സൂചികകള്‍ കുതിപ്പില്‍; രൂപയും ഉയരുന്നു

കഴിഞ്ഞ ആഴ്ചയിലെ നഷ്ടം നികത്താവുന്ന തരം തുടക്കമാണ് ഇന്ന് ഓഹരി വിപണി കുറിച്ചിരിക്കുന്നത്. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് മുഖ്യ സൂചികകള്‍ 1.2 ശതമാനം ഉയര്‍ന്നു. രൂപയും ഇന്നു നല്ല നേട്ടത്തിലായി.

ഐടി, ബാങ്കിംഗ്, ധനകാര്യ, വാഹന, ഫാര്‍മ, ഹെല്‍ത്ത്, എഫ്എംസിജി, മെറ്റല്‍, റിയല്‍റ്റി, മീഡിയ, ഓയില്‍ മേഖലകളെല്ലാം നേട്ടമുണ്ടാക്കി. കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മാത്രം നഷ്ടത്തിലാണ്.

ഇന്നു ഡിസംബര്‍ പാദത്തിലെ റിസല്‍ട്ട് പുറത്തു വിടാനിരിക്കെ ടിസിഎസിന്റെ ഓഹരി വില മൂന്നു ശതമാനത്തോളം ഉയര്‍ന്നു. മറ്റ് ഐടി കമ്പനികളും നേട്ടത്തിലാണ്. വ്യാപാരം അരമണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി ഐടി രണ്ടര ശതമാനം ഉയര്‍ന്നിട്ടുണ്ട്.

രണ്ടിലേറെ ഗ്രൂപ്പുകള്‍ ഓഹരി വാങ്ങാന്‍ താല്‍പര്യപത്രം നല്‍കിയതിനെ തുടര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ ഓഹരി മൂന്നു ശതമാനത്തോളം ഉയരത്തിലായി. ഡിസംബര്‍ പാദത്തില്‍ വില്‍പന ഗണ്യമായി വര്‍ധിച്ചതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് അഞ്ചു ശതമാനം ഉയര്‍ന്നു.

ഡോളര്‍ ഇന്നു ഗണ്യമായി താണു. ഡോളര്‍ സൂചിക താഴ്ന്നതാണു കാരണം. രാവിലെ 42 പൈസ നഷ്ടത്തില്‍ 82.30 രൂപയില്‍ ഡോളര്‍ വ്യാപാരം തുടങ്ങി. പിന്നീട് 82.35 രൂപയിലേക്കു കയറിയിട്ട് 82.28 രൂപയിലേക്കു താഴ്ന്നു.

സ്വര്‍ണം ലോക വിപണിയില്‍ 1879 ഡോളറിലേക്ക് ഉയര്‍ന്നു. ഡോളര്‍ സൂചികയിലെ ഇടിവു തന്നെ കാരണം. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ ഉയര്‍ന്ന് 41,280 രൂപയായി. 2020 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it