ഇപ്പോള്‍ നിക്ഷേപിക്കാം മജെസ്‌കോ ലിമിറ്റഡില്‍

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പലമടങ്ങ് നേട്ടം സമ്മാനിച്ചേക്കാവുന്ന ഓഹരിയാണ് ഈയാഴ്ച നിര്‍ദേശിക്കുന്നത്. മുന്‍പ് ക്ലൗഡ് ഇന്‍ഷുറന്‍സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍ രംഗത്തെ ആഗോള വമ്പനായിരുന്ന മജെസ്‌കോ ലിമിറ്റഡാണ് ആ കമ്പനി.

സമീപകാലത്തുണ്ടായ ചില സുപ്രധാന നീക്കങ്ങള്‍ ഈ കമ്പനി നിക്ഷേപകര്‍ക്ക് ഒരു മള്‍ട്ടിബാഗര്‍ ആകാനിടയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
കമ്പനിയുടെ കഥ
നേരത്തെ സൂചിപ്പിച്ചതുപോലെ ക്ലൗഡ് ഇന്‍ഷുറന്‍സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് രംഗത്തെ ആഗോള വമ്പന്മാരായിരുന്ന മജെസ്‌കോ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനിയുടെ യുഎസ് ഉപകമ്പനിയായ മജെസ്‌കോ യുഎസിനെ അമേരിക്ക ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിന് 2020 ജൂലൈയില്‍ വിറ്റു. മജെസ്‌കോ യുഎസില്‍ മജെസ്‌കോ ലിമിറ്റഡിന് 74 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഈ ഉപകമ്പനി വഴിയാണ് കമ്പനിയുടെ 99 ശതമാനം വരുമാനവും വന്നിരുന്നത്. ഈ വില്‍പ്പന വഴി ലഭിച്ച പണം ഓഹരി ബൈബാക്ക് വഴിയും ഡിവിഡന്റ് വിതരണം വഴിയും നിക്ഷേപകര്‍ക്ക് കമ്പനി വീതിച്ചു നല്‍കുകയും ചെയ്തു. കമ്പനിയുടെ സുതാര്യമായ പ്രവര്‍ത്തന ശൈലിയും നിക്ഷേപക സൗഹൃദ മനോഭാവവും നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാകാന്‍ സഹായിച്ചു.

കമ്പനിയുടെ കൈവശം കുറച്ചധികം റിയല്‍ എസ്റ്റേറ്റ് ആസ്തികളുമുണ്ട്. നവി മുംബൈയില്‍ 1,20,000 ചതുരശ്രയടിയില്‍ ഏഴ് നിലക്കെട്ടിടമുണ്ട്. അതിനടുത്തായുള്ള സ്ഥലത്ത് 45,000 ചതുരശ്രയടിയുള്ള കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു.

മജെസ്‌കോയുടെ ക്ലൗഡ് ഇന്‍ഷുറന്‍സ് സോഫ്റ്റ് വെയര്‍ ബിസിനസ് ഏതാണ്ട് പൂര്‍ണമായും വില്‍പ്പന നടത്തിയ ശേഷം പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാനിച്ച ഘട്ടത്തില്‍ ഈ വര്‍ഷമാദ്യം മജെസ്‌കോയുടെ പ്രമോട്ടറുടെ കൈയിലുണ്ടായിരുന്ന ഏതാണ്ട് മുഴുവന്‍ ഓഹരികളും ഓറം വെഞ്ച്വേഴ്‌സ് വാങ്ങി. ഇക്കഴിഞ്ഞ ജൂണോടെ കമ്പനിയുടെ നിയന്ത്രണം ഓറം വെഞ്ചേഴ്‌സില്‍ നിക്ഷിപ്തമായിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍, കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ മാറ്റം വരുത്തി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സമഗ്രമായ വാല്യു ചെയ്ന്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ & ടെക്‌നോളജി ഇക്കോസിസ്റ്റമുണ്ടാക്കുക എന്നത് കൂടി ചേര്‍ത്തു.

അതേ മീറ്റിംഗില്‍ തന്നെ പൂനൈ ആസ്ഥാനമായുള്ള K2V2 ടെക്‌നോളജീസിനെ ഏറ്റെടുക്കാനും ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് ( SaaS) പ്രോഡക്റ്റ്‌സ്, സേവനങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ലക്ഷ്യമിട്ടുള്ള എന്റര്‍പ്രൈസ് സോഫ്റ്റ് വെയറുകള്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാ K2V2.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഡിജിറ്റല്‍ രൂപാന്തരീകരണം ലക്ഷ്യമിട്ടുള്ള നിക്ഷേപമാണ് കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഈ ഏറ്റെടുക്കലിലൂടെ മജെസ്‌കോ രാജ്യത്തെ ആദ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ടെക്‌നോളജി ഇക്കോസിസ്റ്റം സൃഷ്ടാക്കളായി മാറാനുള്ള ദിശയിലേക്കാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

നിലവില്‍ മജെസ്‌കോയുടെ ഓഹരി വില 91 രൂപയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്താവുന്നവര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചേക്കാവുന്ന കമ്പനിയാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it