Begin typing your search above and press return to search.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം; പേടി എം ഓഹരി വില കുത്തനെ ഇടിഞ്ഞു; ജൂബിലന്റ്, ശോഭ ലിമിറ്റഡ് ഓഹരി വിലകൾ എന്തുകൊണ്ട് താഴ്ന്നു
ചെറിയ നേട്ടത്തോടെ തുടങ്ങി, പിന്നീട് കയറിയിറങ്ങി. റഷ്യ - യുക്രെയ്ൻ ചർച്ചകൾ ഇന്നു നടക്കാനിരിക്കുന്നത് വിപണിയിൽ ചെറിയ ആശ്വാസം പകർന്നു.
രാവിലെ നല്ല നേട്ടത്തിലായിരുന്ന ഏഷ്യൻ വിപണികളിൽ ചിലതു നഷ്ടത്തിലായതും മറ്റു ചിലതു നേട്ടം കുറച്ചതും വിപണിയുടെ ഉയർച്ചയ്ക്കു തടസമായി. വാഹന, എഫ്എംസിജി, മെറ്റൽ, റിയൽറ്റി, ഓയിൽ ഓഹരികളും മിഡ് ക്യാപ് കമ്പനികളും താഴാേട്ടായി. ബാങ്ക്, ഐടി ഓഹരികൾ മികച്ച നേട്ടം കുറിച്ചു.
പേമെൻ്റ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം പ്രഖ്യാപിച്ചത് പേയ്ടിഎം ഓഹരിയെ 12.5 ശതമാനം ഇടിച്ചു.
സിഇഒ പ്രതീക് പോത രാജി വച്ചത് ഭാർതീയ ഗ്രൂപ്പിലെ ജൂബിലൻറ് ഫുഡ് വർക്സിൻ്റെ ഓഹരിവില 14 ശതമാനം ഇടിച്ചു. ബിസിനസ് പല വെല്ലുവിളികളും നേരിടുമ്പോൾ അപ്രതീക്ഷിത രാജി വിപണിയിൽ ആശങ്ക ജനിപ്പിച്ചു.
റിയൽ എസ്റ്റേറ്റ് ഭീമനായ ശോഭ ലിമിറ്റഡിൻ്റെ എംഡി ജെ.സി.ശർമ രാജി വച്ചത് ഓഹരി വില അഞ്ചു ശതമാനത്തോളം താഴാൻ കാരണമായി.
രുചി സോയ അടുത്തയാഴ്ച 4300 കോടി രൂപയുടെ ഫോളോഓൺ പബ്ലിക് ഇഷ്യു നടത്തും. സ്വാമി രാംദേവിൻ്റെ പതഞ്ജലി ഗ്രൂപ്പിൽപ്പെട്ട രുചി സോയയിൽ പ്രൊമോട്ടർമാരുടെ ഓഹരി 81 ശതമാനമായി കുറയ്ക്കാനാണ് പുതിയ ഓഹരികൾ വിൽക്കുന്നത്. ഈ വാർത്ത ഓഹരിവില 10 ശതമാനത്തോളം കയറ്റി.
ഡിജിറ്റൽ വികസനത്തിനുള്ള വിലക്ക് മാറിയത് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയെ രണ്ടു ശതമാനത്തിലേറെ ഉയർത്തി. മോർഗൻ സ്റ്റാൻലി ഓഹരിക്കു 2025 രൂപ വിലലക്ഷ്യം നിശ്ചയിച്ചു. ഇന്നു രാവിലെ 1422 രൂപയാണു വില. ജെഫെറീസ് 2160 രൂപയാണു വില ലക്ഷ്യം ഇട്ടിരിക്കുന്നത്.
കയറ്റുമതിയുടെ തോതും വിലയും വർധിക്കുന്നത് പഞ്ചസാര കമ്പനികൾക്കു നേട്ടമായി. ബൽറാംപുർ ചീനി ഇന്നു മൂന്നു ശതമാനത്തോളം കയറി. ഒരാഴ്ച കൊണ്ട് ഓഹരി 13 ശതമാനം ഉയർന്നു.
ആഗോള വിപണിയിൽ സ്വർണവില 1975 ഡോളറായി. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 38,480 രൂപയായി.
ഡോളർ ഇന്നു രണ്ടു പൈസ നേട്ടത്തോടെ 76.61 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു രൂപ നേട്ടമുണ്ടാക്കി. ഡോളർ 79.57 രൂപയിലേക്കു താണു.
Next Story
Videos