വിപണി പ്രതീകൂലമെങ്കിലും 100 രൂപയില്‍ താഴെയുള്ള ഈ ഓഹരി വിട്ടുകളയേണ്ടെന്ന് വിദഗ്ധര്‍!

ഓഹരിവിപണി അത്ര നല്ല ദിശയിലല്ല ഈ ദിവസങ്ങളിലെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷകള്‍ കൈവിടുന്നില്ല. ദീര്‍ഘകാല ഓഹരികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് മികച്ച സ്‌റ്റോക്കുകള്‍ വിപണിയുടെ ഇടിവിലും വാങ്ങാന്‍ കഴിയുന്നത്. എന്നാല്‍ ഓഹരിയെക്കുറിച്ചും കമ്പനിയുടെ വിവിധ കാലഘട്ടത്തിലെ പെര്‍ഫോമന്‍സിനെക്കുറിച്ചും പഠിച്ചതിനുശേഷം മാത്രമേ ഓഹരികള്‍ വാങ്ങാവൂ എന്ന നിര്‍ദേശവും വിദഗ്ധര്‍ നല്‍കുന്നു.

വെള്ളിയാഴ്ച നിഫ്റ്റിയും ഏറെ നിര്‍ണായക നിലവാരമായ 17,000 താഴെയായാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും നിലവിലെ തിരുത്തല്‍ താത്കാലികം മാത്രമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അടിസ്ഥാനപരമായ മികച്ച ഓഹരികളില്‍ കണ്ടെത്തി നിക്ഷേപം പരിഗണക്കാമെന്നും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിംഗ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി 25 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന സിമന്റ് ഓഹരിയും അവര്‍ ഉദാഹരണമായി നല്‍കിയിട്ടുണ്ട്.
നിലവില്‍ 93.60 രൂപയിലാണ് സ്റ്റാര്‍ സിമന്റിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 118 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിംഗ് നിര്‍ദേശമനുസരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 12 മാസത്തിനകം 25 ശതമാനം നേട്ടം ഈ ഓഹരി കരസ്ഥമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരാണ് സ്റ്റാര്‍ സിമന്റ് ലിമിറ്റഡ്. 2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ന്യായമായ വിലയും ഗുണമേന്മ കൊണ്ടും മേഖലയിലെ ജനപ്രീതിയാര്‍ജിച്ച സിമന്റ് കമ്പനിയാണിത്. ആസാമിലെ ഗ്വാഹട്ടിയിലും പശ്ചിമ ബംഗാളിലും സിമന്റ് ഉല്‍പ്പാദന ശാലകളുണ്ട്. പോര്‍ട്ട്ലാന്റ് സിമന്റ്, പോര്‍ട്ട്ലാന്റ് പൊസോലന സിമന്റ്, പോര്‍ട്ട്ലാന്റ് സ്ലാഗ് സിമന്റ്, ആന്റി റസ്റ്റ് സിമന്റ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സിമന്റ് പുറത്തിറക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 3,897 കോടി രൂപയാണ്.
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 415.26 കോടി രൂപയാണ് സ്റ്റാര്‍ സിമന്റ്സ് ലിമിറ്റഡ് വരുമാനം നേടിയത്. ഇത് മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ഇടിവാണ് കാണിക്കുന്നത്. രണ്ടാം പാദത്തില്‍ 46.53 കോടി രൂപയാണ് അറ്റാദായം നേടിയത്. ലാഭത്തിലും 31 ശതമാനം ഇടിവുണ്ട്. പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനിലും ഇടിവുണ്ട്.

(ഇതൊരു ഓഹരി നിര്‍ദേശമല്ല, മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ അധികരിച്ച് തയ്യാറാക്കിയ വാര്‍ത്ത മാത്രമാണ്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it