കോവിഡ് ഭീതി കൂടി; പലിശയിൽ ആശ്വാസം; ക്രൂഡ് ഇടിഞ്ഞു; ബാങ്കുകൾക്ക് നേട്ടം

ജർമനിയിൽ കർശനമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കോവിഡിൻ്റെ രണ്ടാം വരവിനെപ്പറ്റിയുള്ള ആശങ്കകൾ വർധിച്ചു. ക്രൂഡ് ഓയിൽ മുതൽ ലോഹങ്ങൾ വരെ വിലത്തകർച്ചയിലായി. യൂറോ ഇടിഞ്ഞു; ഡോളർ കയറി. ഓഹരികൾ ഇടിഞ്ഞു.

ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഒരു ശതമാനം താഴ്ചയിലാണു തുടങ്ങിയത്.ഇന്നലെ യൂറോപ്പും അമേരിക്കയും ഇടിവിലായിരുന്നു. മോറട്ടോറിയം കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഉണർവിലായ ഇന്ത്യൻ വിപണിക്ക് കോവിഡ് പ്രഹരമാണ് ഇന്ന് ഉണ്ടാവുക.
എസ്ജിഎക്സ് നിഫ്റ്റി ആദ്യ സെഷൻ അവസാനിപ്പിച്ചത് 14,746.8 ലാണ്. നിഫ്റ്റി യുടെ ക്ലോസിംഗ് നിരക്കായ 14,814.75 ൽ നിന്നു ഗണ്യമായി താഴെയാണിത്. ഇന്നു വിപണി താഴ്ന്നു തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ആദ്യ ലോക്ക് ഡൗണിൻ്റെ വാർഷിക ദിനം കഴിഞ്ഞപ്പോഴേക്കു രാജ്യത്തു പ്രതിദിന രോഗബാധയുടെ സംഖ്യ 40,000 കടന്നു. പ്രാദേശിക ലോക്ക് ഡൗണുകൾ ഏർപ്പെടുത്താൻ ആണു കേന്ദ്ര നിർദേശം. ദേശീയ ലോക്ക് ഡൗൺ ഇനി ഫലിക്കാത്ത വിധം രോഗബാധ സമൂഹത്തിൽ വ്യാപകമായി എന്നാണു വിദഗ്ധരുടെ അഭിപ്രായം.

പലിശ കൂട്ടില്ലെന്നു ഫെഡ് വീണ്ടും

അമേരിക്കൻ ഫെഡ് തലവൻ ജെറോം പവലും ട്രഷറി സെക്രട്ടറി ജാനറ്റ് എലനും ഇന്നലെ കോൺഗ്രസ് കമ്മിറ്റിയിൽ സാമ്പത്തിക നില സംബന്ധിച്ചു മൊഴി നൽകി. സാമ്പത്തിക വളർച്ച പ്രതീക്ഷയിലും മെച്ചമാണെങ്കിലും പല മേഖലകളും ഉണർവിലായിട്ടില്ലെന്ന് അവർ പറഞ്ഞു. വിലക്കയറ്റം കൂടുമെങ്കിലും സ്ഥിരമായി ഉയർന്നു നിൽക്കില്ലെന്നാണ് അവരുടെ വിലയിരുത്തൽ.പലിശ വർധിപ്പിക്കേണ്ടി വരില്ലെന്നും അവർ കരുതുന്നു.
അവർ മൊഴി നൽകുന്നതിനു മുൻപു തന്നെ കടപ്പത്രവിലകൾ ഉയർന്നിരുന്നു. 1.6 ശതമാനത്തിനു താഴെയായി കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം.
ഇന്ത്യയിലും കടപ്പത്ര വില ഉയർന്നു. 6.146 ശതമാനമാണ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം. ഇതും മോറട്ടോറിയം കേസിലെ അനുകൂല വിധിയും ഇന്നലെ ബാങ്ക് ഓഹരികൾക്കു വില കൂട്ടി.

ക്രൂഡ് ഓയിൽ ഇടിഞ്ഞു; സ്വർണം താണു

കോവിഡ് നിയന്ത്രണങ്ങൾ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും ഇന്ധന ആവശ്യം കുറയുമെന്നും ഉള്ളതുകൊണ്ടാണ് ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച ആറു ശതമാനം ഇടിഞ്ഞത്. ബ്രെൻറ് ഇനം 60.38 ഡോളർ വരെ താണിട്ട് അൽപം കയറി. അമേരിക്കയിലെ ക്രൂഡ് സ്‌റ്റോക്ക് പ്രതീക്ഷയിലും കൂടുതലായതും വിലയിടിവിനു സഹായമായി.
ക്രൂഡ് ഓയിൽ ഈയിടെ 70 ഡോളറിനു മുകളിലെത്തിയിരുന്നു. അവിടെ നിന്ന് 14 ശതമാനത്തോളം താഴ്ചയായി. വില വീണ്ടും താഴാൻ സാധ്യത ഉള്ളതായി സാങ്കേതിക വിശകലനക്കാർ പറയുന്നു.
ഡോളറിന് നിരക്ക് ഉയർന്നു. ഡോളർ സൂചിക 92-നു മുകളിലായി. യൂറോ 1.18 ഡോളറിലേക്കു താണു.
ഡോളറിൻ്റെ ഉയർച്ച സ്വർണ വില താഴ്ത്തി. ചൊവ്വാഴ്ച 1724.7 ഡോളർ വരെ താണ സ്വർണ വില ഇന്നു രാവിലെ 1727 ഡോളറിലാണ്.
അലൂമിനിയം, ചെമ്പ് തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില രണ്ടു മുതൽ മൂന്നു വരെ ശതമാനം കുറഞ്ഞു.

മോറട്ടോറിയം കേസിൽ ബാങ്കുകൾക്ക് ആശ്വാസം

കോവിഡ് ലോക്ക് ഡൗണിനെത്തുടർന്നുളള മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച കേസിൽ തീരുമാനമായി. യുക്തിസഹമായ തീരുമാനം ഉണ്ടായി.
മോറട്ടോറിയം കാലത്തെ പലിശ നൽകണം. എന്നാൽ പിഴപ്പലിശയോ കൂട്ടുപലിശയോ പാടില്ല. അവ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകണം: ഇവയാണു തീരുമാനങ്ങൾ.
മാേറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം കോടതി തള്ളി. ഗഡുവും പലിശയും അടയ്ക്കാത്ത കടങ്ങൾ നിഷ്ക്രിയ ആസ്തി (എൻപിഎ)കൾ ആയി പ്രഖ്യാപിക്കുന്നതിന് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കം ചെയ്തു.
ബാങ്കുകൾക്കു മൊത്തം 14,000 കോടിയോ 15,000 കോടിയാേ രൂപയുടെ ബാധ്യത വരുത്തുന്നതാണ് ഈ വിധി. എന്നാൽ രണ്ടു കോടിയിൽ താഴെയുള്ള വായ്പകളുടെ പിഴ/കൂട്ടു പലിശ സർക്കാർ ബാങ്കുകൾക്കു നൽകിയിരുന്നു. 6500 കോടി രൂപയാണ് അതിനു വേണ്ടി വന്നത്. ബാക്കി 8500 കോടിയേ ഇനി വേണ്ടിവരൂ. ഇതു സർക്കാർ നൽകുമോ ബാങ്കുകൾ തന്നെ വഹിക്കുമോ എന്നേ അറിയേണ്ടതുള്ളു. ബാങ്കുകളുടെ മൊത്തം വായ്പയുടെ ആയിരത്തിലൊരു ഭാഗം മാത്രം വരുന്ന ഈ ബാധ്യത അത്ര വലുതല്ല താനും.
ഏതായാലും ബാങ്കുകൾക്ക് വിധി ആശ്വാസമായി. കിട്ടാക്കട വിഷയത്തിലെ അനിശ്ചിതത്വം മാറി. അതിൻ്റെ പ്രതിഫലനമാണ് ബാങ്ക് ഓഹരികളിലുണ്ടായ കുതിപ്പ്.

കോടതി പറഞ്ഞതും പറയാത്തതും

സാമ്പത്തിക നയവും ധനകാര്യ പാക്കേജുകളും കേന്ദ്രത്തിൻ്റെയും റിസർവ് ബാങ്കിൻ്റെയും പരിധിയിൽ വരുന്ന കാര്യമാണെന്നു പറഞ്ഞു കൊണ്ടാണു സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഈ വിധി നടത്തിയത്. സാമ്പത്തിക നയത്തിന്മേൽ കോടതിയുടെ പരിശോധനയ്ക്കു കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിൽ എന്തു കൊണ്ട് കോടതി ഈ വിഷയം ഇത്രയേറെക്കാലം നീട്ടി എന്ന ചോദ്യം ഉണ്ട്. പിഴ/കൂട്ടു പലിശ സംബന്ധിച്ചതല്ലാതെ ഹർജിക്കാരുടെ മറ്റ് ആവശ്യങ്ങളൊന്നും ന്യായമാണെന്നു കോടതി കണ്ടതുമില്ല.
നയവും നിയമവും വ്യക്തമായ ഒരു വിഷയത്തിൽ എൻപിഎ നിർണയം ഇത്ര നീണ്ട കാലം വിലക്കപ്പെട്ടതിൻ്റെ അസൗകര്യം കോടതി പരിഗണിച്ചില്ല. മൂന്നു മാസത്തിലധികം കുടിശികയായ വായ്പകൾ എൻപിഎ ആയി പ്രഖ്യാപിക്കാത്തതു മൂലം ബാങ്കുകൾക്കു രണ്ടു തരം കണക്ക് ഉണ്ടാക്കേണ്ടി വന്നു. കോടതിവിധി പ്രകാരം എൻപിഎയിൽ പെടാത്തവ വേറേ കണക്കാക്കി അക്കാര്യം പ്രസിദ്ധീകരിക്കേണ്ടി വന്നു. എങ്കിലും ആ അക്കൗണ്ടുകളെ എൻപിഎ അല്ലാതെ പരിഗണിക്കേണ്ടിയും വന്നു.
ബാങ്ക് മേഖലയ്ക്ക് ഒരു റെഗുലേറ്റർ ഉള്ളപ്പോൾ ഇത്തരം കാര്യങ്ങളിൽ കോടതികൾ ഇടപെടുന്നതു ശരിയാണോ എന്ന ചോദ്യവും കോടതി പരിഗണിച്ചതായി കാണുന്നില്ല.
റിസർവ് ബാങ്കും ഗവണ്മെൻ്റും കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ കോടതികളെ വലിച്ചിഴയ്ക്കുന്നതാണു വലിയ തെറ്റ്.


നിക്ഷേപങ്ങൾ സ്മാർട്ട് ആവട്ടെ. സന്ദർശിക്കു smartfolios.geojit.com
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it