ഓഹരി വിപണി താഴോട്ട്; മിഡ്- സ്മോൾ ക്യാപ്പുകൾ തിരുത്തലിൽ; ബാങ്കുകൾ പിടിച്ചു നിൽക്കുന്നു

ആശ്വാസറാലി എന്നു തോന്നുന്ന തുടക്കത്തിനു ശേഷം തകർച്ച. നിഫ്റ്റി പ്രീ ഓപ്പണിൽ 18,342 വരെ എത്തിയ ശേഷം 18,229.5 ൽ ഓപ്പൺ ചെയ്തു. പക്ഷേ ഒരു മണിക്കൂറിനകം 17,981 വരെ ഇടിഞ്ഞു. സെൻസെക്സ് 61,404.99 വരെ ഉയർന്നിട്ട് 60,449.68 വരെ ഇടിഞ്ഞു. വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനക്കാരായി.

ശ്രദ്ധേയമായ കാര്യം വ്യക്തികൾ താഴ്ന്ന വിലയിലെ വാങ്ങിക്കൂട്ടലിന് ശ്രമിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ചും മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ. അതു കൊണ്ടു തന്നെ സ്മോൾ ക്യാപ് സൂചിക മൂന്നരയും മിഡ് ക്യാപ് സൂചിക രണ്ടരയും ശതമാനം കണ്ടു താഴ്ന്നു. കഴിഞ്ഞയാഴ്ചയിലെ തളർച്ച കൂടി കണക്കാക്കിയാൽ പത്തു ശതമാനത്തോളം താഴ്ചയാകും.
റിയൽറ്റി കമ്പനികൾക്കാണ് ഇന്നു വലിയ തിരിച്ചടി. നിഫ്റ്റി റിയൽറ്റി നാലു ശതമാനത്തിലേറെ താണു. ഓട്ടോ, ഐടി, മീഡിയ, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളല്ലാം കീഴാേട്ടാണ്.
റിലയൻസ് റിസൽട്ട് കേമമാണെന്നു കുറേപ്പേർ വിലയിരുത്തിയതിനെ തുടർന്നു വ്യാപാരത്തുടക്കത്തിൽ വലിയ ഉയർച്ച കാണിച്ചു. എന്നാൽ താമസിയാതെ ഓഹരി നഷ്ടത്തിലേക്കു നീങ്ങി.
ഐസിഐസിഐ ബാങ്ക് പ്രതീക്ഷയേക്കാൾ മെച്ചപ്പെട്ട റിസൽട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഹരി വില 8.6 ശതമാനം വരെ ഉയർന്നു. ബാങ്കിംഗ് മേഖല മൊത്തം ഇന്ന് നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി അഞ്ഞൂറിലേറെ പോയിൻ്റ് കയറി 40,800-നു മുകളിലായി. പിന്നീട് അൽപം താണു. ധനകാര്യ കമ്പനികളും നേട്ടത്തിലാണ്. എൻപിഎയും വകയിരുത്തലും സംബന്ധിച്ച ആശങ്കകൾ കുറഞ്ഞതാണു കാരണം.
കഴിഞ്ഞ ദിവസം വലിയ നേട്ടം ഉണ്ടാക്കിയ ഫെഡറൽ ബാങ്ക് ഓഹരി ഇന്നു തുടക്കത്തിൽ രണ്ടര ശതമാനത്തിലധികം താണു. പിന്നീടു ബാങ്ക് സിഇഒ - എംഡി ശ്യാം ശ്രീനിവാസൻ ചാനലുകളിൽ വന്നു പാദ ഫലങ്ങൾ വിശദീകരിച്ചതോടെ ഓഹരി മൂന്നു ശതമാനം നേട്ടത്തിലായി.
സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയും രാവിലെ താണു. റിസൽട്ട് വരാനിരിക്കെ സിഎസ്ബി ബാങ്ക് ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
വായ്പാ തിരിച്ചടവിലെ കുറവ് എൽഐസി ഹൗസിംഗ് ഫിനാൻസിനെ ഇന്നും വലിച്ചു താഴ്ത്തി. രാവിലെ 2.75 ശതമാനം ഇടിഞ്ഞതോടെ ഒരാഴ്ചയിലെ നഷ്ടം 14 ശതമാനത്തോളമായി.
കഴിഞ്ഞയാഴ്ച വലിയ ഇടിവുണ്ടായ ഐഇഎക്സ് (ഇന്ത്യൻ എനർജി എക്സ്ചേഞ്ച്) ഇന്നും താഴോട്ടു പോയി. രാവിലെ മൂന്നര ശതമാനം താണതോടെ ഒരാഴ്ചകൊണ്ട് വിലയിടിവ് 20 ശതമാനം. കമ്പനി ഒന്നിന് രണ്ട് അനുപാതത്തിൽ ബോണസ് ഷെയറുകൾ നൽകുമെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
മുൻ വാരങ്ങളിൽ വലിയ കുതിപ്പിലായിരുന്ന ഐആർസിടിസി ഓഹരി ഇന്നു രാവിലെ 11 ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ചു ദിവസം കൊണ്ട് ഓഹരിവില 35 ശതമാനം താഴ്ചയിലായി.
ക്രൂഡ് ഓയിൽ വില ഏഴു വർഷത്തെ ഉയർന്ന നിലയിൽ എത്തി. ബ്രെൻ്റ് ഇനം 86.35 ഡോളർ കടന്നു. ഇനിയും ഉയരുമെന്നാണു സൂചന.
സ്വർണം രാജ്യാന്തര വിപണിയിൽ 1799-1800 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 35,880 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളിയാഴ്ചയ്ക്കു ശേഷം പവന് 240 രൂപ വർധിച്ചു.
ഡോളർ 14 പൈസ നേട്ടത്തോടെ 75.03 രൂപയിലെത്തി. ഡോളർ ഇനിയും മുകളിലേക്കു കയറുമെന്നാണു സൂചന.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it