കൈനിറയെ ഓര്‍ഡറുകളുമായി ഒരു ടെലികോം വമ്പന്‍, ഓഹരി 24% ഉയരാന്‍ സാധ്യത

ടെലികോം കമ്പനികള്‍ക്ക് ഡിജിറ്റല്‍, ഒപ്റ്റിക്കല്‍ ശൃംഖലകള്‍ സ്ഥാപിച്ചു നല്‍കുന്ന വമ്പനാണ് സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് (Sterlite Technologies Ltd). നിലവില്‍ 11,697 കോടി രൂപയുടെ ഓര്‍ഡറുകള്‍ കമ്പനി നടപ്പാക്കാനുണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ ഈ കമ്പനിയുടെ വരുമാനം 17% ഉയര്‍ന്ന് 1768 കോടി രൂപയായി. ഒപ്റ്റിക്കല്‍ ഫൈബര്‍ ഉല്‍പ്പന്നങ്ങളുടെ ബിസിനസില്‍ 15% വളര്‍ച്ച (ത്രൈമാസം) കൈവരിച്ചു.

മൊത്തം വരുമാനത്തിന്റെ 70% അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു. അമേരിക്കന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വിപണിയുടെ 14% കരസ്ഥമാക്കാന്‍ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസിന് സാധിച്ചിട്ടുണ്ട്. നികുതിക്കും പലിശക്കും മുമ്പുള്ള വരുമാനം 70% (ത്രൈമാസത്തില്‍) വര്‍ധിച്ച് 202 കോടി രൂപയായി.
5ജി ശൃംഖലകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം വീടുകളിലേക്ക് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സ്റ്റെര്‍ലൈറ്റ്. ഇന്ന് ഫൈബര്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന പരിശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. അടുത്ത 2 -3 വര്‍ഷത്തില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ 2 ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖല സ്ഥാപിക്കും. ഇതിന് മൊത്തം ചെലവാകുന്നത് 2.5 ശതകോടി ഡോളറാണ്. ഇത് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന് വലിയ അവസരങ്ങളാണ് തുറന്നു കൊടുക്കുന്നത്.
3200 കോടി രൂപയുടെ ഓര്‍ഡറുകളോടെ കമ്പനിക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത് സെപ്റ്റംബര്‍ പാദത്തിലായിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ ടെലികോം കമ്പനികളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇന്റ്റര്‍കണക്ട് എന്ന യൂറോപ്യന്‍ കമ്പനിയുടെ വലിയ ഓര്‍ഡര്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ അമേരിക്കന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വിപണിയുടെ 14% കരസ്ഥമാക്കാന്‍ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസിന് സാധിച്ചിട്ടുണ്ട്. 2023 -24 കാലയളവില്‍ വരുമാനത്തില്‍ 21.4% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മാര്‍ജിന്‍ 15 ശതമാനമായി ഉയരും.
നിലവില്‍ നഷ്ടത്തിലായിരുന്ന ഐ ഡി എസ് (intrusion detection software) ബിസിനസ് മറ്റൊരു കമ്പനിക്ക് കൈമാറി. 80% ഓഹരികള്‍ വില്‍ക്കുന്നത് വഴി 9 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് ലഭിക്കും. 2022 -23 ല്‍ മൊത്തം മൂലധന ചെലവ് 500 കോടി രൂപയാണ്. ഇതില്‍ 247 കോടി രൂപ ഇതിനോടകം ചെലവഴിച്ചിച്ചുണ്ട്. ആഗോള തലത്തില്‍ 5 ജി ടെലികോം ശൃംഖലകള്‍ വ്യാപിക്കുന്നതുകൊണ്ടും, മികച്ച ഓര്‍ഡര്‍ ബുക്കിങ്, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യം എന്നിവ ഉള്ളത് കൊണ്ടും സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 220 രൂപ

നിലവില്‍ - 177 രൂപ.

( Stock Recommendation by ICICI Direct Research )


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it