കുതിച്ചു കയറി വിപണി; ഗോ ഫാഷൻസ് 90 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തു

കോമിക്രോൺ ഭീതി അകന്നു. കരടികളെ പിന്നോട്ടു തള്ളി ബുള്ളുകൾ വിപണിയുടെ സാരഥ്യം തിരിച്ചുപിടിച്ചു. മിതമായ നേട്ടത്തിൽ തുടങ്ങിയ വ്യാപാരം അരമണിക്കൂറിനകം മുഖ്യസൂചികകളെ ഒരു ശതമാനത്തിലധികം ഉയരത്തിലെത്തിച്ചു. സെൻസെക്സ് ഒരു മണിക്കൂറിനകം 58,000 കടന്നു. നിഫ്റ്റി 17,300 ലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഇന്നു വൈകുന്നേരം വരുന്ന ജിഡിപി സംഖ്യയാേ കാതൽ മേഖലയുടെ വളർച്ചയോ നിരാശപ്പെടുത്തുന്നില്ലെങ്കിൽ നാളെയും നല്ല കയറ്റം പ്രതീക്ഷിക്കാം.

ബാങ്ക്, റിയൽറ്റി സൂചികകളുടെ നേതൃത്വത്തിൽ മിക്ക വ്യവസായ മേഖലാ സൂചികകളും ഇന്നു നല്ല കുതിപ്പ് നടത്തി. ഫാർമയും ഹെൽത്ത് കെയറുമാണു തുടക്കത്തിൽ താഴെപ്പോയത്. മുഖ്യസൂചികകൾ ഒരു ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ്‌, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഉയർന്നു. എൻഎസ്ഇയിൽ 2176 ഓഹരികൾ ഉയർന്നപ്പോൾ 377 ഓഹരികൾ മാത്രം താഴുന്നതായിരുന്നു ഒരവസരത്തിലെ വ്യാപാരനില.
ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചത് കോൾ ഇന്ത്യ ഓഹരി വില രണ്ടു ശതമാനം ഉയർത്തി.
ഡിഷ് ടിവി ഓഹരി ഉടമകളുടെ പൊതുയോഗം ഇന്നു നടത്താനിരുന്നത് ഒരു മാസത്തേക്കു നീട്ടി. പ്രൊമോട്ടർ പണയം വച്ച ഓഹരി സ്വന്തമാക്കിയ യെസ് ബാങ്ക് യോഗത്തിനെതിരായിരുന്നു. തങ്ങളുടെ പക്കലുള്ള ഓഹരി മരവിപ്പിച്ച പോലീസ് നടപടിക്കെതിരായ യെസ് ബാങ്കിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ബാങ്ക് - ധനകാര്യ കമ്പനികൾക്കു പണയ വസ്തു സ്വന്തമാക്കുന്നതു സംബന്ധിച്ച നിർണായക കേസാണിത്. ഡിഷ് ടിവി ഓഹരിവില ഇന്ന് ഒരു ശതമാനം കൂടി.
റിലയൻസ് കാപ്പിറ്റലിൻ്റെ ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. റിസർവ് ബാങ്കിൻ്റെ നടപടിയെ തുടർന്നാണിത്. റിലയൻസ് കമ്യൂണിക്കേഷൻസ് ഒഴികെ അനിൽ അംബാനി ഗ്രൂപ്പിലെ എല്ലാ കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു.
കോമിക്രോൺ ഭീതി കുറഞ്ഞത് ഐആർസിടിസി ഓഹരിയുടെ വില ആറു ശതമാനം ഉയർത്തി. ഇന്ത്യൻ ഹോട്ടൽസ് അടക്കം പല ഹോട്ടൽ ഓഹരികളും അഞ്ചു ശതമാനത്തിലധികം ഉയർന്നു.
കെഎഫ്സി, പീസ്സാ ഹട്ട്, കോസ്റ്റ കോഫീ ഫ്രഞ്ചൈസികൾ നടത്തുന്ന ദേവയാനി ഇൻറർനാഷണൽ ഓഹരി രാവിലെ ഏഴുശതമാനം ഉയർന്നു. ലിസ്റ്റിംഗിനു ശേഷം വലിയ നേട്ടമുണ്ടാക്കിയിട്ട് കുത്തനേ താണു നിൽക്കുകയായിരുന്നു ഓഹരി.
ഈയിടെ ഐപിഒ നടത്തിയ ഗോ ഫാഷൻസ് ഇന്നു രാവിലെ 90 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തു. 690 രൂപയാണ് ഇഷ്യു വില. ലിസ്റ്റ് ചെയ്തത് 1316 രൂപയിൽ. വില പിന്നീട് 1250 രൂപയിലേക്കു താണു.
കുറച്ചു ദിവസം മുമ്പ് ലിസ്റ്റ് ചെയ്ത ലേറ്റൻറ് വ്യൂ അനലിറ്റിക്സ് ഇന്ന് ആറര ശതമാനം ഉയർന്നു. ഇതോടെ ലിസ്റ്റിംഗിനു ശേഷമുള്ള നേട്ടം 40 ശതമാനമായി. 197 രൂപയ്ക്ക് ഐപിഒ നടത്തിയ കമ്പനിയുടെ ഓഹരി വില ഇപ്പാേൾ 690 രൂപയ്ക്കു മുകളിലെത്തി.
സ്വർണം ലോകവിപണിയിൽ 1788 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻ വില 80 രൂപ കുറഞ്ഞ് 35,880 രൂപയായി.
ഡോളറിന് 22 പൈസ കുറഞ്ഞ് 74.89 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it