Begin typing your search above and press return to search.
ഓഹരി വിപണിയിൽ കരുത്തോടെ ആശ്വാസ റാലി; ജാഗരൺ പ്രകാശൻ ലിമിറ്റഡിൻ്റെ ഓഹരിവില ഉയരാൻ കാരണമെന്ത്?
ഉയർന്നു തുടങ്ങിയിട്ടു കൂടുതൽ ഉയരത്തിലേക്ക് നീങ്ങുകയാണ് ഇന്ന് ഓഹരികൾ. ആഗോള വിപണികളിലെ കുതിപ്പ് ഇവിടെ ശക്തമായ ആശ്വാസ റാലിക്കു പ്രചോദനമായി. മുഖ്യ സൂചികകൾ അര ശതമാനത്തിലധികം ഉയർന്നു.
മിഡ് ക്യാപ് - സ്മോൾ ക്യാപ് ഓഹരികൾ ഇന്നു തിരിച്ചുകയറി. മിഡ് ക്യാപ് സൂചിക 1.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.25 ശതമാനവും നേട്ടമുണ്ടാക്കി.
ഇന്നലെ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച ഐസിഐസിഐ ബാങ്കിൻ്റെ ഓഹരി ഇന്നു ലാഭമെടുക്കലിനെ തുടർന്ന് അൽപം താണു. ബാങ്ക് നിഫ്റ്റി തുടക്കത്തിൽ അൽപം താഴ്ന്നിട്ടാണ് നേട്ടത്തിലായത്.
മികച്ച റിസൽട്ടിനെ തുടർന്ന് സി എസ് ബി ബാങ്ക് ഓഹരി രണ്ടു ശതമാനത്തോളം കയറി. ധനലക്ഷ്മി ബാങ്ക് ഓഹരി 2.6 ശതമാനവും ഫെഡറൽ ബാങ്ക് 1.2 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.6 ശതമാനവും ഉയർന്നു.
മികച്ച തോതിൽ വരുമാനവും ലാഭവും വർധിപ്പിച്ച ജാഗരൺ പ്രകാശൻ ലിമിറ്റഡിൻ്റെ ഓഹരിവില ഇന്നു രാവിലെ 13 ശതമാനത്താേളം ഉയർന്നു.
മികച്ച റിസൽട്ട് പുറത്തിറക്കിയ ടെക് മഹീന്ദ്ര ഓഹരി ഇന്നു വിപണിയിൽ നല്ല നേട്ടമുണ്ടാക്കി. വില ഏഴു ശതമാനം ഉയർന്നു. കുറച്ചു ദിവസങ്ങളായി താഴോട്ടു നീങ്ങിയിരുന്ന മറ്റ് ഐടി ഓഹരികളും ഇതിൻ്റെ ചുവടുപിടിച്ചു നേട്ടത്തിലായി.
ലാഭ മാർജിൻ ചുരുങ്ങിയത് സിയറ്റിൻ്റെ ഓഹരിവില ആറു ശതമാനം താഴ്ത്തി. അപ്പോളോ, ജെകെ ടയേഴ്സ് എന്നിവയും താണു. എംആർഎഫും ബാലകൃഷ്ണാ ഇൻഡസ്ട്രീസും നേട്ടത്തിലാണ്.
ഏതാനും ദിവസങ്ങളായി ഇടിവിലായിരുന്ന ഐആർസിടിസി ഇന്ന് ആറു ശതമാനം തിരിച്ചു കയറി.
പ്രകൃതിവാതക വില ലോക വിപണിയിൽ 11 ശതമാനം വർധിച്ചു. ഇത് ക്രൂഡ് ഓയിൽ, കൽക്കരി വിലകളും ഉയരാനിടയാക്കി. നവംബർ ആദ്യം തന്നെ യുഎസിൽ ശൈത്യം ശക്തമാകുമെന്ന പ്രവചനമാണ് ഇതിലേക്കു നയിച്ചത്. മഹാനഗർ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് തുടങ്ങിയവയുടെ വില ഉയർന്നു. ടാറ്റാ പവർ, റിലയൻസ് പവർ, ജെപി പവർ, സിഇഎസ് സി തുടങ്ങിയവയും നേട്ടത്തിലായി.
മികച്ച വളർച്ച കാണിച്ച ഇൻഡസ് ടവേഴ്സ് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. പിന്നീടു നഷ്ടത്തിലായി.
കമ്പനിയുടെ വരുമാനവും ലാഭവും താഴോട്ടു പോയെങ്കിലും കൻസായ് നെരോലാക് ഓഹരി ഇന്നു മൂന്നു ശതമാനത്തോളം കയറി.
ലോക വിപണിയിൽ സ്വർണം വീണ്ടും താണു. രാവിലെ ഔൺസിന് 1809 ഡോളറിലായിരുന്ന മഞ്ഞലോഹം 1802 ഡോളറിലേക്കു തിരിച്ചിറങ്ങി. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 36,040 രൂപയായി. ജൂലൈ 30നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
Next Story
Videos