ചൈനയേക്കാൾ ഇന്ത്യ വേഗം വളരുന്നതിൻ്റെ അർഥം, പണനയനിർണയത്തിൽ അഴിച്ചുപണിക്കു നീക്കം; വിൽപനസമ്മർദം വിലയിടിക്കും, പെട്രോൾ ഡീസൽ വില ഉയരും

അടുത്ത വർഷം ലോകത്തിൽ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേതാകും. ജാപ്പനീസ് ബ്രോക്കറേജും ഗവേഷണ സ്ഥാപനവുമായ നൊമുറയുടേതാണു പ്രവചനം.

കലണ്ടർ വർഷം വച്ചാണു പ്രവചനം. 2021-ൽ ഇന്ത്യ 9.9 ശതമാനം വളരും. തൊട്ടടുത്ത വളർച്ച ചൈനയുടേതായിരിക്കും. ഒൻപതു ശതമാനം

പ്രവചനത്തിൻ്റെ ആദ്യഭാഗം ഇന്ത്യക്ക് ഒട്ടും അഭിമാനകരമല്ല. പ്രത്യേകിച്ചും ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ.

2020-ലെ വളർച്ച പ്രതീക്ഷയാണ് ആദ്യഭാഗം. അതനുസരിച്ച് ഇന്ത്യൻ ജിഡിപി 7.1 ശതമാനം ചുരുങ്ങും. ചൈനയുടേത് 2.1 ശതമാനം വളരും.

തുടർന്നുള്ള വർഷം ഇന്ത്യ ഏറ്റവും വേഗം വളർന്നാലും യഥാർഥ വളർച്ചയിൽ പിന്നിലാകുമെന്ന യാഥാർഥ്യം നിലനിൽക്കുന്നു. ജിഡിപി രണ്ടു വർഷം മുമ്പത്തെ നിലയിൽ എത്താൻ മാത്രമേ 2021-ലെ വലിയ വളർച്ച സഹായിക്കൂ.

നൊമുറയുടെ പ്രവചനമനുസരിച്ച് അടുത്ത ജനുവരി-മാർച്ച് പാദത്തിലും ഇന്ത്യയുടെ ജിഡിപി ചുരുങ്ങും. 1.2 ശതമാനം ചുരുങ്ങലാണു നൊമുറ കണക്കാക്കുന്നത്. എപ്രിൽ - ജൂണിൽ 32.4 ശതമാനം, മൂന്നാം പാദത്തിൽ 10.2 ശതമാനം, നാലാം പാദത്തിൽ 4.6 ശതമാനം എന്ന തോതിൽ വളരും.

ഇന്ത്യയുടെ ധനകാര്യ വർഷം വച്ച് 2020-21-ൽ 8.2 ശതമാനം തളർച്ചയും 2021-22 -ൽ 11.9 ശതമാനം വളർച്ചയും നൊമുറ കണക്കാക്കുന്നു.

അടുത്ത വർഷം ഇന്ത്യ ജിഡിപി വർധിക്കുന്ന സ്ഥിതിയിലേക്കു വളരുമെങ്കിലും കടുത്ത വെല്ലുവിളികൾ തുടരുമെന്നു നൊമുറ മുന്നറിയിപ്പ് നൽകുന്നു. ചെറുകിട-കുടിൽ വ്യവസായങ്ങൾ അടങ്ങിയ അനൗപചാരിക മേഖലയുടെ വളർച്ച വളരെ സാവധാനമാകും. അതിനർഥം തൊഴിൽ കൂടാത്ത ജിഡിപി വർധനയാണുണ്ടാവുക എന്നാണ്. സ്വാഭാവികമായും ആളോഹരി വരുമാനം കുറയും. ബാങ്കുകളിൽ കടം തിരിച്ചടവ് കുറയും; നിഷ്ക്രിയ ആസ്തി (എൻപിഎ) കൂടും. കമ്പനികൾ മൂലധന നിക്ഷേപത്തിനു പകരം കടം തീർക്കലിൽ ശ്രദ്ധിക്കും: നൊമുറ മുന്നറിയിപ്പ് നൽകി.

* * * * * * * *


പണനയനിർണയത്തിൽ അഴിച്ചുപണിക്കു നീക്കം


റിസർവ് ബാങ്കിൻ്റെ പണനയം വിലക്കയറ്റ നിയന്ത്രണം ലക്ഷ്യമിട്ടാകണം എന്നാണു ഗവണ്മെൻ്റ് നിർദേശിച്ചിട്ടുള്ളത്. ചില്ലറ വിലക്കയറ്റം നാലു ശതമാനം (കൂടിയാൽ ആറു ശതമാനം, കുറഞ്ഞാൽ രണ്ടു ശതമാനം) നിരക്കിൽ ആയിരിക്കത്തക്കവിധം പണ നയം ക്രമീകരിക്കണം. ഈ പരിധി പാലിച്ചുവേണം വളർച്ചയും തൊഴിൽ വർധനയും ഉറപ്പുവരുത്താൻ. ഇതാണു 206 -ൽ പാർലമെൻ്റ് പാസാക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

ഇപ്പോൾ ഇതു വല്ലാത്ത പ്രതിബന്ധമായി സർക്കാർ കാണുന്നു. ഏതു വിധേനയും വളർച്ച തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ വിലക്കയറ്റം നോക്കിയിരുന്നാൽ പറ്റില്ലെന്നു സർക്കാർ കരുതുന്നു. അതു കൊണ്ട് വിലക്കയറ്റത്തിൻ്റെ അളവ് തന്നെ മാറ്റാനാണത്രെ ആലോചന.

ഇപ്പാേൾ ഉപഭോക്തൃ വില സൂചിക (സിപിഐ) വച്ചുള്ള വിലക്കയറ്റ നിരക്കാണു റിസർവ് ബാങ്ക് നോക്കുന്നത്. അതു മാറ്റി കാതൽ വിലക്കയറ്റം (core inflation) നോക്കുക എന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പൊതു വിലക്കയറ്റത്തിൽ നിന്നു ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിൻ്റെയും വിലക്കയറ്റം മാറ്റിയിട്ടുള്ളതാണു കാതൽ വിലക്കയറ്റം.

ഇതോടൊപ്പം സാമ്പത്തിക വളർച്ച ഉറപ്പുവരുത്താനുള്ള ചുമതലയും റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റിയെ ഏൽപ്പിക്കുമെന്നു സൂചനയുണ്ട്. വിലക്കയറ്റം പരിധി വിട്ടു നിന്നാലും പലിശ താഴ്ത്തൽ പോലുള്ള കാര്യങ്ങൾ ചെയ്യാം.

കോവിഡ് ലോക്ക് ഡൗണിനു ശേഷം സാമ്പത്തിക വളർച്ച ഉറപ്പുവരുത്താൻ നല്ല ഒരു ഉത്തേജക പദ്ധതി പോലും അവതരിപ്പിക്കാത്ത സർക്കാർ ഇനി വളർച്ചയുടെ ഉത്തരവാദിത്വം റിസർവ് ബാങ്കിലേക്കു കൈമാറാനാണു ശ്രമിക്കുന്നത്.

ഈ നീക്കത്തിൽ പതിയിരിക്കുന്ന അപകടം ചെറുതല്ല. വിലക്കയറ്റം എന്തായിരുന്നാലും സാരമില്ല, പലിശ താഴ്ത്താം എന്ന നില വരും. അഥവാ അതിനു റിസർവ് ബാങ്ക് നിർബന്ധിതമാകും. വിലക്കയറ്റം പിടി വിട്ടു പോയെന്നു വരും. അതു നിയന്ത്രിക്കാൻ റിസർവ് ബാങ്കിൻ്റെ പക്കൽ ആയുധങ്ങൾ ഇല്ലാത്ത നിലയാകും.


* * * * * * * *


വിൽപനസമ്മർദം വിലയിടിക്കും


അമേരിക്കൻ ഉത്തേജക പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. യു എസ് ഓഹരികളിൽ വലിയ വിൽപന സമ്മർദം. രാവിലെ ഏഷ്യൻ വിപണികളും താഴോട്ടു നീങ്ങി. വ്യാഴാഴ്ച ഇന്ത്യൻ ഓഹരികളിൽ ലാഭമെടുക്കലും വിൽപന സമ്മർദവും പ്രതീക്ഷിക്കാം.

സെൻസെക്സ് 46,000 കടന്നതും നിഫ്റ്റി 13,500-നു മുകളിലായതും ഇന്നലെയാണ്. തുടർച്ചയായ കുതിപ്പുകൾക്കു ശേഷം ലാഭമെടുക്കൽ വിൽപന എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. 13,500-നു താഴോട്ട് എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷനിൽ പോയത് സൂചനയായി കാണാം.

* * * * * * * *


വിദേശപണം നയിക്കുന്ന കുതിപ്പ്


വിദേശപണ പ്രവാഹമാണ് ഇന്ത്യൻ ഓഹരി സൂചികകളെ കണ്ണഞ്ചിപ്പിക്കുന്ന ഉയരങ്ങളിലേക്കു നയിക്കുന്നത്. ഡിസംബറിലെ ആദ്യ ആറു ദിവസം കൊണ്ട് 220 കോടി ഡോളറാണു വിദേശികൾ ഇന്ത്യൻ വിപണിയിൽ മുടക്കിയത്. നവംബറിലെ 810 കോടി ഡോളറിനു (59,000 കോടി രൂപ) പിന്നാലെയാണിത്. ബുധനാഴ്ച മാത്രം വിദേശ നിക്ഷേപകർ 3560 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിദേശ പണപ്രവാഹത്തിന് തടസം വരുന്നതായ സൂചന ഒന്നുമില്ല. മറ്റ് വികസ്വര രാജ്യ വിപണികളിലും വിദേശ നിക്ഷേപകർ സജീവമാണ്.

ഔ, എന്തൊരു സ്പീഡ്!

കൊടിയേറ്റം സിനിമയിലെ നടൻ ഗോപിയുടെ ഈ അതിശയ പ്രതികരണം ഓഹരി സൂചികകളുടെ കയറ്റം കാണുന്നവരിൽ നിന്ന് ഉണ്ടാകാതിരിക്കില്ല.

മാർച്ച് 24-ന് 25,638.90 നിലയിലായിരുന്ന സെൻസെക്സ് ഇന്നലെ 46,103.50 ആയി. 79.82 ശതമാനം വർധന.

മാർച്ചിലെ താഴ്ചയിൽ നിന്ന് അതിവേഗം കരകയറിയ സെൻസെക്സ് ഏപ്രിൽ ഏഴിന് 30,000 കടന്നു. തുടർന്ന് അതിവേഗത്തിലായിരുന്നു കുതിപ്പ്. ഏപ്രിലിൽ 33,700 കടന്ന സൂചിക മേയിൽ അൽപം മന്ദഗതിയിലായി. ജൂണിൽ 35,000 കടന്ന സെൻസെക്സ് ജൂലൈയിൽ 38,000-നു മുകളിലെത്തി. ഓഗസ്റ്റിൽ 39,000 മറി കടന്നു; ഒക്ടോബറിൽ 40,000-ഉം. നവംബറിൽ 44,000-നു മുകളിലെത്തി. തുടർന്നു 14 വ്യാപാര ദിനങ്ങൾ കൊണ്ട് 46,000 ഭേദിച്ചു.


* * * * * * * *

വിപണിമൂല്യം ജിഡിപിക്കു മുകളിൽ



ഓഹരി വിലകൾ കുതിച്ചു കയറിയതോടെ ഇന്ത്യയിലെ വിപണിമൂല്യം (രാജ്യത്തെ ലിസ്റ്റ് ചെയ്ത മുഴുവൻ കമ്പനികളുടെയും കൂടി വിപണിമൂല്യം) 2.5 ലക്ഷം കോടി ഡോളർ (185 ലക്ഷം കോടി രൂപ) കടന്നു. ഇത് ഇക്കൊല്ലം ഇന്ത്യ പ്രതീക്ഷിക്കുന്ന ജിഡിപി (സ്ഥിരവിലയിൽ) യേക്കാൾ 40 ശതമാനം കൂടുതലാണ്. ഇപ്പോഴത്തെ വില നിലവാരത്തിൽ 2019 -20 ലെ ജിഡിപിയുടെ 90 ശതമാനം വരുമിത്.

ആഗോള ഓഹരി വിപണികളുടെമൊത്തം വിപണി മൂല്യം 100 ലക്ഷം കോടി ഡോളർ കടന്നെന്നാണു ബ്ളൂംബെർഗ് കണക്കാക്കുന്നത്. മാർച്ചിൽ 1.3 ലക്ഷം കോടി ഡോളറിലേക്കു താണ ശേഷം 91 ശതമാനം ഉയർച്ച.

* * * * * * * *


മാരുതി വില കൂട്ടുന്നു; ഗൃഹോപകരണങ്ങൾക്കും വില കൂടും



മാരുതി സുസുകി ജനുവരിയിൽ വാഹനങ്ങളുടെ വില കൂട്ടും. ലോഹങ്ങൾക്കും ഘടകപദാർഥങ്ങൾക്കും വിലകൂടിയതാണു പ്രധാന കാര്യം. എത്ര ശതമാനം വില കൂട്ടുമെന്നു കമ്പനി വ്യക്തമാക്കിയില്ല.

റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും ജനുവരിയോടെ വില കൂടും. ലോഹങ്ങളുടെയും ഘടകപദാർഥങ്ങളുടെയും വിലക്കയറ്റം തന്നെ അതിനും കാരണം. അഞ്ചു മുതൽ 15 വരെ ശതമാനം വില കൂടാമെന്നു കമ്പനികൾ പറയുന്നു.

ചരക്കുനീക്കത്തിനു ചെലവേറിയതും പ്രശ്നമാണ്. കണ്ടെയ്നർ ക്ഷാമം ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഒരേ പോലെ പ്രശ്നമാണ്. ആഭ്യന്തര ചരക്കുനീക്കത്തിനും ചെലവ് കൂടി.


* * * * * * * *

സ്വർണത്തിന് ഇടിവ്


ആഗോളവിപണിയിൽ സ്വർണം താഴോട്ടു നീങ്ങുകയാണ്. സ്വർണ ഫണ്ടുകളിൽ നിന്ന് ഓഹരി ഫണ്ടുകളിലേക്കു പണം നീങ്ങിയത് ഒരു കാരണമാണ്. ബിറ്റ് കോയിനിലും മറ്റു ഗൂഢ കറൻസികളിലും നിക്ഷേപം വർധിച്ചതും സ്വർണത്തിനു വിഷയമായി. ബുധനാഴ്ച യുഎസ് വ്യാപാരം ക്ലോസ് ചെയ്തത് ഔൺസിന് 1835 ഡോളറിലാണ്. തലേന്നത്തേക്കാൾ 30 ഡോളർ താഴെ.


* * * * * * * *

ക്രൂഡ് ഉയരുന്നു


ചാഞ്ചാട്ടവും അനിശ്ചിതത്വവും തുടരുകയാണെങ്കിലും ക്രൂഡ് ഓയിൽ കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം വ്യാഴാഴ്ച രാവിലെ 49.10 ഡോളറിലേക്ക് ഉയർന്നു.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ദിവസേന ഉയരുകയാണ്. രാജ്യത്തു ചില്ലറ വിലക്കയറ്റം വർധിക്കാൻ ഇതു കാരണമാകും.


* * * * * * * *

രൂപ ഉയരുന്നു


വിദേശ പണപ്രവാഹം രൂപയ്ക്കും കരുത്തായി. ഡോളർ ഏഴാഴ്ചത്തെ താഴ്ന്ന നിലയിലായി. ഡോളർ മൂന്നു പൈസ താണ് 73.57 രൂപയായി.


* * * * * * * *


ഇന്നത്തെ വാക്ക് : വിപണിമൂല്യം


ഒരു കമ്പനിയുടെ ഓഹരി വിലയെ കമ്പനിയുടെ മൊത്തം ഓഹരികളുടെ എണ്ണം കൊണ്ടു ഗുണിച്ചാൽ കിട്ടുന്നതാണ് വിപണിമൂല്യം (market capitalisation). ഒരു എക്സ്ചേഞ്ചിൻ്റെ വിപണി മൂല്യം അതിൽ ലിസ്റ്റ് ചെയ്ത മുഴുവൻ കമ്പനികളുടെയും വിപണി മൂല്യം ചേർന്നതാണ്.



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it