Begin typing your search above and press return to search.
യു.എസ് ഫെഡ് നിരക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, എയര്‍ടെല്‍, എന്‍.ടി.പി.സി ഓഹരികള്‍ നേട്ടത്തില്‍, ജിയോജിത്തിന് നഷ്ടം
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബുധനാഴ്ചയാണ് (സെപ്റ്റംബര്‍ 18) ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്നത്. രാവിയെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വ്യാപാരം വേഗം താഴ്ചയിലായി. അര മണിക്കൂറിനകം വീണ്ടും നേട്ടത്തിലെത്തി. വില്‍പന സമ്മര്‍ദമായിരുന്നു ഈ ചാഞ്ചാട്ടത്തിനു പിന്നിലെ പ്രധാന കാരണം.
തുടര്‍ന്ന് നേരിയ നേട്ടത്തില്‍ വിപണി ചൊവാഴ്ച ക്ലോസ് ചെയ്യുകയായിരുന്നു. സെൻസെക്സ് 0.11 ശതമാനം ഉയര്‍ന്ന് 83,079.66 ലും നിഫ്റ്റി 0.14 ശതമാനം ഉയര്‍ന്ന് 25,418.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 90.88 പൊയിന്റിന്റേയും നിഫ്റ്റി 34 പോയിന്റിന്റേയും നാമമാത്ര നേട്ടമാണ് ചൊവാഴ്ച നേടിയത്.
ഹീറോ മോട്ടോകോർപ്പ് (3.25%), ബജാജ് ഓട്ടോ (2.02%), ഭാരതി എയർടെൽ (1.68%), എന്‍.ടി.പി.സി (1.19%), എം ആന്‍ഡ് എം (0.89%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്‌സ് (-1.36%), ഐഷർ മോട്ടോഴ്‌സ് (-1%), അദാനി പോർട്ട്‌സ് (-0.98%), കോൾ ഇന്ത്യ (-0.96%), ജെ.എസ്.ഡബ്ലിയു സ്റ്റീൽ (-0.88%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് മിക്ക സൂചികള്‍ക്കും ചെറിയ നേട്ടം മാത്രമാണ് നേടാനായത്. നിഫ്റ്റി സ്മാള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സ്മാള്‍ ക്യാപ് 0.37 ശതമാനത്തിന്റെയും മിഡ് ക്യാപ് 0.13 ശതമാനത്തിന്റെയും നഷ്ടം നേരിട്ടു.
നിഫ്റ്റി റിയാലിറ്റി സൂചിക 0.61 ശതമാനത്തിന്റെ ഉയര്‍ച്ചയോടെ നേട്ട പട്ടികയില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.49 ശതമാനത്തിന്റെയും നിഫ്റ്റി ഓട്ടോ 0.26 ശതമാനത്തിന്റെയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.17 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നഷ്ട പട്ടികയില്‍ 1.19 ശതമാനത്തിന്റെ ഇടിവുമായി നിഫ്റ്റി മീഡിയയാണ് മുന്നില്‍. നിഫ്റ്റി പി.എസ്.യു ബാങ്ക് 0.58 ശതമാനത്തിന്റെയും നിഫ്റ്റി മെറ്റല്‍ 0.42 ശതമാനത്തിന്റെയും നിഫ്റ്റി ഫാര്‍മ 0.28 ശതമാനത്തിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,034 ഓഹരികളില്‍ 2,229 ഓഹരികൾ നേട്ടത്തിലായിരുന്നപ്പോള്‍ 1,692 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 113 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 291 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 22 ഉം ആയിരുന്നു. അപ്പർ സർക്യൂട്ടിൽ 330 ഓഹരികളും ലോവർ സർക്യൂട്ടിൽ 206 ഓഹരികളും വ്യാപാരം നടത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ഓല ഇലക്ട്രിക് ഓഹരി വില 10 ശതമാനം വരെ ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. കമ്പനിയുടെ ഭാവിയിലെ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രധാന ആഗോള ബ്രോക്കറേജുകളായ ബാങ്ക് ഓഫ് അമേരിക്കയും ഗോൾഡ്മാൻ സാച്ച്സും ഓല ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഗോൾഡ്‌മാൻ സാച്ച്‌സ് ഓലയുടെ ഓഹരികൾ 160 ല്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നിലവിലെ വിലയിൽ നിന്ന് 35 ശതമാനം വർദ്ധനയാണ് ഇത്. ബാങ്ക് ഓഫ് അമേരിക്ക ഓഹരിയുടെ ലക്ഷ്യ വിലയായി കണക്കാക്കുന്നത് 145 രൂപയാണ്. 22 ശതമാനം മുകളിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക കണക്കാക്കുന്നത്. ഓഹരി 118 ലാണ് ക്ലോസ് ചെയ്തത്.
വരുൺ ബിവറേജസ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്, ഹീറോ മോട്ടോകോർപ്പ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടിവിഎസ് മോട്ടോർ കമ്പനിയുടെ ഓഹരി ചൊവാഴ്ച ഒരു ശതമാനം ഇടിവോടെ 2,806 രൂപയിലെത്തി. പുതുക്കിയ അപ്പാച്ചെ RR310 അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടും ഓഹരിക്ക് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
അപ്പാച്ചെയുടെ ക്വിക്ക് ഷിഫ്റ്ററുള്ള പതിപ്പിന് 2.92 ലക്ഷം രൂപയും ക്വിക്ക് ഷിഫ്റ്ററുള്ള ബോംബർ ഗ്രേ മോഡലിന് 2.97 ലക്ഷം രൂപയുമാണ് വില.
ബയോകോൺ, സുസ്ലോൺ എനർജി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
സ്പൈസ് ജെറ്റ് ഓഹരി ചൊവാഴ്ച 5 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനും കൂടുതൽ വിമാനങ്ങൾ ഇറക്കുന്നതിനും ഫണ്ട് നിക്ഷേപിക്കുന്നതിനും സ്പൈസ് ജെറ്റ് വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്. ക്യു.ഐ.പി വഴി 3,000 കോടി രൂപ സമാഹരിക്കാനുളള ഡയറക്ടര്‍ ബോർഡ് അനുമതിയാണ് കമ്പനിക്കുളളത്. ഓഹരി 73.72 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡറൽ റിസർവ് മോണിറ്ററി പോളിസി പ്രഖ്യാപനത്തിന് മുന്നോടിയായി ടെലികോം, ഓട്ടോ, കൺസ്ട്രക്ഷൻ ഓഹരികളാണ് പ്രധാനമായും ചൊവാഴ്ച നേട്ടം രേഖപ്പെടുത്തിയത്.
നഷ്ടത്തില്‍ മുന്നില്‍ ജിയോജിത്ത്
കേരളാ വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. മിക്ക കേരളാ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ടയര്‍ കമ്പനി ടോളിന്‍സ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 230 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയില്‍ 74.88 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്.
1982 ല്‍ സ്ഥാപിതമായ ടോളിന്‍സ് ടയേഴ്‌സിന്റെ ഐ.പി.ഒ 215-226 രൂപ പ്രൈസ് ബാന്‍ഡിലായിരുന്നു. കമ്പനിയുടെ ഓഹരി 5 ശതമാനം നഷ്ടത്തില്‍ 227 ലാണ് ക്ലോസ് ചെയ്തത്.
കേരളാ ആയുര്‍വേദ 1.99 ശതമാനത്തിന്റെയും കൊച്ചിന്‍ മിനറല്‍സ് 1.85 ശതമാനത്തിന്റെയും കല്യാണ്‍ ജുവലേഴ്സ് 1.54 ശതമാനത്തിന്റെയും ഈസ്റ്റേണ്‍ ട്രേഡേഴ്സ് 5.10 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ് യാര്‍ഡ് 1.84 ശതമാനത്തിന്റെ നഷ്ടത്തിലും ഫാക്ട് 0.97 ശതമാനത്തിന്റെ നഷ്ടത്തിലുമാണ് ചൊവാഴ്ച ക്ലോസ് ചെയ്തത്.
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഇന്ന് നഷ്ട പട്ടികയില്‍ മുന്നിട്ടു നിന്നത്. ജിയോജിത്ത് ഓഹരി 8 ശതമാനത്തിന്റെ നഷ്ടവുമായി 155 ലാണ് ക്ലോസ് ചെയ്തത്. ആഡ്ടെക് സിസ്റ്റംസ് 3.15 ശതമാനത്തിന്റെയും ആസ്പിന്‍വാള്‍ 2.19 ശതമാനത്തിന്റെയും കിറ്റക്സ് ഗാര്‍മെന്റ്സ് 2.93 ശതമാനത്തിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
പോപ്പീസ് കെയര്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, എ.വി.ടി, ബി.പി.എല്‍, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos