ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നു; മിഡ്- സ്മാേൾ ക്യാപ്പുകൾ നേട്ടത്തിൽ; റിക്കാർഡിട്ട്ലേറ്റൻറ് വ്യൂ

റിലയൻസ് ഇന്നും താഴാേട്ടു നീങ്ങി

വലിയ താഴ്ചയിലേക്കു വീണിട്ടു പെട്ടെന്നു തന്നെ തിരിച്ചു കയറി. എങ്കിലും തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടം എന്നു സൂചിപ്പിച്ചാണ് ഇന്നു വ്യാപാരം മുന്നേറുന്നത്. രാവിലെ മിനിറ്റുകൾക്കകം സെൻസെക്സ് 750 പോയിൻ്റിലേറെ താണ് 57,718 ലെത്തി. പിന്നീട് അറുന്നൂറോളം പോയിൻ്റ് കയറി. നിഫ്റ്റിയും ഇതേ പാത തുടർന്നു. ഒരവസരത്തിൽ നിഫ്റ്റി നേട്ടത്തിലാകുമെന്നു തോന്നിച്ചെങ്കിലും വീണ്ടും താഴോട്ടു പോയി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നു തുടക്കം മുതലേ നേട്ടത്തിലായിരുന്നു. അവയുടെ തിരുത്തൽ കഴിഞ്ഞെന്ന മട്ടിലാണു വിപണി പ്രവർത്തകർ സംസാരിക്കുന്നത്.
ഐടി കമ്പനികൾ താഴോട്ടു പോയപ്പോൾ മെറ്റൽ കമ്പനികൾ ഉയർന്നു. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ് ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ ഉയർന്നു.
ലിസ്റ്റിംഗിലും തുടർന്നും കുത്തനേ താഴാേട്ടു പോയ പേടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ഇന്നു രാവിലെ അഞ്ചു ശതമാനത്തിലധികം ഉയർന്നു.
338 മടങ്ങ് അപേക്ഷകളുമായി റിക്കാർഡ് കുറിച്ച ലേറ്റൻ്റ് വ്യൂ അനലിറ്റിക്സ് ഇഷ്യു വിലയേക്കാൾ 160 ശതമാനം ഉയർന്നു ലിസ്റ്റ് ചെയ്തു. 197 രൂപയായിരുന്നു ഇഷ്യു വില. ലിസ്റ്റ് ചെയ്തത് 512 രൂപയിൽ. വെങ്കട് വിശ്വനാഥൻ സ്ഥാപകനും ചെയർമാനുമായ ഈ ഡാറ്റാ അനലിറ്റിക്സ് കമ്പനിയുടെ സിഇഒ രാജൻ സേതുരാമനാണ്. പ്രൊമാേട്ടർമാർ ഐപിഒ യിൽ കുറേ ഓഹരി വിറ്റു. ലാഭത്തിൽ പ്രവർത്തിക്കുന്നതാണ് 2006 ൽ തുടങ്ങിയ ഈ കമ്പനി.
വേദാന്ത ഓഹരി ഇന്നും ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി ഇടിഞ്ഞതാണ്. പ്രൊമോട്ടർമാർ 350 രൂപ വില വച്ച് 17 കോടി ഓഹരികൾ ( മൊത്തം ഓഹരികളുടെ 4.57 ശതമാനം) വാങ്ങിയതാണ് ഇന്നു വില കൂടാൻ കാരണം. ഇന്നലത്തെ വിപണി വിലയേക്കാൾ 6.6 ശതമാനം പ്രീമിയത്തിലായിരുന്നു വാങ്ങൽ.
റിലയൻസ് ഇന്നും താഴാേട്ടു നീങ്ങി. ജിയോയ്ക്ക് ഒരു കോടിയിലധികം വരിക്കാർ നഷ്ടമായി എന്ന വാർത്തയും ഓഹരിക്കു ക്ഷീണമായി.
ബോണസ് ഇഷ്യു തീരുമാനിക്കാൻ 25-നു ബോർഡ് യോഗം കൂടുമെന്ന റിപ്പോർട്ട് ഇന്ത്യൻ മെറ്റൽസ് ആൻഡ് ഫെറോ അലോയ്സിൻ്റെ ഓഹരി വില അഞ്ചു ശതമാനം ഉയർത്തി.
ഡോളർ ഇന്നും നേട്ടത്തിലാണ്. 13 പൈസ ഉയർന്ന് 74.52 രൂപയായി.
സ്വർണം ലോകവിപണിയിൽ 1807-1809 ഡോളറിലാണ്. കേരളത്തിൽ പവന് 560 രൂപ താണ് 36,040 രൂപയായി. ഇത്ര വലിയ ഏകദിന ഇടിവ് അസാധാരണമാണ്. ലോകവിപണിയിൽ ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞതിനെ തുടർന്നാണ് ഈ പതനം.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it