Begin typing your search above and press return to search.
വിപണി താഴ്ചയിൽ; ഐടിയും ബാങ്കുകളും ഇടിവിൽ
രാജ്യാന്തര സൂചനകളുടെ പിന്നാലെ ഇന്ത്യൻ വിപണി ഇന്നു തുടക്കത്തിൽ ഇടിഞ്ഞു. മൂന്നു ദിവസത്തെ കയറ്റത്തിനു ശേഷമുള്ള താഴ്ച തുടക്കത്തിൽ താരതമ്യേന മിതമായിരുന്നു. പിന്നീടു താഴ്ചയ്ക്ക് ആഴം കൂടി. സെൻസെക്സ് 55,500 നും നിഫ്റ്റി 16,600 നും താഴെയായി. അതിനു ശേഷം സൂചികകൾ കയറിയിറങ്ങി നീങ്ങി.
ഐടി, ബാങ്ക് ഓഹരികളാണു വിപണിയെ താഴ്ത്തുന്നതിൽ മുന്നിൽ നിന്നത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയവ താഴ്ചയിലായി. ബാങ്കുകളും ധനകാര്യ കമ്പനികളും രാവിലെ ഇടിവിലായിരുന്നു.
വാഹന കമ്പനികൾ ഇന്നു നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി പുതിയ സർവകാല റിക്കാർഡ് കുറിച്ചു കൊണ്ട് 1025 രൂപയിലേക്ക് ഉയർന്നു.
ക്രൂഡ് ഓയിൽ വില കയറുന്നത് ഒഎൻജിസി, ഓയിൽ ഓഹരികളെ രണ്ടു ശതമാനത്തിലധികം ഉയർത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ചുരുക്കം കമ്പനികൾ ഒഴികെയുള്ളവ നല്ല നേട്ടത്തിലായി.
ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യ പാദഫലങ്ങൾ ഇന്നലെ പുറത്തുവിട്ട എൽഐസിയുടെ ഓഹരിവില ഇന്ന് രണ്ടര ശതമാനം താഴ്ന്നു. എൽഐസിയുടെ അറ്റാദായം 17 ശതമാനം കുറവായിരുന്നു.
അഡാനി പവറിൻ്റെ 136.5 ലക്ഷം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടതായ റിപ്പോർട്ട് ഓഹരിവില അഞ്ച് ശതമാനം ഇടിയാൻ കാരണമായി.
വിദേശത്തെ കേസ് ഒത്തു തീർക്കാൻ വലിയ സംഖ്യ ചെലവായതിനാൽ 2277 കോടിയുടെ നഷ്ടത്തിലേക്കു നാലാം പാദത്തിൽ എത്തിയ സൺ ഫാർമ ഓഹരി മൂന്നു ശതമാനത്തിലധികം താഴ്ന്നു.
ഡോളർ ഇന്നു രാവിലെ 11 പൈസ നേട്ടത്താേടെ 77.65 രൂപയിൽ വ്യാപാരം തുടങ്ങി.
ക്രൂഡ് ഓയിൽ ഉയർച്ചയിലാണ്. ബ്രെൻ്റ് ഇനം 122.88 ഡോളറിലെത്തി. റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്ന സാഹചര്യത്തിൽ വില ഇനിയും കൂടിയേക്കാം.
ലോക വിപണിയിൽ സ്വർണം 1853 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 32,800 രൂപയായി.
Next Story
Videos