Begin typing your search above and press return to search.
ഓഹരി വിപണിക്ക് ഇന്ന് സമ്പൂർണ പ്രവൃത്തിദിനം; തിങ്കളാഴ്ച അവധി
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ (വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ്) നടക്കുന്ന ജനുവരി 22ന് (തിങ്കഴാഴ്ച) ഓഹരി വിപണിക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം, ഇന്ന് (ജനുവരി 20, ശനിയാഴ്ച) സാധാരണ പ്രവൃത്തിദിനത്തിലെന്ന പോലെ ഓഹരി വിപണിയില്‍ വ്യാപാരം നടക്കും. അതായത്, രാവിലെ 9 മുതല്‍ വൈകിട്ട് 3.30 വരെ ഓഹരി വ്യാപാരം ഇന്ന് നടക്കും.
ഓഹരി വിപണികളുടെ നിലവിലെ വ്യാപാര പ്ലാറ്റ്‌ഫോമായ പ്രൈമറി സൈറ്റില്‍ (PR) നിന്ന് ഡിസാസ്റ്റര്‍ റിക്കവറി (DR) സൈറ്റിലേക്ക് മാറുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ന് പ്രത്യേക വ്യാപാര സെഷന്‍ പ്രഖ്യാപിച്ചിരുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ പൊതു അവധി കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണിക്കും അവധി നല്‍കിയത്. ഇതിന് പകരമായാണ് ഇന്ന് സമ്പൂര്‍ണ വ്യാപാര ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കടപ്പത്ര വിപണിയും തിങ്കളാഴ്ച അടഞ്ഞുകിടക്കും.
തിങ്കളാഴ്ച എല്ലാവിധ കറന്‍സി വിനിമയ വിപണിക്ക് റിസര്‍വ് ബാങ്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ (govt securities), വിദേശ നാണയ വിനിമയം (Foreign exchange), റുപ്പി ഡെറിവേറ്റീവുകള്‍ തുടങ്ങിയ വിപണികള്‍ക്കാണ് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചത്. തീര്‍പ്പാക്കാനുള്ള ഇടപാടുകളുടെ നിര്‍ണയം ജനുവരി 23നും നടക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഉദാഹരണത്തിന് റിസര്‍വ് ബാങ്ക് ഇന്ന് സംഘടിപ്പിച്ച ത്രിദിന വേരിയബിള്‍ റേറ്റ് റിപ്പോ (VRR) ലേല നടപടികളുടെ തുടര്‍നടപടി 22ന് നടക്കേണ്ടതായിരുന്നു. ഇത് 23ലേക്ക് മാറ്റി.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, ഗോവ, മദ്ധ്യപ്രദേശ്, ഛത്തീസഗഢ്, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളും തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Videos