ചാഞ്ചാട്ടത്തോടെ കയറ്റം; വാതക വിലയിൽ പ്രതീക്ഷ

ഒട്ടും ആവേശം കാണിക്കാതെ തുടങ്ങി. വ്യാപാരം പുരോഗമിച്ചപ്പോൾ മുഖ്യസൂചികകൾ ചാഞ്ചാടി. അൽപനേരം നഷ്ടത്തിലാകുകയും ചെയ്തു. എന്നാൽ അതിനു ശേഷം നല്ല ഉയരത്തിലേക്കു നീങ്ങി. പിന്നീടും ചാഞ്ചാടി. ഇന്ത്യൻ ഓഹരി വിപണി ഇന്നു രാവിലെ ഏഷ്യൻ വിപണികളിലെ ചാഞ്ചാട്ടത്തിൻ്റെ ചുവടുപിടിച്ചു നീങ്ങി എന്നു പറയാം. മുഖ്യസൂചികകൾ കാണിക്കുന്നതിലും പോസിറ്റീവാണു വിശാല വിപണി. 10 ഓഹരികൾ ഉയരുമ്പോൾ മൂന്നെണ്ണം മാത്രമാണു താഴ്ന്നത്.

ആഗോള വിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില ഇന്നലെ ഉയർന്നത് മെറ്റൽ കമ്പനികളുടെ ഓഹരി വിലയ്ക്കു നേട്ടമായി. എന്നാൽ ചൈനയിലെ ഫാക്ടറി പ്രവർത്തനം തലേമാസത്തേതിലും കുറവാണെന്നു കാണിക്കുന്ന പിഎംഐ കണക്ക് പുറത്തുവന്നു. ഇതോടെ ചെമ്പ്, അലൂമിനിയം തുടങ്ങിയവയുടെ വില ഏഷ്യൻ വ്യാപാരത്തിൽ താണു.
ഹിൻഡാൽകോ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. കമ്പനി അഞ്ചു വർഷം കൊണ്ട് 800 കോടി ഡോളറിൻ്റെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചതും ലോഹ വിലയിലെ മാറ്റങ്ങളുമാണു കാരണം.
വിപണി വിലയേക്കാൾ 35 ഡോളർ കുറച്ച് ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്നു റഷ്യ ഓഫർ ചെയ്തതായി ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ ഓഹരി വില രണ്ടു ശതമാനത്തിലധികം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 108 ഡോളറിലേക്കു താണിട്ടുണ്ട്.
കേന്ദ്ര ഗവണ്മെൻ്റ് പ്രകൃതിവാതക വില ഇന്നു വർധിപ്പിക്കുമെന്നു കരുതപ്പെടുന്നു. വില ഇരട്ടിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണു പറയപ്പെടുന്നത്. റിലയൻസ്, ഒഎൻജിസി, ഓയിൽ ഇന്ത്യ, ഗെയിൽ, ഇന്ദ്രപ്രസ്ഥ ഗ്യാസ്, മഹാനഗർ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയവ വാതക വില കൂടുമ്പോൾ നേട്ടമുണ്ടാക്കുന്ന കമ്പനികളാണ്. റിലയൻസിന് ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ചുള്ള പുതിയ ഖനന മേഖലയിലെ വാതക ഉത്പാദനം സെപ്റ്റംബറിൽ ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടമുണ്ടാക്കിയ റിലയൻസ് ഇന്ന് രാവിലെ അൽപം ഇടിവിലാണ്.
സിറ്റി ബാങ്കിൻ്റെ ഇന്ത്യൻ കൺസ്യൂമർ ബിസിനസ് ഏറ്റെടുത്ത ആക്സിസ് ബാങ്കിന് നല്ല വളർച്ച പ്രവചിച്ചു ബ്രോക്കറേജുകൾ റിപ്പോർട്ട് തയാറാക്കി. ഓഹരി വില അടുത്ത വർഷം 1040 രൂപയിലെത്തുമെന്നാണ് സിഎൽഎസ്എ പറയുന്നത്. 1.3 ശതമാനം ഉയർന്ന് 760 രൂപയിലാണ് ആക്സിസ് ബാങ്ക് ഓഹരികൾ ഇന്നു രാവിലെ.
രാജ്യാന്തര വിപണിയിൽ സ്വർണം 1924 ഡോളറിലേക്കു താഴ്‌ന്നു. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ 19 പൈസ നഷ്ടത്തിൽ 75.72 രൂപയിലാണു വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it