Begin typing your search above and press return to search.
രാജ്യത്ത് ആറ് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് പതിനായിരം എംഎസ്എംഇകള്‍!
കോവിഡ് മഹാമാരിക്കാലം ഉള്‍പ്പെടെയുള്ള, കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് അടച്ചുപൂട്ടിയത് പതിനായിരത്തിലധികം എംഎസ്എംഇകള്‍. ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ നിന്നും മുന്‍ ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടത്തില്‍ നിന്നുമുള്ള (UAM) സംയോജിത ഡാറ്റയനുസരിച്ചാണ് ഈ കണക്കുകള്‍. ഡാറ്റ പ്രകാരം, 2016 മുതല്‍ 2022 വരെ 10,067 എംഎസ്ഇകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്.
അതേസമയം, 2016-2019 വര്‍ഷങ്ങളില്‍ ആകെ 400 എംഎസ്എംഇകള്‍ക്കായിരുന്നു താഴിട്ടത്. ഇത് മൊത്തം അടച്ചുപൂട്ടലുകളുടെ നാല് ശതമാനമാണ്. അതായത്, കഴിഞ്ഞആറ് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയ പതിനായിരം എംഎസ്എംഇകളില്‍ 96 ശതമാനത്തിലധികവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലാണ്. എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ രേഖാമൂലം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2019 നും 2022 നും ഇടയില്‍ 9,667 എംഎസ്എംഇകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്.
2022 ഏപ്രില്‍ 1 നും 2022 ജൂലൈ 20 നും ഇടയില്‍ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 2,870 എംഎസ്എംഇകളാണ് പ്രവര്‍ത്തനമവസാനിപ്പിച്ചത്. ഇതിന്റെ ഫലമായി 19,862 പേര്‍ക്ക് തൊഴില്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ, ഉദ്യം-രജിസ്റ്റര്‍ ചെയ്ത 6,222 എംഎസ്എംഇകള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ അടച്ചുപൂട്ടി. 42,662 പേര്‍ക്കാണ് ജോലി നഷ്ടമായത്. 2020 ജൂലൈ 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ 175 ഉദ്യം യൂണിറ്റുകള്‍ പൂട്ടുകയും 724 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടയും മന്ത്രി പറഞ്ഞു. എംഎസ്എംകള്‍ അടച്ചുപൂട്ടുന്നത് ആശങ്കയാണെന്ന് പറഞ്ഞ മന്ത്രി അടച്ചുപൂട്ടിയവയില്‍ ചിലത് താല്‍ക്കാലികമാണെന്നും ചൂണ്ടിക്കാട്ടി.
20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ എസ്‌ഐഡിബിഐ സര്‍വേ പ്രകാരം, 67 ശതമാനം എംഎസ്എംഇകളും കോവിഡ് കാലത്ത് മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി അടച്ചിട്ടതായാണ് റിപ്പോര്‍ട്ട്.
Next Story
Videos