന്ന ബ്രോക്കറേജുകളുടെ എണ്ണം വർധിക്കുകയാണ്. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ വാങ്ങിക്കൂട്ടിയ റീട്ടെയിൽ നിക്ഷേപകർ ലാഭമെടുക്കേണ്ട സമയമാണെന്നാണു നിരീക്ഷകർ കരുതുന്നത്.
ഡോളർ രാജ്യാന്തര തലത്തിൽ കരുത്താർജിച്ചു. ഇന്നു 10 പൈസ ഉയർന്ന് 74.59 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.53 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1814 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 35,920 രൂപയായി. ജൂൺ 16 നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it