സ്വര്‍ണത്തിന് ഇടിവ്; അമേരിക്കന്‍ നാണക്കേട് വിപണിയെ ബാധിക്കാം; സേവനമേഖലയില്‍ ക്ഷീണം

അമേരിക്കയില്‍ വ്യാവസായിക ബാങ്കിംഗ് ഓഹരികള്‍ കുതിക്കുകയും ടെക്‌നോളജി ഓഹരികള്‍ ഇടിയുകയും ചെയ്തു. ഡൗ ജോണ്‍സ് കുതിച്ചു കയറിയപ്പോള്‍ സ്വര്‍ണം ഇടിഞ്ഞു. ഏഷ്യയില്‍ രാവിലെ വ്യാപാരം ഉണര്‍വിലാണെങ്കിലും അതു ദിവസം മുഴുവന്‍ തുടരുമെന്ന് ഉറപ്പില്ല. ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്‌സ് താഴോട്ടാണ്. എസ്ജിഎക്‌സ് നിഫ്റ്റി ആദ്യ സെഷനില്‍ 14,200നു മുകളിലായത് ഇന്ത്യയില്‍ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങാന്‍ സഹായിച്ചേക്കും.

ബുധനാഴ്ച ലാഭമെടുക്കല്‍ സൂചികകളെ താഴോട്ടു വലിച്ചു. എന്നാല്‍ വില്‍പന സമ്മര്‍ദം അധികമുണ്ടായില്ല. വിദേശ ഫണ്ടുകള്‍ ഇപ്പോഴും വാങ്ങലുകാരാണ്.

നിഫ്റ്റിക്കു 14,040 - 14,110 മേഖലയില്‍ ശക്തമായ സപ്പോര്‍ട്ടാണു സാങ്കേതിക വിശകലനക്കാര്‍ കാണുന്നത്. ഓപ്ഷന്‍സ് വ്യാപാരത്തിലെ പ്രവണതകള്‍ 14,500 വരെ നിഫ്റ്റി ഉയരുമെന്ന സൂചന നല്‍കുന്നു.


അമേരിക്കന്‍ നാണക്കേട്



യു എസ് വ്യാപാരസമയം കഴിഞ്ഞ ശേഷം പല അനിഷ്ട സംഭവങ്ങളും അമേരിക്കന്‍ തലസ്ഥാനത്ത് ഉണ്ടായി. യു എസ് പ്രസിഡന്റായുള്ള ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ഔപചാരികമായി പ്രഖ്യാപിക്കാന്‍ ചേര്‍ന്ന യു എസ് കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറി. പോലീസ് വെടിവയ്പ് വേണ്ടി വന്നു അവരെ പിരിച്ചുവിടാന്‍. വെടിവയ്പില്‍ ഒരു സ്ത്രീ മരിച്ചു. കോണ്‍ഗ്രസ് സമ്മേളനം നിര്‍ത്തിവച്ചു.

നാണം കെട്ട സംഭവങ്ങള്‍ക്കൊടുവില്‍ ട്രംപിന്റെ അക്കൗണ്ട് സമൂഹമാധ്യമങ്ങള്‍ മരവിപ്പിച്ചു. ഇരുപതാം തീയതി വരെ കാലാവധിയുള്ള ട്രംപിനെ ഉടനെ പുറത്താക്കണമെന്നു വരെ ആവശ്യമുയര്‍ന്നു.

നേരത്തേ ജോര്‍ജിയ സംസ്ഥാനത്തു നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ രണ്ടു സീറ്റിലും അട്ടിമറി വിജയം നേടി. ഇതോടെ യുഎസ് സെനറ്റില്‍ ബൈഡന്റെ പാര്‍ട്ടിക്കു സാങ്കേതിക ഭൂരിപക്ഷമായി. ഡെമോക്രാറ്റുകള്‍ക്കു ഭരണം കുറേക്കൂടി എളുപ്പമാകും. വലിയ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കാനും കഴിയും. അതാണു വിപണിയെ സന്തോഷിച്ചത്. എന്നാല്‍ വലിയ ടെക്‌നോളജി കമ്പനികളെ നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുമെന്ന ഭീതിയില്‍ നാസ്ഡാക് സൂചിക താഴോട്ടു പോയി.


സ്വര്‍ണം ഇടിഞ്ഞു



സ്വര്‍ണം ബുധനാഴ്ച കുത്തനെ ഇടിഞ്ഞു. ഔണ്‍സിന് 1959 ഡോളര്‍ വരെ കയറിയ സ്വര്‍ണം 1901 ഡോളര്‍ വരെ താണു. പിന്നീട് 1923 വരെ കയറിയ സ്വര്‍ണം ഇന്നു രാവിലെ ഏഷ്യന്‍ വ്യാപാരത്തില്‍ 1919 ഡോളറിലാണ്.

ക്രൂഡ് ഓയില്‍ 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ബ്രെന്റ് ഇനം 54.3 ഡോളറിലായി.

പക്ഷിപ്പനി രാജ്യത്ത് ആറു സംസ്ഥാനങ്ങളില്‍ പടര്‍ന്നു. കോഴി കൃഷിയുമായി ബന്ധപ്പെട്ട വെങ്കീസ് ഇന്ത്യയുടെ ഓഹരി വില ആറു ശതമാനം താണു. ഗോദ്‌റെജ് അഗ്രോ വെറ്റ്, സിമ്രാന്‍ ഫാംസ് തുടങ്ങിയവയ്ക്കും കോഴി കൃഷിയില്‍ താല്‍പര്യമുണ്ട്.

ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ വിആര്‍എസ് പ്രഖ്യാപിച്ചു. ചെലവുചുരുക്കലിന്റെ ഭാഗമായാണു ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇതു മറ്റു വാഹന കമ്പനികളും പിന്തുടരുമോ എന്നാണ് വിപണി നോക്കുന്നത്.


ബിറ്റ്‌കോയിന്‍ പുതിയ ഉയരങ്ങളില്‍



ബിറ്റ്‌കോയിന്‍ വീണ്ടും ഉയരങ്ങളിലേക്ക്. ഞായറാഴ്ച 34,792 ഡോളര്‍ വരെ എത്തിയിട്ടു തിങ്കളാഴ്ച 17 ശതമാനം ഇടിഞ്ഞ ഈ ഡിജിറ്റല്‍ ഗൂഢ കറന്‍സി ഇന്നലെ 37, 201 ഡോളര്‍ (27.22 ലക്ഷം രൂപ) വരെ കയറി. ഉയര്‍ച്ച തുടരുമെന്ന സൂചനയാണു വിപണി നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം നാലു മടങ്ങായി വില കൂടിയ ബിറ്റ് കോയിനില്‍ നിക്ഷേപിക്കാന്‍ പരമ്പരാഗത ഫണ്ടുകള്‍ ഇപ്പോള്‍ തയാറായിട്ടുണ്ട്. ബിറ്റ്‌കോയിന്‍ വില 1,46,000 ഡോളര്‍ വരെ എത്താമെന്നു ജെപി മോര്‍ഗന്‍ ചേയ്‌സ് ആന്‍ഡ് കോ കഴിഞ്ഞ ദിവസം പ്രവചിച്ചതു ഗൂഢ കറന്‍സിയുടെ നിക്ഷേപകര്‍ക്കു സന്തോഷകരമായി. മുഖ്യധാരാ നിക്ഷേപമായി ബിറ്റ്‌കോയിന്‍ മാറുമെന്ന പ്രതീക്ഷയായി നിക്ഷേപകര്‍ക്ക്.

ഒരു രാജ്യത്തും അംഗീകാരമില്ലാത്ത ഡിജിറ്റല്‍ കറന്‍സികളിലെ നിക്ഷേപം അപായകരമാണെന്ന വിലയിരുത്തലാണു വാറന്‍ ബഫറ്റ്, ജിം റോജേഴ്‌സ് തുടങ്ങിയ വമ്പന്‍ നിക്ഷേപകര്‍ക്കുള്ളത്. ബിറ്റ് കോയിന്‍ ഒരു കുമിളയാണെന്ന് റോജേഴ്‌സ് പറയുന്നു.


സ്‌പെക്ട്രം ലേലം മാര്‍ച്ച് ഒന്നു മുതല്‍



മൊബൈല്‍ സ്‌പെക്ട്രം ലേലം മാര്‍ച്ച് ഒന്നിനു തുടങ്ങും. ഈ ധനകാര്യ വര്‍ഷം കുറേ തുക സമാഹരിച്ചു കമ്മി കുറയ്ക്കുക എന്ന ലക്ഷ്യമാണു സര്‍ക്കാരിനുള്ളത്. ഒപ്പം റിലയന്‍സ് ജിയോയ്ക്ക് അത്യാവശ്യമായ സ്‌പെക്ട്രം ലഭ്യമാക്കുകയും വേണം. മൊത്തം 2251.25 മെഗാഹെര്‍ട്‌സ് ആണു വില്‍ക്കുന്നത്. ഇതിന് അടിസ്ഥാന വില ഇട്ടിരിക്കുന്നത് 3.92 ലക്ഷം കോടി രൂപ.

പ്രധാനമായും മൂന്നു കമ്പനികളേ മൊബൈല്‍ സ്‌പെക്ട്രത്തിന് ആവശ്യക്കാരായുള്ളൂ. അതിനാല്‍ മുന്‍ തവണകളിലേതു പോലെ വാശിയേറിയ ലേലം പ്രതീക്ഷിക്കാനാവില്ല. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ചുരുക്കം സ്‌പെക്ട്രമേ വാങ്ങാന്‍ ഉദ്ദേശിക്കുന്നുള്ളു. പണ ഞെരുക്കം തന്നെ കാരണം. അവര്‍ ഇക്കൊല്ലം 5 ജി സര്‍വീസ് തുടങ്ങാനും ഉദ്ദേശിക്കുന്നില്ല. റിലയന്‍സ് ജിയോ ജൂണില്‍ 5 ജി തുടങ്ങുമെന്നാണ് പറഞ്ഞിട്ടുള്ളത്.

2016ലെ സ്‌പെക്ട്രം ലേലം പോലെ പരാജയമാകുമോ ഈ ലേലം എന്നും സംശയമുണ്ട്. അന്ന് അഞ്ചു ലക്ഷം കോടി രൂപ ലക്ഷ്യമിട്ടു ലേലം നടത്തിയിട്ടു കിട്ടിയത് 60,000 കോടി മാത്രം.

എഴുന്നൂറ്, എണ്ണൂറ്, തൊള്ളായിരം, 2100, 2300, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളാണു ലേലത്തിനു വരിക. 700 മെഗാഹെര്‍ട്‌സ് 5 ജിക്ക് ഏറ്റവും നല്ല സ്‌പെക്ട്രമാണ്.


സേവനമേഖലയില്‍ ചെറിയ ക്ഷീണം



രാജ്യത്തു ഡിസംബറില്‍ സേവനമേഖലയുടെ വളര്‍ച്ച അല്‍പം പിന്നോട്ടടിച്ചു. ഐഎച്ച്എസ് മാര്‍കിറ്റിന്റെ സര്‍വീസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) ഡിസംബറില്‍ 52.3 ആണ്. നവംബറില്‍ 53.7 ആയിരുന്നു. 50നു മുകളില്‍ വളര്‍ച്ച, 50നു താഴെ തളര്‍ച്ച എന്നതാണ് ഈ സൂചികയുടെ മാനദണ്ഡം. തുടര്‍ച്ചയായ മൂന്നാം മാസവും സര്‍വീസസ് പിഎംഐ 50നു മുകളിലാണ്. വളര്‍ച്ച തുടരുന്നുവെങ്കിലും നവംബറിലേതിലും കുറഞ്ഞ വേഗമേ ഉള്ളൂ എന്ന് സൂചിക കാണിക്കുന്നു.

ഫാക്ടറി ഉല്‍പാദന പിഎംഐയും ചെറിയ താഴ്ച കാണിച്ചിരുന്നു. രണ്ടും ചേര്‍ന്നുള്ള സംയുക്ത പിഎംഐ മൂന്നു മാസത്തിനിടയിലെ ഏറ്റവും താണ നിലയായ 54.9 ആണ്.

കോവിഡ് രോഗബാധയെപ്പറ്റി പുതിയ ആശങ്കകള്‍ ഉടലെടുത്തതാണു ക്ഷീണകാരണമായി പറയുന്നത്.


വീഡിയോകോണ്‍ ഇനി വേദാന്ത ഗ്രൂപ്പില്‍



വീഡിയോകോണ്‍ ഗ്രൂപ്പിനെ വേദാന്ത ഗ്രൂപ്പിനു വില്‍ക്കാന്‍ വായ്പാദാതാക്കളുടെ കമ്മിറ്റി സമ്മതിച്ചു. വെറും 3000 കോടി രൂപയ്ക്കാണ് അനില്‍ അഗര്‍വാളിന്റെ ഗ്രൂപ്പ് വീഡിയോകോണിനെ സ്വന്തമാക്കുക. ബാങ്കുകള്‍ക്കു 46,000 കോടി രൂപയാണു കിട്ടാനുള്ളത്. ഈ വില്‍പനയിലൂടെ 43,000 കോടി രൂപ ബാങ്കുകള്‍ക്കു നഷ്ടമാകും.

30,000 കോടി രൂപ തിരിച്ചു തരാം എന്നു പറഞ്ഞ് വീഡിയോകോണിന്റെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് ബാങ്കുകളെ സമീപിച്ചതാണ്. 15 വര്‍ഷം നീളുന്ന തിരിച്ചടവാണു ധൂത് നിര്‍ദേശിച്ചത് എന്നു പറഞ്ഞു ബാങ്കുകള്‍ അതു നിരസിച്ചു.

വീഡിയോകോണിന്റെ ലിക്വിഡേഷന്‍ വില 2600 കോടി രൂപയായാണു നിശ്ചയിച്ചത്. അതിനേക്കാള്‍ കൂടുതലുണ്ട് വേദാന്തയുടെ ഓഫര്‍. വേദാന്ത ഗ്രൂപ്പിലെ ട്വിന്‍സ്റ്റാര്‍ ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയാണു വീഡിയോകോണിനെ ഏറ്റെടുക്കുക.

രാജ്യത്തു ടെലിവിഷന്‍ നിര്‍മാണത്തിന് ആദ്യമായി അനുമതി ലഭിച്ച വീഡിയോകോണ്‍ എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, ഇലക്ട്രോണിക് ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയില്‍ മുന്‍നിര കമ്പനിയായിരുന്നു. പില്‍ക്കാലത്തു മൊബൈല്‍ ടെലിഫോണി, പെട്രോളിയം, പ്രകൃതി വാതകം, റീട്ടെയില്‍, ഡിടിഎച്ച് സര്‍വീസ് തുടങ്ങിയവയിലേക്കു കടന്നു. ടെലികോമും പെട്രോളിയവുമാണു ഗ്രൂപ്പിനെ തകര്‍ത്തത്. ഭീമമായ കടം എടുത്ത് കടന്നു ചെന്ന മേഖലകളില്‍ വലിയ തിരിച്ചടി കിട്ടി.


ഇന്നത്തെ വാക്ക് : ബജറ്റ് പദാവലി മൂലധന ചെലവ്



സര്‍ക്കാരിന്റെ ആസ്തി വര്‍ധിപ്പിക്കുന്ന ചെലവുകളാണ് മൂലധന (capital) ചെലവില്‍ വരിക. ഭൂമി, കെട്ടിടം, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മുതല്‍മുടക്ക് ഇതില്‍ പെടുന്നു . കമ്പനികളുടെ ഓഹരിയിലെ മുടക്ക്, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പ എന്നിവയും മൂലധന ചെലവുകളാണ്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it