ഉയര്‍ന്ന മാര്‍ജിനുള്ള ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കമ്പനി, ഈ ഓഹരി 17 % ഉയരാം
പ്രമുഖ ഓട്ടോമൊബൈല്‍ ഗിയര്‍ നിര്‍മാണ കമ്പനിയാണ് ആര്‍എസിഎല്‍ ഗിയര്‍ടെക്ക് (RACL Geartech Ltd). ഉയര്‍ന്ന മാര്‍ജിന്‍ ഉള്ള ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്. 65 മുതല്‍ 70 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുകയാണ് കമ്പനി. ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഓസ്ട്രിയ, തായ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി. 2022 -23 സെപ്റ്റംബറില്‍ വരുമാനം 27 % വര്‍ധിച്ച് 87.68 കോടി രൂപയായി.
അറ്റാദായം 6.54 കോടി രൂപയില്‍ നിന്ന് 9.86 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 23ല്‍ നിന്ന് 26 ശതമാനമായി. ചേസിസ്, സസ്പെന്‍ഷന്‍, സ്റ്റിയറിംഗ് ഘടകങ്ങള്‍ തുടങ്ങിയവുടെ ഉല്‍പ്പാദനവും ആരംഭിച്ചിട്ടുണ്ട്. പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും വേണ്ടിയാണ് ഘടകങ്ങള്‍ നിര്‍മിക്കുന്നത്. ഇസഡ് എഫ് (ZF) എന്ന പ്രമുഖ ലോക ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട് നിര്‍മാതാക്കള്‍ക്ക് ഘടകങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ട്. ഈ കമ്പനിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വര്‍ധിക്കുകയാണ്.
പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതനുസരിച്ചാണ് ഉല്‍പ്പാദന ശേഷി വര്‍്ധിപ്പിക്കുന്നത്. അതിനാല്‍ ശേഷി നിഷ്‌ക്രിയമായി കിടക്കുന്നില്ല. 440 സി സി എഞ്ചിനുള്ള ഇറ്റാലിയന്‍ മോട്ടോര്‍ ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കുന്നുണ്ട് -അതിന്റെ ഘടകങ്ങള്‍ നല്‍കുന്നത് ആര്‍എസിഎല്ലാണ്. യൂറോപ്പില്‍ ഊര്‍ജ പ്രതിസന്ധി ഉണ്ടായത് മൂലം ഓട്ടോമൊബൈല്‍ കമ്പനികള്‍ ഘടകങ്ങളുടെ ഉല്‍പാദനം കുറച്ചുകൊണ്ട് ഔട്ട് സോഴ്‌സ് ചെയ്യുകയാണ്. ചെലവ് കുറയ്ക്കാനും, ഊര്‍ജ പ്രതിസന്ധി നേരിടാനും ഘടകങ്ങളുടെ ഉല്‍പ്പാദന ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ക്ക് നല്‍കുകയാണ് ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടമാകും.
മൂലധന നിക്ഷേപം ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ച് നടത്തുന്നതിനാല്‍ അനാവശ്യ കടം ഒഴിവാക്കാന്‍ സാധിക്കും. 2022 -23 ല്‍ 60 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത ഇരുചക്ര വാഹന വിപണിയുടെ 2 % വിഹിതം ആര്‍എസിഎല്ലിന് ഉണ്ട്. ഇത് 4 ശതമാനമായി വര്‍ധിക്കും. ഇവി നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നു.
പ്രമുഖ ആഡംബര ഇരു ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് ഘടകങ്ങള്‍ നല്‍കുന്നുണ്ട്. ഓട്ടോമൊബൈല്‍ വില്‍പ്പന കുറയുന്നതും, അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും ബിസിനസിനെ ബാധിക്കാം. 2024 -25 ല്‍ വിറ്റുവരവ് 500 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു (2021 -22 ല്‍ 270 കോടി രൂപ). നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില 855, നിലവില്‍ 737.45 രൂപ.
Stock Recommendation by HDFC Securities