Begin typing your search above and press return to search.
വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ ഘടകങ്ങള്‍ പുറത്തിറക്കുന്നു, ഈ ഓഹരി മുന്നേറുമോ?
വൈവിധ്യമാര്‍ന്ന ഓട്ടോ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് യൂനോ മിന്‍ഡാ (UNO Minda Ltd). പ്രധാനമായും സ്വിച്ചുകള്‍, ഹോണ്‍, ലൈറ്റുകള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. സ്വിച്ച് വിഭാഗത്തില്‍ 67% വിപണി വിഹിതവുമായി നേതൃ സ്ഥാനത്താണ് കമ്പനി. മെച്ചപ്പെട്ട സെപ്റ്റംബര്‍പാദ പ്രവര്‍ത്തന ഫലം, ഇപ്പോള്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത ഉണ്ട്.
1. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 3,621 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 26% വര്‍ധിച്ച് 402 കോടി രൂപയിലുമെത്തി. EBITDA മാര്‍ജിന്‍ 11% നിലനിര്‍ത്താന്‍ സാധിച്ചു. ഇരുചക്ര, നാലു ചക്ര വാഹന വിഭാഗത്തില്‍ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടത്താന്‍ സാധിച്ചതാണ് വരുമാന നേട്ടത്തിന് കാരണം.
2. ഓരോ വാഹനത്തിലും ഉപയോഗിക്കുന്ന കമ്പനിയുടെ ഘടകങ്ങളില്‍ 10-15% വളര്‍ച്ച നേടാന്‍ സാധിച്ചു. ട്രാക്ഷന്‍ മോട്ടോറുകള്‍ വികസിപ്പിച്ചത് കൊണ്ട് ഒരു വൈദ്യുത ഇരുചക്ര/ മുച്ചക്ര വാഹനത്തിന് നല്‍കുന്ന കിറ്റിന്റെ മൂല്യം 61,500 രൂപയായി ഉയരും. വൈദ്യുത വാഹന വിഭാഗത്തില്‍ 3,043 കോടി രൂപയുടെ വാര്‍ഷിക ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.
3. 2023-24ല്‍ മൂലധന ചെലവ് 750 കോടി രൂപയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലൈറ്റിംഗ്, സ്വിച്ച് ബിസിനസില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നി രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ബിസിനസ് പ്രതീക്ഷിക്കുന്നു. പുതിയ ഉത്പന്നങ്ങളായ അലോയ് ചക്രങ്ങള്‍, ലൈറ്റുകള്‍, എയര്‍ ബാഗ്, സീറ്റുകള്‍ തുടങ്ങിയവ കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും. വാഹന സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി എയര്‍ബാഗ് നിര്‍ബന്ധമാക്കിയതിന്റെ ഗുണം നേടാന്‍ ലക്ഷ്യമിട്ട് എയര്‍ബാഗ് നിര്‍മാതാക്കളായ ടൊയോട്ട കോസെയ് മിന്‍ഡാ ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തില്‍ കമ്പനി 175 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും.
4. നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വിലസ്ഥിരത, ശക്തമായ ബാലന്‍സ് ഷീറ്റ്, തുടര്‍ച്ചയായി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കമ്പനിയുടെ പ്രവര്‍ത്തന ഫലം മെച്ചപ്പെടുത്തും. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 23% സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില- 745 രൂപ
നിലവില്‍ വില- 675 രൂപ
Stock Recommendation by Geojit Financial Services Ltd.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos