ടാറ്റ മോട്ടോഴ്സ് കുതിക്കുന്നു; കാരണം ഇതാണ്

റിക്കാർഡ് ഉയരത്തിലേക്കു കുതിച്ചു കയറി തുടക്കം. പിന്നീടു കൂടുതൽ ഉയരങ്ങളിലേക്കു മുഖ്യസൂചികകൾ നീങ്ങി. നിഫ്റ്റിക്കും സെൻസെക്സിനും പുറമെ ബാങ്ക് നിഫ്റ്റി, നിഫ്റ്റി മിഡ് ക്യാപ് സൂചിക, നിഫ്റ്റി സ്മോൾ ക്യാപ് സൂചിക തുടങ്ങിയവയും പുതിയ റിക്കാർഡ് നിലവാരത്തിലായി.

സെൻസെക്സ് 60,500 നു മുകളിൽ ഓപ്പൺ ചെയ്തപ്പോൾ നിഫ്റ്റി വ്യാപാരം കുറേ സമയം പിന്നിട്ടപ്പോൾ 18,100 നു മുകളിൽ കയറി. നിഫ്റ്റി ബാങ്ക് 38,700 നു മുകളിൽ എത്തി. മിഡ് ക്യാപ് സൂചിക 32,100 കടന്നു.
ടാറ്റാ മോട്ടോഴ്സിൻ്റെ വൈദ്യുത വാഹന ബിസിനസിൽ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരായ ടിപിജി 100 കോടി ഡോളർ നിക്ഷേപിക്കുന്നതായ വാർത്തയിൽ ഓഹരി കുതിച്ചു. 16 ശതമാനത്തിലേറെയാണ് ഇന്നു രാവിലെ വില ഉയർന്നത്. വിദേശ ബ്രോക്കറേജുകൾ ടാറ്റാ മോട്ടോഴ്സ് ഓഹരിക്ക് 565 രൂപ വരെ വില ലക്ഷ്യമിട്ടു. ഇന്നു രാവിലെ 502.9 രൂപ വരെ ഓഹരികയറി. ഒരു മാസം കൊണ്ട് 62.5 ശതമാനം വർധന ഓഹരിക്കുണ്ടായി.
അശോക് ലെയ്ലൻഡ് ഓഹരി ഏഴര ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി അഞ്ചു ശതമാനത്തോളവും ഉയർന്നു. നിഫ്റ്റി ഓട്ടോ സൂചിക 3.5 ശതമാനത്തോളം കയറി.
സീ എൻ്റർടെയ്ൻമെൻ്റും അതിലെ വലിയ നിക്ഷേപകരായ ഇൻവെസ്കാേയും തമ്മിലുള്ള പോരിൻ്റെ അണിയറക്കഥകൾ ഒന്നൊന്നായി പുറത്തു വരുന്നു. റിലയൻസിൻ്റെ മീഡിയ ഗ്രൂപ്പുമായി സീയെ ലയിപ്പിക്കാൻ ഇൻവെസ്കോ നിർദേശിച്ചിരുന്നു. സീ മാനേജ്മെൻറ് റിലയൻസുമായി ചർച്ച നടത്തുകയും ചെയ്തു. പിന്നീടു സീ അതിൽ നിന്നു മാറി. സോണിയുമായി ചർച്ച നടത്തി ധാരണ ഉണ്ടാക്കിയത് അതിനു ശേഷമാണ്. മാനേജ്മെൻറിനെ മാറ്റാൻ വേണ്ടി അസാധാരണ പൊതുയോഗത്തിനുള്ള സമ്മർദം ഇൻവെസ്കോ ശക്തമായി തുടരുകയാണ്. സീ ഓഹരികൾ ഇന്ന് മൂന്നു ശതമാനത്തോളം ഉയർന്നു.
ഇന്നു രണ്ടാം പാദ റിസൽട്ട് പുറത്തു വിടുന്ന ഇൻഫോസിസ് ടെക്നോളജീസിൻ്റെയും വിപ്രോയുടെയും ഓഹരി വില ചെറിയ തോതിൽ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവയുടെ വില ഇടിഞ്ഞതാണ്.
ക്രൂഡ് ഓയിൽ വില രാവിലെ ഇറങ്ങിക്കയറി. ബ്രെൻ്റ് ഇനം 83.1 ഡോളർ വരെ താണിട്ട് 83.3 ഡോളറിലേക്കു കയറി.
ഡോളറിനു മേൽ രൂപ നേട്ടമുണ്ടാക്കി. ഡോളർ 23 പൈസ നഷ്ടപ്പെടുത്തി 75.28 രൂപയാണു വ്യാപാരം തുടങ്ങിയത്.
ലോക വിപണിയിൽ സ്വർണവില ഔൺസിന് 1763 ഡോളറിലേക്കുയർന്നു. എന്നാൽ ഡോളർ നിരക്കു താണതിനാൽ കേരളത്തിൽ സ്വർണവില ഉയർന്നില്ല.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it