പുതിയ ഉൽപ്പാദന കേന്ദ്രം തുടങ്ങുന്നു, ലക്ഷ്യം 1000 കോടി വരുമാനം, ഈ എഞ്ചിനിയറിംഗ് കമ്പനി ഓഹരികൾ വാങ്ങാം

  • 1962 ൽ അരവിന്ദ് ഗ്രൂപ് സബ്സിഡിയറി കമ്പനിയായി ആരംഭിച്ച അനൂപ് എഞ്ചിനിയറിംഗ് കമ്പനി (The Anup Engineering Company Ltd ) 2017 ൽ അന്വേഷൻ ഹെവി എഞ്ചിനിയറിംഗ് ലിമിറ്റഡിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഈ പ്രോസസ്സ് എഞ്ചിനിയറിംഗ് കമ്പനി എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കൾ, ഫാർമ, വളങ്ങൾ, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ വ്യവസായങ്ങൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നുണ്ട്.
  • 2022-23 സെപ്റ്റംബർ പാദത്തിൽ വരുമാനം 13.4 % വർധിച്ച് 100.9 കോടി രൂപയായി, പലിശക്കും നികുതിക്കും മുൻപുള്ള മാർജിൻ (EBITDA margin) 13.4 % വർധിച്ച് 20.3 ശതമാനമായി. അറ്റാദായം 17.9 % കുറഞ്ഞ് 12.92 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് മൊത്തം മാർജിനിൽ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്.
    പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കുന്നതിലും, പുതിയ ഉൽപന്നങ്ങളും പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഈ കമ്പനി. ഗുജറാത്തിലെ ഖേദയിൽ പുതിയ ഉൽപ്പാദന കേന്ദ്രം നടപ്പ് സാമ്പത്തിക വർഷം നാലാം പാദത്തിൽ ആദ്യ ഘട്ടം പ്രവർത്തനം ആരംഭിക്കും. കൂടാതെ നിലവിലുള്ള ഉൽപ്പാദന കേന്ദ്രത്തിൽ വൃത്തിയുള്ള മുറി (clean room) സജ്ജമാക്കും. ഈ വികസന പ്രവർത്തികളിലൂടെ 2026 -ഓടെ 1000 കോടി വാർഷിക വരുമാനം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഖേദയിലെ പുതിയ ഉൽപ്പാദന കേന്ദ്രത്തിന് മൂന്ന് ഘട്ടങ്ങളിലായി 275 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു. 3 -4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും. ഇതിനായി 25 കോടി രൂപ ബാങ്ക് വായ്‌പ എടുത്തിട്ടുണ്ട്
  • നിലവിൽ 573 കോടി രൂപയുടെ ഓർഡറുകൾ ഉണ്ട്. ഇത് കൂടാതെ ആണവ ഊർജം, പ്രതിരോധം, ബഹിരാകാശ മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങൾ ലക്ഷ്യമിടുന്നു. അടുത്ത നാലു വർഷത്തിൽ വരുമാനത്തിൽ 25 -30 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും. കയറ്റുമതി, മെറ്റലർജി (metalurgy) വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദക്ഷിണ അമേരിക്ക, യൂറോപ്പ്, മധ്യ കിഴക്ക് മേഖലകളിൽ പുതിയ ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്. മൊത്തം വരുമാനത്തിൽ 80 % ആഭ്യന്തര വിപണിയിൽ നിന്നും ബാക്കി കയറ്റുമതിയിൽ നിന്നുമാണ് ലഭിക്കുന്നത്.
  • പുതിയ ഉൽപ്പന്നങ്ങൾ, പുതിയ ഉൽപ്പാദന കേന്ദ്രം, പുതിയ ബിസിനസ് സാധ്യതകൾ എന്നിവ പരിഗണിച്ചാൽ അനൂപ് എഞ്ചിനിയറിംഗ് കമ്പനിയുടെ സാമ്പത്തിക വളർച്ച അടുത്ത നാലു വർഷത്തിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 1080 രൂപ

നിലവിൽ 857.

Stock Recommendation by ICICI Direct Research.


Related Articles
Next Story
Videos
Share it