വിപണിയിൽ ആവേശം നിലനിൽക്കുന്നില്ല; ക്രൂഡ് വിലയിൽ ആശങ്ക

ഉയരുന്ന ക്രൂഡ് ഓയിൽ വിലയാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്

ആഗോള സൂചനകളുടെ പിൻബലത്തിൽ ഒരു ശതമാനത്തോളം ഉയർന്നു വ്യാപാരം തുടങ്ങിയ വിപണിക്ക് ആ നേട്ടം നിലനിർത്താനായില്ല. വ്യാപാരം പുരോഗമിച്ചതോടെ സൂചികകൾ നേട്ടം കുറച്ചു. ഒരവസരത്തിൽ നഷ്ടത്തിലായിട്ടു തിരിച്ചു കയറി. ഉയരുന്ന ക്രൂഡ് ഓയിൽ വിലയാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്.

ഐടി, മെറ്റൽ, ഓയിൽ - ഗ്യാസ് ഒഴികെയുളള മേഖലകളെല്ലാം ഇന്നും ദുർബലമായി. ബാങ്ക് നിഫ്റ്റി തുടക്കത്തിൽ ഉയർന്നിട്ടു താമസിയാതെ നഷ്ടത്തിലായി.
റഷ്യയെ വികസ്വര രാജ്യസൂചികയിൽ നിന്ന് മോർഗൻ സ്റ്റാൻലി പുറത്താക്കി.ഇത് സൂചികയിലുള്ള ഇന്ത്യയിലേക്കു കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുമെന്നു പലരും കരുതുന്നു.എന്നാൽ ഉയരുന്ന ക്രൂഡ് വില ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുന്ന സാഹചര്യം കൂടുതൽ വിദേശ നിക്ഷേപം വരുന്നതിന് അനുകൂലമല്ല.-
ഇലക്ട്രോണിക് - കംപ്യൂട്ടർ ഉൽപന്ന നിർമാതാക്കളായ സാൻമിന കോർപറേഷൻ്റെ ഇന്ത്യൻ ഉപ കമ്പനിയിൽ റിലയൻസ് 1670 കോടി രൂപ മുടക്കി 50.1 ശതമാനം ഓഹരി വാങ്ങി. കരാർ അടിസ്ഥാനത്തിൽ ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നതാണ് അമേരിക്ക ആസ്ഥാനമായുള്ള സാൻമിന. സഖ്യം റിലയൻസിൻ്റെ ടെലികോം, ഡിജിറ്റൽ കുതിപ്പിനു വലിയ സഹായമാകും.
ഗുജറാത്ത് മിനറൽ ഡവലപ്മെൻ്റ് കോർപറേഷൻ (ജിഎംഡിസി), ഓയിൽ ഇന്ത്യ എന്നിവ ഇന്ന് എട്ടു ശതമാനത്തിലേറെ ഉയർന്നു. ജിഎംഡിസി രണ്ടു ദിവസം കൊണ്ട് 17 ശതമാനം കയറി.
ലോക വിപണിയിൽ സ്വർണ വില ഔൺസിന് 1827 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 37,840 രൂപയായി.
ഡോളർ ഇന്ന് അഞ്ചു പൈസ നേട്ടത്തിൽ 75.75 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു താണു.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഏപ്രിൽ അവധി 117.22 - ഡോളറിലും സ്പോട്ട് വ്യാപാരം 120.5 ഡോളറിലും ആണ്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it