വില്‍പ്പനയിലും ലാഭത്തിലും റെക്കോഡ്: ഈ ഓട്ടോ ഓഹരി മുന്നേറാം
ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ കാറുകള്‍ വിറ്റഴിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനിയാണ് മാരുതി സുസുക്കി (Maruti Suzuki Ltd). ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന് 56.2% ഓഹരി പങ്കാളിത്തമുണ്ട്. 2023 ഏപ്രില്‍ 12ന് ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Financial Services). അന്നത്തെ ലക്ഷ്യ വിലയായ 10,400 രൂപ കടന്ന ഓഹരി ഒക്ടോബര്‍ 27ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 10,846.10ലേക്ക് ഉയര്‍ന്നു. പിന്നീട് തിരുത്തല്‍ ഉണ്ടായെങ്കിലും 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തു വിട്ടത് മൂലം ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകാം:
1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 24.5% വര്‍ധിച്ച് 35,535 കോടി രൂപയായി. 5,50,000 വാഹനങ്ങള്‍ വിറ്റഴിച്ച് റെക്കോഡിട്ടു. വില്‍പ്പനയും വില്‍ക്കുന്ന വിലയും വര്‍ധിച്ചത് കമ്പനിക്ക് നേട്ടമായി. ശരാശരി വില്‍പ്പന വിലയില്‍ 15% വര്‍ധന ഉണ്ടായി. ആഭ്യന്തര വില്‍പ്പന 6.3% വര്‍ധിച്ച് 482,731 എണ്ണമായി. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 117.5% വര്‍ധിച്ച് 1,80,066 ആയി ഉയര്‍ന്നു. എസ്.യു.വി വിഭാഗത്തില്‍ വിപണി വിഹിതം ജൂണ്‍ പാദത്തില്‍ 20 ശതമാനമായിരുന്നത് 23.3 ശതമാനമായി ഉയര്‍ന്നു.
2. കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 9.7% വര്‍ധിച്ച് 69,324 വാഹനങ്ങളായി. ജിംനിയുടെ 5 വാതിലുകളുള്ള മോഡല്‍ ലാറ്റിന്‍ അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്ത് തുടങ്ങി. 2030-31ല്‍ 8 ലക്ഷം വാഹനങ്ങള്‍ ഒരു വര്‍ഷം കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.
3. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 72.8% വര്‍ധിച്ച് 4,784 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.80% ഉയര്‍ന്ന് 13.5 ശതമാനമായി. വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില കുറഞ്ഞതും മെച്ചപ്പെട്ട ചെലവ് മാനേജ്‌മെന്റ്, ശേഷി വിനിയോഗം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് മാര്‍ജിന്‍ മെച്ചപ്പെട്ടു.
4. സെപ്റ്റംബര്‍ പാദ അവസാനം മൊത്തം ഓര്‍ഡറുകള്‍ 2,50,000, ജൂണ്‍ പാദത്തില്‍ ഇത് 3,55,000 എണ്ണമായിരുന്നു. ഘടകങ്ങളുടേയും മറ്റു വസ്തുക്കളുടെയും ചെലവ് 2.6%, ജീവനക്കാരുടെ ചെലവ് 1%, മറ്റു ചെലവുകള്‍ 0.70% കുറഞ്ഞു.
5. സെമി കണ്ടക്റ്റര്‍ ലഭ്യതയിലെ പ്രതിസന്ധി മാറിയതും ഉത്സവ സീസണ്‍ ആരംഭിച്ചതും മാരുതി സുസുക്കിയുടെ പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. ഹ്രസ്വ കാലയളവില്‍ വില്‍പ്പനയും മാര്‍ജിനും മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 11,427 രൂപ
നിലവില്‍ - 10,307 രൂപ
വിപണി മൂല്യം - 3.11 ലക്ഷം കോടി രൂപ
Stock Recommendation by Geojit Securitise
(Equity investing is subject to market risk. Always do your own research or consult a financial expert before investing)