ഓഹരി വിപണി: ദശകത്തിലെ ഉയര്‍ന്ന നേട്ടം സമ്മാനിക്കുമോ?

കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും 2020 - 21 കാലഘട്ടം ഇന്ത്യയിലെ ഓഹരി വിപണികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി ഇതുവരെ 65 ശതമാനം നേട്ടമാണ് കൈവരിച്ചതെന്നു മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

2020 സാമ്പത്തിക വര്‍ഷം നിഫ്റ്റി 26 ശതമാനം ഇടിവ് രേഖപെടുത്തിയതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വര്‍ഷത്തിന്റെ അവസാന ആഴ്ചയില്‍ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ്.

എന്നാല്‍ 2010ല്‍ നിഫ്റ്റി ഉയര്‍ന്നത് 73.76 ശതമാനം ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതിനുശേഷം ഉള്ള ഒന്‍പത് വര്‍ഷങ്ങളില്‍ നിഫ്റ്റിയില്‍ ഒരു സാമ്പത്തിക വര്‍ഷം പരമാവധി നേട്ടമുണ്ടാക്കിയത് 2015ല്‍ ആയിരുന്നു; 26.65 ശതമാനം.

വിപണികള്‍ നിലവിലെ റാലി തുടരുകയാണെങ്കില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നേട്ടങ്ങള്‍ 2010നെക്കാള്‍ മികച്ചതായിരിക്കാം എന്നാണ് വിലയിരുത്തല്‍.

മാര്‍ക്കറ്റ് റാലിയില്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ (ഡിഐഐ) പിന്തുണ ഇല്ലെന്നതും രാജ്യത്തിന്റെ സാമ്പത്തിക സൂചികകള്‍ ദുര്‍ബലമായി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) വരവിനൊപ്പം ഡിഐഐകളും 2010 സാമ്പത്തിക വര്‍ഷത്തിലെ റാലിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എഫ്‌ഐഐകളും ഡിഐഐകളും വിരുദ്ധ ചേരികളിലാണ്.

ഇതുവരെ 2021 സാമ്പത്തിക വര്‍ഷത്തില്‍ എഫ്‌ഐഐകള്‍ ഏകദേശം 30 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചതെങ്കില്‍ 2010 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

അതെ സമയം 2021 സാമ്പത്തിക വര്‍ഷം ആരംഭം മുതല്‍ 1,18,371.30 കോടി രൂപയുടെ ഓഹരികള്‍ ഡിഐഐകള്‍ വില്‍ക്കുകയാണ് ചെയ്തതെങ്കില്‍ 2010 സാമ്പത്തിക വര്‍ഷം അവര്‍ 24,191.85 കോടി രൂപ നിക്ഷേപിച്ചു.

എന്നാല്‍ 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.7 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

ചെറിയ ഓഹരികള്‍ക്കും, FY21 FY10ന് ശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമായിരിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വരെ ബിഎസ്ഇ മിഡ് ക്യാപ്, ബിഎസ്ഇ സ്‌മോള്‍ ക്യാപ് എന്നിവ യഥാക്രമം 81 ശതമാനവും 97 ശതമാനവും ഉയര്‍ന്നു.

2010 സാമ്പത്തിക വര്‍ഷം ബിഎസ്ഇ മിഡ് ക്യാപ് 130 ശതമാനവും ബിഎസ്ഇ സ്‌മോള്‍ ക്യാപ് 161 ശതമാനവും ഉയര്‍ന്നിരുന്നു.

കോര്‍പറേറ്റ് വരുമാന വര്‍ധന, പ്രതീക്ഷിച്ചതിലും വേഗത്തില്‍ സാമ്പത്തിക പുനരുജ്ജീവിപ്പിക്കല്‍, ആഗോള പണലഭ്യത, കുറഞ്ഞ പലിശനിരക്ക് എന്നിവ കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ഓഹരി വിപണികളിലെ റാലി തുടരുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

കൂടാതെ ജനുവരി 16നു രാജ്യത്തു ആരംഭിക്കുന്ന വാക്‌സിന്‍ നടപടികള്‍ സാമ്പത്തിക രംഗത് ഒരു തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കുന്നു. ഒപ്പം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റും വളര്‍ച്ചക്ക് അനുകൂല നിലപാടുകള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Related Articles

Next Story

Videos

Share it