ഇപ്പോള്‍ നിക്ഷേപിക്കാം ഈ ഫാര്‍മ കമ്പനിയില്‍

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് ഇപ്പോള്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ കമ്പനിയാണ്. തെലങ്കാനയിലെ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഢീസ് 190 ലേറെ മരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്. 60 ലേറെ എപിഐകളുണ്ട്. അതുപോലെ തന്നെ ഡയഗണോസ്റ്റിക് കിറ്റുകളും ബയോടെക്‌നോളജി ഉല്‍പ്പന്നങ്ങളും കമ്പനിക്കുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഡോ. റെഡ്ഢീസിന്റെ വരുമാനം 4,768 കോടി രൂപയായിരുന്നു. തൊട്ടുമുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധന. എന്നാല്‍ തൊട്ടുമുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 3.5 ശതമാനം കുറവുണ്ടായി. വൊക്കാര്‍ഡ് ഏറ്റെടുക്കലോടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഉല്‍പ്പന്ന ശ്രേണി വരുമാന വര്‍ധനയ്ക്ക് സഹായകരമായിട്ടുണ്ട്.

91. 6 ശതമാനം ഫലസിദ്ധിയുള്ള സ്പുട്‌നിക് V വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ അനുമതി ഏപ്രില്‍ ലഭിച്ചത് കമ്പനിക്ക് നേട്ടമായിട്ടുണ്ട്. 250 ദശലക്ഷം ഡോസുകള്‍ക്ക്, അതായത് 125 ദശലക്ഷം രോഗികള്‍ക്കായുള്ളതിന്, കമ്പനിക്ക് അനുമതി നല്‍കി. കോവിന്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിന്‍ ലഭ്യമാകും. അപ്പോളോ ഹോസ്പിറ്റല്‍സുമായി വാക്‌സിനേഷന്‍ ധാരണയിലും എത്തിയിട്ടുണ്ട്. ജൂണ്‍ മധ്യത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ കോവിഡ് 19 ചികിത്സയ്ക്കുള്ള 2 - ഡിയോക്‌സി - ഡി - ഗ്ലൂക്കോസ് (2DG) യുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഡോ. റെഡ്ഢീസ് ലാബ് നോര്‍ത്ത് അമേരിക്കയില്‍ ആറും ജര്‍മനിയില്‍ മൂന്നും യുകെയില്‍ നാലും ഇറ്റലിയില്‍ ഒന്നും സ്‌പെയ്‌നില്‍ രണ്ടും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. മാത്രമല്ല യുഎസില്‍ അനുമതിക്കായി ഈ ത്രൈമാസത്തില്‍ നിരവധി ഡ്രഗ് മാസ്റ്റര്‍ ഫയലുകളും ഫോര്‍മുലേഷന്‍ പ്രോഡക്റ്റുകളും സമര്‍പ്പിച്ചിട്ടുമുണ്ട്.

വോക്കാര്‍ഡിന്റെ ഏറ്റെടുക്കല്‍ ദീര്‍ഘകാലത്തേക്ക് കമ്പനിക്ക് നേട്ടമാകും. അതുപോലെ അമേരിക്കയിലേക്കുള്ള ഉല്‍പ്പന്ന ശ്രേണിയും ശക്തമാണ്. സ്പുട്‌നിക് വാക്‌സിനും ബയോസിമിലര്‍ പ്രോഡക്റ്റുകളും ഓങ്കോളജി രോഗികള്‍ക്കുള്ള സെല്‍ തെറാപ്പികളും കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാകും. അതുകൊണ്ട് തന്നെ ഡോ. റെഡ്ഢീസ് നിക്ഷേപയോഗ്യമായ കമ്പനിയാണ്. ടാര്‍ഗറ്റ് പ്രൈസ്: 6,209 രൂപ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it