Begin typing your search above and press return to search.
അതിവേഗം വളരുന്ന സിമന്റ് കമ്പനി, ഓഹരിയില്‍ മുന്നേറ്റ സാധ്യത
പ്രമുഖ ഉപഭോക്തൃ ഉത്പന്ന നിര്‍മാതാക്കളായ നിര്‍മ 2014ല്‍ ആരംഭിച്ച സിമന്റ് കമ്പനിയാണ് നുവോക്കോ വിസ്റ്റാസ് കോര്‍പറേഷന്‍ ലിമിറ്റഡ്. ആദ്യ ഉത്പാദന കേന്ദ്രം രാജസ്ഥാനില്‍ ആരംഭിച്ച ശേഷം 2016, 2020 വര്‍ഷങ്ങളില്‍ രണ്ട് സിമന്റ് കമ്പനികള്‍ ഏറ്റെടുത്തു. നിലവില്‍ 11 ഉത്പാദന കേന്ദ്രങ്ങളിലായി 250 ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദന ശേഷി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ റെഡിമിക്‌സ് കോണ്‍ക്രീറ്റ് ഉത്പാദനവും നടത്തുന്നുണ്ട്.
1. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ പാദത്തില്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 55 ശതമാനം വര്‍ധിച്ച് 421 കോടി രൂപയായി. പ്രതി ടണ്‍ EBITDA കഴിഞ്ഞ 10 പാദങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി-1048 രൂപ. അസംസ്‌കൃത വസ്തുക്കള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ ചെലവ് കുറഞ്ഞത് കൊണ്ട് പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സാധിച്ചു. അസംസ്‌കൃത വസ്തുക്കളില്‍ സിമന്റ സ്ലാഗ്, ഫ്‌ളൈ ആഷ് എന്നിവയുടെ ചെലവ് മുൻപാദത്തേക്കാൾ 13 ശതമാനം കുറഞ്ഞു.
2. പ്രീമിയം സിമന്റ് ഉത്പാദനത്തിന് ഊന്നല്‍ നല്‍കുന്നതിനാല്‍ ഇപ്പോള്‍ മൊത്തം വിറ്റ സിമന്റിന്റെ 36 ശതമാനം പ്രീമിയം വിഭാഗത്തില്‍ നിന്നായിരുന്നു.
3. ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ സിമന്റ് ഡിമാന്‍ഡില്‍ 3 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. വടക്കേ ഇന്ത്യയില്‍ നുവോക്കോ സിമന്റ് ബ്രാന്‍ഡുകള്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. എന്നാല്‍ കിഴക്കന്‍ മേഖലയില്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വിപണി ദുര്‍ബലമായി.
4. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് കൊണ്ട് സിമന്റ് ഡിമാന്‍ഡ് വരുന്ന പാദങ്ങളില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഭാരത് മാല പദ്ധതി പ്രകാരം 3,000 കോടി രൂപയുടെ റോഡുകള്‍ പണിയാന്‍ ബാക്കിയുണ്ട്.
5. ഡിസംബര്‍ പാദ അവസാനം മൊത്തം കടം 632 കോടി രൂപ കുറയ്ക്കാന്‍ സാധിച്ചു. നിലവില്‍ കടം 4,533 കോടി രൂപയായി.
6. ഡിസംബര്‍ പാദത്തില്‍ ശരാശരി സിമന്റ് വില മുന്‍ പാദത്തേക്കാള്‍ 2.1% വര്‍ധിച്ചു. എന്നാല്‍ ഒക്ടോബറില്‍ ചാക്കിന് 8 രൂപ വരേയും നവംബറില്‍ 15 രൂപ വരെയും കുറഞ്ഞു. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് ചാക്കിന് 50 രൂപ കൂടുതല്‍ ലഭിക്കുന്നുണ്ട്.
7. ഹരിയാനയില്‍ പ്രതിവര്‍ഷം 12 ലക്ഷം ടണ്‍ അധിക ഉത്പാദന ശേഷി സ്ഥാപിച്ചു. മൊത്തം വാര്‍ഷിക ഉത്പാദന ശേഷി 250 ലക്ഷം ടണ്ണായി. നിലവില്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളാണ്. ഹൈദരാബാദില്‍ പുതിയ കോണ്‍ക്രീറ്റ് റെഡി മിക്‌സ് പ്ലാന്റ് സ്ഥാപിച്ചു. പൊതു തിരഞ്ഞെടുപ്പിന് ശേഷം വിപണി ഉണരുമെന്ന പ്രതീക്ഷയില്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 432 രൂപ
നിലവില്‍ വില- 344 രൂപ
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos