സ്ഥിരതയാര്‍ന്ന വീണ്ടെടുക്കൽ പ്രകടിപ്പിച്ച് ഓഹരി വിപണി, വ്യാപാരാന്ത്യത്തില്‍ നഷ്ടം കുറച്ചു; റെക്കോഡ് മുന്നേറ്റം തുടര്‍ന്ന് ജിയോജിത്

ദുർബലമായ ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും ബുധനാഴ്ച നഷ്ടത്തിലേക്ക് വീണു. നിഫ്റ്റിയില്‍ തുടര്‍ച്ചയായ 14 ദിവസത്തെ വിജയ പരമ്പരയാണ് ഇന്ന് അവസാനിച്ചത്.

ദുർബലമായ ആഗോള സെന്റിമെന്റ് മൂലം ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന തലങ്ങളിൽ ലാഭ ബുക്കിംഗിന് സാക്ഷ്യം വഹിച്ചതാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യാനുളള കാരണം.

സെൻസെക്‌സ് 0.25 ശതമാനം താഴ്ന്ന് 82,352.64ലും നിഫ്റ്റി 0.32 ശതമാനം ഇടിഞ്ഞ് 25,198.70ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 202.80 പോയിന്റും നിഫ്റ്റി 81.15 പോയിന്റും നഷ്ടം രേഖപ്പെടുത്തി.
ഏഷ്യൻ പെയിന്റ്സ് (2.50%), ഗ്രാസിം (1.91%), ഹിന്ദുസ്ഥാൻ യുണിലിവർ (1.71%), അൾട്രാടെക് (1.23%), സൺ ഫാർമ (1.19%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
വിപ്രോ (-3.06%), കോൾ ഇന്ത്യ (-2.81%), ഒ.എന്‍.ജി.സി (-2.27%), ഹിൻഡാൽകോ (-1.90%), എല്‍.ടി.ഇമൈൻഡ്ട്രീ (-1.15%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് നിഫ്റ്റി ഹെല്‍ത്ത് കെയര്‍, റിയാല്‍റ്റി, ഫാര്‍മ, എഫ്.എം.സി.ജി, മീഡിയ സൂചികകള്‍ മാത്രമാണ് പച്ചവെളിച്ചം കണ്ടത്. 0.82 ശതമാനത്തിന്റെ നേട്ടത്തോടെ ഹെല്‍ത്ത് കെയര്‍ നേട്ടങ്ങളുടെ പട്ടികയില്‍ മുന്നില്‍ നിന്നു.
നിഫ്റ്റി ഫാര്‍മ, റിയാലിറ്റി, എഫ്.എം.സി.ജി സൂചികകള്‍ യഥാക്രമം 0.74 ശതമാനത്തിന്റെയും 0.65 ശതമാനത്തിന്റെയും 0.41 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി പി.എസ്.യു ബാങ്ക് 1.69 ശതമാനത്തിന്റെ ഇടിവുമായി ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടു. 0.94 ശതമാനത്തിന്റെ ഇടിവുമായി നിഫ്റ്റി ഐ.ടിയാണ് തൊട്ടുപിന്നിലുളളത്. നിഫ്റ്റി മെറ്റല്‍ 0.75 ശതമാനത്തിന്റെയും പ്രൈവറ്റ് ബാങ്ക് 0.65 ശതമാനത്തിന്റെയും നിഫ്റ്റി ബാങ്ക് 0.56 ശതമാനത്തിന്റെയും നഷ്ടം നേരിട്ടു.

ബി.എസ്.ഇയിൽ വ്യാപാരം നടത്തിയ 4,032 ഓഹരികളില്‍ 2,103 ഓഹരികൾ നഷ്ടത്തിലായിരുന്നപ്പോള്‍ 1,826 ഓഹരികള്‍ നേട്ടത്തിലായിരുന്നു. 103 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 249 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 31 ഉം ആയിരുന്നു. 324 ഓഹരികൾ അപ്പർ സർക്യൂട്ടിലും 254 എണ്ണം ലോവർ സർക്യൂട്ടിലും വ്യാപാരം ചെയ്തു.

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) 1.4 ലക്ഷം കോടി രൂപയുടെ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നൽകിയതിന് ശേഷം ഡിഫന്‍സ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്ലിന്റെ 17 ലക്ഷം ഓഹരികളാണ് ബി.എസ്.ഇയിലും എൻ.എസ്.ഇയിലുമായി ബുധനാഴ്ച കൈമാറ്റം ചെയ്യപ്പെട്ടത്. കനത്ത ട്രേഡിംഗ് വോളിയത്തിനിടയിലും ഓഹരി വില ഉയര്‍ന്നു. ബി.ഇ.എം.എല്‍ ഓഹരി 6.68 ശതമാനം ഉയര്‍ന്ന് 4,108 രൂപയിലാണ് ക്ലോസ് ചെയ്തത്.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ബയോകോൺ, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഓഫർ ഫോർ സെയിൽ (OFS) വഴി ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏകദേശം 7 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനാൽ കമ്പനിയുടെ ഓഹരി 6 ശതമാനം ഇടിഞ്ഞു. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരി 397.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലായവര്‍

അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓഹരി 2 ശതമാനത്തിലധികം ഇടിഞ്ഞു. ക്രൂഡ് വിലയിലെ ഇടിവ് ഓയിൽ ഡ്രില്ലിംഗ് കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്, ഇത് അവരുടെ ലാഭവിഹിതം ചൂഷണം ചെയ്യുന്നു. ഒ.എന്‍.ജി.സി ഓഹരി 314.90 ലാണ് ക്ലോസ് ചെയ്തത്.

ഓയിൽ ഇന്ത്യ, ഫെഡറൽ ബാങ്ക്, ഫോർട്ടിസ് ഹെൽത്ത് കെയർ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

എണ്ണവിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിൽ എച്ച്.പി.സി.എല്‍ ഓഹരികൾ 4 ശതമാനത്തിലധികം കുതിച്ചുയർന്നു. ക്രൂഡ് വിലയിലെ ഇടിവ് എണ്ണ വിപണന കമ്പനികൾക്ക് ഗുണം ചെയ്യും. ഇത് അവരുടെ ഇൻപുട്ട് ചെലവ് കുറയ്ക്കുകയും ഉയർന്ന മാർജിൻ സൃഷ്ടിക്കുന്നതിന് കൂടുതൽ അവസരം നൽകുകയും ചെയ്യുന്നു. കുറഞ്ഞ ഇന്ധന വില ഉപഭോക്തൃ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വിൽപ്പന അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഈ കമ്പനികള്‍ക്കുളള വരുമാനം വര്‍ധിപ്പിക്കും.
നഷ്ടത്തിലായവര്‍

ഉയർന്ന ട്രേഡിംഗ് വോളിയത്തിന് ഇടയിലും ഈതർ ഇൻഡസ്ട്രീസ് ഓഹരി 5 ശതമാനം ഉയർന്നു. ഒരു മാസത്തെ ശരാശരിയായ 64,000 ഓഹരികളെ അപേക്ഷിച്ച് ബി.എസ്.ഇയിലും എൻ.എസ്.ഇയിലുമായി കമ്പനിയുടെ ഏകദേശം 5 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഈതർ ഇൻഡസ്ട്രീസ് ഓഹരി 934 രൂപയിലാണ് ക്ലോസ് ചെയ്തത്.

മുന്നേറ്റം നടത്തി ജിയോജിത്തും ഹാരിസണ്‍ മലയാളവും
കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 7.43 ശതമാനത്തിന്റെ ഉയര്‍ച്ചയോടെ നേട്ടങ്ങളുടെ നിരയില്‍ മുന്നിട്ടു നിന്നു. ജിയോജിത് 168.8 ലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ഹാരിസണ്‍സ് മലയാളം 6.41 ശതമാനത്തിന്റെയും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് 4.82 ശതമാനത്തിന്റെയും കിറ്റെക്സ് ഗാര്‍മെന്റ്സ് 4.06 ശതമാനത്തിന്റെയും നേട്ടം കാഴ്ചവെച്ചു.
കേരളാ സൂചികകളുടെ പ്രകടനം

ഫെഡറല്‍ ബാങ്ക് 3.27 ശതമാനം ഇടിവോടെ 188 ലാണ് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് 1.93 ശതമാനത്തിന്റെയും മുത്തൂറ്റ് ക്യാപിറ്റല്‍ 1.60 ശതമാനത്തിന്റെയും സി.എസ്.ബി ബാങ്ക് 1.13 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 2.68 ശതമാനത്തിന്റെ നേട്ടത്തോടെ 1931 ലും ഫാക്ട് 0.05 ശതമാനത്തിന്റെ നേട്ടത്തോടെ 998 ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ബി.പി.എല്‍, എ.വി.ടി, റബ്ഫില്ലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Related Articles

Next Story

Videos

Share it