ആവേശത്തുടക്കം; ഐടി കുതിച്ചു, സിമൻ്റ് ഇടിയുന്നു

ആവേശത്തോടെ തുടങ്ങി, കൂടുതൽ ആവേശത്തോടെ മുന്നേറി. ഇന്ത്യൻ വിപണി ഇന്ന് ഏഷ്യൻ നേട്ടങ്ങൾക്കൊപ്പം കുതിച്ചു.

ഐടി കമ്പനികൾ ഇന്നും വലിയ കുതിപ്പ് കാഴ്ച വച്ചു. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവ ഒന്നര മുതൽ മൂന്നു വരെ ശതമാനം ഉയർന്നു. യുഎസ് വിപണിയിൽ ടെക് ഓഹരികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കിയത് ഐടി കമ്പനികളെ സഹായിച്ചു.
റിലയൻസ് തുടർച്ചയായ രണ്ടാം ദിവസവും മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
അൾട്രാടെക് സിമൻ്റ് ഉൽപാദനശേഷി ഗണ്യമായി കൂട്ടാൻ 13,000 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചതിനെ വിപണി അത്ര ആവേശപൂർവം സ്വീകരിച്ചില്ല. ഓഹരിവില മൂന്നര ശതമാനത്തോളം ഇടിഞ്ഞു. അൾട്രാടെക്കിൻ്റെ പ്രഖ്യാപനം മൊത്തത്തിൽ സിമൻ്റ് കമ്പനികളെ ഇടിവിലാക്കി. ഡാൽമിയ ഭാരത്, ജെ കെ ലക്ഷ്മി, രാംകോ സിമൻ്റ്, ഇന്ത്യാ സിമൻ്റ്സ്, അംബുജ, എസിസി തുടങ്ങിയവയെല്ലാം രണ്ടു മുതൽ ആറുവരെ ശതമാനം താഴ്ചയിലാണ്. കൽക്കരി വിലക്കയറ്റവും വിപണിയിലെ മത്സരവും സിമൻ്റ് കമ്പനികളുടെ ലാഭം കുറയ്ക്കും എന്നു വിലയിരുത്തലുണ്ട്. അതേ സമയം സർക്കാർ റോഡ്, തുറമുഖ വികസനത്തിന് ഏഴരലക്ഷം കോടി രൂപ ഇക്കൊല്ലം മുടക്കും എന്ന പ്രഖ്യാപനം സിമൻറ് ഡിമാൻഡ് കുടും എന്ന് ഉറപ്പാക്കുന്നു.
റെയ്മണ്ട് ലിമിറ്റഡ് ഓഹരിക്ക് ഇന്നു 10 ശതമാനം വിലയിടിവ് ഉണ്ടായി.
ലോക വിപണിയിൽ സ്വർണം അൽപം താണ് 1867 ഡോളറിലായി. കേരളത്തിൽ പവന് 400 രൂപ വർധിച്ച് 38,480 രൂപ ആയി.
രൂപ ഇന്നു കൂടുതൽ കരുത്തു കാണിച്ചു. ഡോളർ 12 പൈസ നഷ്ടത്തിൽ 77.48 രൂപയിലേക്കു താണു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it