കയറ്റുമതി കരാറുകള്‍ നേടി ഈ വാഹന ഘടക നിര്‍മാണ കമ്പനി, ഓഹരി കുതിക്കുമോ?

ഓട്ടോമൊബൈല്‍, പ്രതിരോധ മേഖലകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡിവ്ഗി ടോര്‍ക് ട്രാന്‍സ്ഫര്‍ സിസ്റ്റംസ് (Divgi Torq transfer Systems). 2023 മാര്‍ച്ചിലാണ് പ്രഥമ ഓഹരി വില്‍പ്പന നടത്തിയത്. 2023-24ല്‍ വരുമാനത്തില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചു. ഡിസംബര്‍ പാദത്തില്‍ വരുമാനം നാല് ശതമാനം വര്‍ധിച്ച് 67.67 കോടി രൂപയായി.

1. 2023-24ല്‍ പ്രതീക്ഷിച്ച വരുമാന വര്‍ധന നേടാന്‍ സാധിച്ചില്ല (പ്രതീക്ഷ 20 ശതമാനവും നേടിയത് 5 ശതമാനവുമാണ്). ടാറ്റാ മോട്ടോഴ്സ്വ വൈദ്യുത വാഹനങ്ങളുടെ ട്രാന്‍സ്മിഷന്‍ സംവിധാനം വാങ്ങുന്നത് കുറച്ചതാണ് പ്രധാന കാരണം. ഇത് മൂലം 16 കോടി രൂപയുടെ നഷ്ടം നേരിട്ടു. ഇത് കൂടാതെ വാഹനങ്ങളുടെ ട്രാന്‍സ്ഫര്‍ കേസ് ബിസിനസ്, പ്രതിരോധ ബിസിനസ് എന്നിവയില്‍ മാന്ദ്യം നേരിട്ടതും വരുമാന വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
2. നിലവില്‍ വൈദ്യുത വാഹന ഘടകങ്ങളുടെ ഉത്പാദന ശേഷി വിനിയോഗം 30 ശതമാനമാണ്. ജനുവരി മുതല്‍ ടാറ്റാ പഞ്ച്, മഹിന്ദ്ര ഇ-ജീത്തോ എന്നീ വാഹനങ്ങള്‍ക്ക് ഘടകങ്ങള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 2024-25 മുതല്‍ വൈദ്യുത വാഹന ഘടകങ്ങളുടെ ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു. വാഹനങ്ങളുടെ ട്രാന്‍സ്‌ഫര്‍ കേസ് നിര്‍മാണ വിഭാഗത്തില്‍ ശേഷി വിനിയോഗം 75 ശതമാനമാണ്. നാലു ചക്ര വാഹനങ്ങളിലെ നിര്‍ണായക ഘടകമാണ് ട്രാന്‍സ്‌ഫര്‍ കേസ്- ഇതാണ് എന്‍ജിനില്‍ നിന്നുള്ള ഊര്‍ജം പിന്‍ ആക്സിലുകളിലേക്ക് വിതരണം ചെയ്യുന്നത്.
3. ഇറക്കുമതി ചെയ്ത് അത്യാധുനിക നിര്‍മാണ ഉപകരണങ്ങള്‍ കമ്പനിക്ക് കരുത്ത് നല്‍കുന്നു. പബ്ലിക് ഇഷ്യൂ വഴി ലഭിച്ച തുകയില്‍ നിന്ന് 17.8 കോടി രൂപ മൂലധന ചെലവിലേക്കും ഗവേഷണ വികസനത്തിനും ഉപയോഗപ്പെടുത്തി.
4. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 31 ശതമാനം, അറ്റാദായത്തില്‍ 30 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കൂടുതല്‍ ഊന്നല്‍ കയറ്റുമതിക്കാണ് നല്‍കുന്നത്. നിലവില്‍ 90 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. 2023-24, 2024-25 കാലയളവില്‍ മൊത്തം മൂലധന ചെലവ് 150 കോടി രൂപ പ്രതീക്ഷിക്കുന്നു. പുതിയതായി കടം എടുക്കേണ്ട ആവശ്യമില്ല.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1283 രൂപ
നിലവില്‍- 749.40 രൂപ
Stock Recommendation by Centrum Broking.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it