കനറാ ബാങ്കിന്റെ പിന്തുണയുള്ള ഈ ഭവനവായ്പ ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത

കനറാ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭവന വായ്പ കമ്പനിയാണ് കാന്‍ ഫിന്‍ ഹോംസ് (Can Fin Homes Ltd). 2023-24 ഡിസംബര്‍ പാദത്തില്‍ മൊത്തം വായ്പ 13 ശതമാനം വര്‍ധിച്ച് 34,053 കോടി രൂപയായി. അഞ്ച് പുതിയ ശാഖകള്‍ തുറന്നു. 2023 ഏപ്രില്‍ 28ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). 2023 ജൂലൈ 25ന് അന്നത്തെ ലക്ഷ്യ വിലയായ 708 രൂപ മറികടന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 905 രൂപയിലെത്തിയ ശേഷം വില ഇടിഞ്ഞു. ഡിസംബര്‍ പാദ പ്രവര്‍ത്തന ഫലവും ഭാവി വളര്‍ച്ചാ സാധ്യതകളും ഈ ഓഹരിയില്‍ നിക്ഷേപകരുടെ പ്രതീക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു.

1. ഭവന വായ്പ എടുത്തവരില്‍ 72 ശതമാനം ശമ്പള ജീവനക്കാരും പ്രൊഫഷണല്‍സുമാണ്. മൊത്തം വായ്പകളുടെ 89 ശതമാനം ഭവന വായ്പകളാണ്.
2. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകകളില്‍ നല്ല വര്‍ധനയുണ്ട്. 25 മുതല്‍ 30 ലക്ഷം രൂപ വയെുള്ള വായ്പകള്‍ കൂടുതല്‍ നല്‍കാന്‍ കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ ശരാശരി വായ്പ തുക 22 ലക്ഷമാണ്. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ ആദായം 9.91 ശതമാനമാണ്.
3. 85 ശതമാനം ബിസിനസും ഡയറക്ട് സെല്ലിംഗ് ഏജന്റ് വഴിയാണ് ലഭിച്ചിരുന്നത്. അത് 79 ശതമാനമായി കുറഞ്ഞു. ഡിജിറ്റല്‍ ചാനലുകള്‍ വഴി 40 ശതമാനം ബിസിനസ് നേടാന്‍ ലക്ഷ്യമിടുന്നു. മൊത്തം പ്രവര്‍ത്തന ചെലവായ 49.4 കോടി രൂപയില്‍ 6.5 കോടി രൂപ ഡയറക്ട് സെല്ലിംഗ് ഏജന്റുമാര്‍ക്ക് കമ്മീഷനായി നല്‍കിയതാണ്.
4. മൊത്തം കിട്ടാക്കടം 2023-24 മാര്‍ച്ച് പാദത്തില്‍ 20-30 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചേക്കും. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.80 ശതമാനമായി കുറയും (നിലവില്‍ 0.91%). വായ്പ പുനഃസംഘടിപ്പിക്കല്‍ വഴിയാണ് നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാന്‍ സാധിക്കുന്നത്.
5. 2023-24 മാര്‍ച്ച് പാദത്തില്‍ 2,500 കോടി രൂപ വായ്പ നല്‍കാന്‍ ഉദ്ദേശിക്കുന്നു അതിന് ശേഷമുള്ള പാദങ്ങളില്‍ 3,000 കോടി രൂപ വീതം വായ്പകള്‍ അനുവദിക്കും.
6. 2024-25ല്‍ വായ്പ ആസ്തിയില്‍ 15-18 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. അടുത്ത 4 വര്‍ഷം വായ്പ ആസ്തിയിലുള്ള സംയുക്ത വാര്‍ഷിക വരുമാന വളര്‍ച്ച 20 ശതമാനം കൈവരിക്കാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 960 രൂപ
നിലവില്‍ വില -766 രൂപ
Stock Recommendation by Systematix Institutional Equities.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it