ചാഞ്ചാട്ടങ്ങളിലേക്ക് വിപണി; പലിശപ്പേടി മാറുന്നു; ടാറ്റാ ജയിച്ചപ്പോൾ മിസ്ത്രിയുടെ ഭാവി എന്ത്? കുടിവെള്ളത്തിനു വില കൂടുമോ?

മൂന്നു ദിവസം മാത്രം വിപണി പ്രവർത്തിക്കുന്ന ഒരാഴ്ചയാണിത്. ഹോളി പ്രമാണിച്ച് ഇന്നും ദു:ഖവെള്ളി പ്രമാണിച്ച് രണ്ടാം തീയതിയും വിപണി അവധിയാണ്.

കഴിഞ്ഞ വാരത്തിൽ വലിയ താഴ്ചകൾക്കുശേഷം വെള്ളിയാഴ്ച സൂചികകൾ ഉയർന്നു ക്ലോസ് ചെയ്തു. എങ്കിലും മുഖ്യസൂചികകൾ ദുർബല നില കടന്നിട്ടില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞയാഴ്ച 14,744- ൽ നിന്ന് 14,264 വരെ താണതാണു വിപണി. 14,507.3 ലെ ക്ലോസിംഗിൽ നിന്ന് ഗണ്യമായി ഉയർന്ന തുടക്കം നാളെ ഉണ്ടായാലേ വിപണിക്കു മുന്നേറ്റം സാധിക്കൂ. വലിയ ചാഞ്ചാട്ടങ്ങൾ ഈ ത്രിദിന ആഴ്ചയിലും പ്രതീക്ഷിക്കാം.
വെള്ളിയാഴ്ച യൂറോപ്യൻ , അമേരിക്കൻ ഓഹരി സൂചികകളും നല്ല നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ഇന്നു ജാപ്പനീസ് സൂചികകളും നേട്ടത്തിലാണ്.
എസ്ജിഎക്സ് നിഫ്റ്റി ഒന്നാം സെഷൻ ക്ലോസ് ചെയ്തത് 14,793-ലാണ്. നിഫ്റ്റി യുടെ ക്ലോസിംഗ് ആയ 14,507നേക്കാൾ ഗണ്യമായ ഉയരത്തിലാണിത്. ഇന്ത്യൻ വിപണി നാളെ നല്ല തുടക്കമിടുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വിപണി.
കോവിഡ് ആശങ്ക കൂടി
കോവിഡ് വ്യാപനം അതിവേഗം വർധിക്കുന്നതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് ഈയാഴ്ച വിപണിയെ ബാധിക്കാവുന്ന ഘടകങ്ങൾ. കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മഹാരാഷ്ട്ര തീരുമാനിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾക്കു മുടക്കം വരാതെയാണു നിയന്ത്രണങ്ങൾ എന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. എങ്കിലും വ്യാപാര - ഉല്ലാസ - ഹോട്ടൽ മേഖലകളിൽ വലിയ മാന്ദ്യമുണ്ട്.
വിദേശികൾ എന്തു ചെയ്യും?
വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും വിൽപനക്കാരായിരുന്നു. തലേ ദിവസം 3383.6 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച അവർ വെള്ളിയാഴ്ച 50 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1703 കോടിയുടെ നിക്ഷേപത്തിനു തയാറായി. മാർച്ചിലെ മൊത്തം കണക്കെടുത്താൽ വിദേശികളുടെ അറ്റ നിക്ഷേപം 2161.66 കോടിയായി കുറഞ്ഞെന്നു കാണാം. കഴിഞ്ഞയാഴ്ച മുഴുവൻ അവർ വിൽപ്പനക്കാരായിരുന്നു. 6280 കോടി രൂപ ഓഹരികളിൽ നിന്ന് അവർ പിൻവലിച്ചു. ഈയാഴ്ചയും ഇതേ സമീപനം തുടരുമോ എന്ന ആശങ്ക വിപണിയിൽ ഉണ്ട്.
ക്രൂഡ് വില താഴുന്നില്ല
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ചെറിയ കയറ്റിറക്കത്തിൽ തുടരുന്നു. ബ്രെൻ്റ് ഇനം 64.76 ഡോളറിലെത്തി. സൂയസ് കനാലിലെ തടസം നീക്കാൻ ഇനിയും ദിവസങ്ങൾ വേണം എന്നത് വില ഉയർന്നു നിൽക്കാൻ കാരണമായി.
സ്വർണ വില ഔൺസിന് 1727 ഡോളറിലാണു തിങ്കളാഴ്ച രാവിലെ.
ചൈനീസ് പെറ്റ് റെസീന് പിഴച്ചുങ്കം
കുപ്പികളും ജാറുകളും നിർമിക്കുന്നതിനുള്ള പോളി എത്തിലിൻ ടെറഫ് താലേറ്റ് (പെറ്റ്) റെസീൻ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ആൻ്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി. ചൈന കൃത്രിമമായി വില കുറച്ച് ഉൽപന്നം തരുന്നത് ആഭ്യന്തര വ്യവസായത്തെ തളർത്തുന്നു എന്നതുകൊണ്ടാണു നടപടി. അഞ്ചു വർഷത്തേക്കാണ് പിഴച്ചുങ്കം.
റിലയൻസ് ഇൻഡസ്ട്രീസും ഐവിഎൽ ധുൻസേരിയുമാണ് രാജ്യത്തെ പ്രധാന പെറ്റ് നിർമാതാക്കൾ. ഇവരുടെ പരാതിയിലാണു നടപടി.
പെറ്റ് റെസീൻ വില വർധിക്കുന്നതിനെപ്പറ്റി കുപ്പി - ജാർ നിർമാതാക്കളും കുടിവെള്ള കമ്പനികളും പരാതിപ്പെടുന്നതിനിടെയാണ് ഈ നടപടി. കുടിവെള്ള വില വർധിക്കാൻ ഇതു കാരണമാകും.
കടപ്പത്രവിപണിയിൽ സ്ഥിരത
അമേരിക്കൻ കടപ്പത്ര വിപണി ഏതാണ്ടു സ്ഥിരത കൈവരിച്ച മട്ടാണ്. 10 വർഷ സർക്കാർ കടപ്പത്രവില 1.66 ശതമാനം നിക്ഷേപനേട്ടം കിട്ടാവുന്ന നിലയിലേക്കു കയറി. തലേ ആഴ്ച നിക്ഷേപനേട്ടം 1.75 ശതമാനമായിരുന്നു. ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടി. 10 വർഷ കടപ്പത്രവില 6.125 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താണു. തലേ ആഴ്ച 6.202 ശതമാനമായിരുന്നു നിക്ഷേപനേട്ടം. പലിശനിരക്കു കൂടുമെന്ന ധാരണ നിക്ഷേപകർ തിരുത്തുന്നതിൻ്റെ ലക്ഷണമായി പലരും ഇതിനെ കാണുന്നു. എന്നാൽ കേന്ദ്ര ബാങ്കുകൾ പലിശ കൂട്ടില്ലെന്ന ഉറച്ച നിലപാടിലായതു കൊണ്ട് നിക്ഷേപകർ താൽക്കാലികമായി പിന്മാറിയതേ ഉള്ളു എന്നു കണക്കാക്കുന്നതാണു യുക്തി. ഏതാനുമാഴ്ചകൾക്കുശേഷം വീണ്ടും കടപ്പത്രവിലകൾ താഴോട്ടു പോകാം.
ഐപിഒ വിജയങ്ങൾ പഴങ്കഥയാകുന്നു?
ഐപിഒകൾക്കു പല മടങ്ങ് അപേക്ഷകർ ഉണ്ടാവുക. ലിസ്റ്റ് ചെയ്യുമ്പോൾ ഇഷ്യു വിലയേക്കാൾ വളരെ കൂടിയ വിലയിൽ വ്യാപാരം നടക്കുക. എല്ലാവരും ഹാപ്പി. കമ്പനി പ്രൊമോട്ടർ മുതൽ മർച്ചൻ്റ് ബാങ്കർമാരും നിക്ഷേപകരും വരെ നേട്ടമുണ്ടാക്കുന്നു.
കുറേക്കാലമായി ഐപിഒ വിപണിയിൽ എല്ലാവരും ഹാപ്പിയായിരുന്നു. പക്ഷേ ആ നല്ല കാലം തീർന്നെന്ന സൂചനയാണ് സമീപ ആഴ്ചകൾ നൽകുന്നത്. കഴിഞ്ഞ ആഴ്ചയിലെ അഞ്ച് ഐപിഒകളിൽ നാലിനും അപേക്ഷകർ കുറവായി. രണ്ടു മുതൽ ആറുവരെ മടങ്ങ് അപേക്ഷകർ മാത്രം. അവ ലിസ്റ്റ് ചെയ്തതും നഷ്ടത്തിൽ.
നൂറും ഇരുനൂറും മടങ്ങ് അപേക്ഷകർ ഉണ്ടാവുകയും ലിസ്റ്റ് ചെയ്യുമ്പോൾ 100 ശതമാനത്തിലേറെ നേട്ടം ഉണ്ടാക്കുകയും ചെയ്ത ഇഷ്യുകൾ ഇപ്പോൾ നഷ്ടത്തിലായ കഥയുമുണ്ട്. 198 മടങ്ങ് അപേക്ഷകർ ഉണ്ടായിരുന്ന മിസിസ് ബെക്ടേഴ്സ് ഫുഡിൻ്റെ വില മൂന്നു മാസം കഴിഞ്ഞപ്പോൾ 44 ശതമാനം താഴെയായി. 200 മടങ്ങ് അപേക്ഷകർ ഉണ്ടായിരുന്ന എംടാർ ടെക്നോളജീസ് ഇപ്പോൾ 6.2 ശതമാനം നഷ്ടത്തിലാണ്. 117 മടങ്ങ് അപേക്ഷകരുണ്ടായ ഇൻഡിഗോ പെയിൻ്റ്സ് ഇപ്പോൾ 26.4 ശതമാനം നഷ്ടത്തിലാണ്.
ലിസ്റ്റിംഗിൽ വൻ നേട്ടം കാണിച്ചവയാണ് ഈ ഓഹരികളെല്ലാം. ഇവയെ ചൂണ്ടിക്കാട്ടി ഐപിഒ നിക്ഷേപത്തിലേക്ക് ആൾക്കാരെ ആകർഷിച്ചിരുന്നതുമാണ്.
മൂലധന വിപണിയിൽ ആവർത്തിക്കുന്ന തെറ്റുകളെല്ലാം ഈയിടത്തെ 'ഐപിഒ ഭ്രമ' കാലത്തും ഉണ്ടായി. ഇഷ്യുവിനു മുമ്പുള്ള ഏതാനും ക്വാർട്ടറുകളിൽ മാത്രം നല്ല വളർച്ച കാണിച്ചതിനെപ്പറ്റി സംശയിക്കാതെ നിക്ഷേപകർ പണം മുടക്കിയതാണ് മിസിസ് ബെക്ടേഴ്സിൽ കണ്ടത്. കമ്പനി നേരിടുന്ന കേസുകളുടെ കാര്യം ഗൗരവമായി എടുക്കാത്തതു കെംകോൺ സ്പെഷാലിറ്റിയിലെ നിക്ഷേപകർക്ക് നഷ്ടത്തിനു കാരണമായി.
രത്തൻ ടാറ്റാ നേടി; മിസ്ത്രിക്ക് ഇരട്ട പ്രഹരം; പ്രശ്നങ്ങൾ തീരുന്നില്ല

ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനെ ചൊല്ലി നടന്നു വന്ന നിയമയുദ്ധത്തിൽ ടാറ്റാ ഗ്രൂപ്പിന് വിജയം. മിസ്ത്രിയെ നീക്കിയതു ശരിയാണെന്നു സുപ്രീം കോടതി വിധിച്ചു. ടാറ്റാ സൺസിൽ മിസ്ത്രി കുടുംബത്തിനുള്ള 18.37 ശതമാനം ഓഹരി നിയമ വഴികളിലൂടെ വിൽക്കാം.
1991 മുതൽ 2012 വരെ ടാറ്റാ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റായുടെ വ്യക്തിപരമായ വിജയം കൂടിയാണിത്. മിസ്ത്രിക്കാകട്ടെ വലിയ തിരിച്ചടിയും.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വെള്ളിയാഴ്ച നല്ല നേട്ടമുണ്ടാക്കി. ഗ്രൂപ്പിനെ സംബന്ധിച്ചു നാലു വർഷമായി നിലനിന്ന അനിശ്ചിതത്വം മാറിക്കിട്ടി. ഒപ്പം ഗ്രൂപ്പിൻ്റെ ബിസിനസ് മര്യാദ സംബന്ധിച്ച വിമർശനങ്ങൾക്കു മറുപടിയുമായി.
മിസ്ത്രിയുടെ കാര്യം അതല്ല. ഷപ്പുർജി പല്ലോൺജി (എസ്പി) ഗ്രൂപ്പിൻ്റെ നിലനിൽപ് പോലും ഭീഷണിയിലായി. കൺസ്ട്രക്ഷൻ രംഗത്തെ വൻപ്രസ്ഥാനമാണ് എസ്പി ഗ്രൂപ്പ്. ഫോർബസ് ആൻഡ് കോ, സ്‌റ്റെർലിംഗ് ആൻഡ് വിൽസൻ എന്നീ ഗ്രൂപ്പ് കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ അടക്കമുള്ള ഗ്രൂപ്പ് കമ്പനികളെല്ലാം വലിയ കടബാധ്യതയിലാണ്.
ടാറ്റാ സൺസിലെ ഓഹരി വിറ്റാൽ ഗ്രൂപ്പിൻ്റെ ധനകാര്യ പ്രശ്നങ്ങളെല്ലാം തീരും. ടാറ്റാ സൺസിൻ്റെ നിയമാവലി അനുസരിച്ച് ടാറ്റാ ഗ്രൂപ്പിൻ്റെ അനുമതി കൂടാതെ ഓഹരി വിൽപനയോ പണയം വയ്ക്കലോ നടക്കില്ല.
ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരിക്ക് 1.75 ലക്ഷം കോടി രൂപയാണ് മിസ്ത്രി കാണുന്ന വില. ടാറ്റാ ഗ്രൂപ്പ് പറയുന്നത് 80,000 കോടി രൂപ എന്നും. വിലയും വിൽപനയും കക്ഷികൾ തന്നെ തീരുമാനിച്ചോ എന്നാണ് സുപ്രീം കോടതി വിധിച്ചത്. വീണ്ടും നിയമയുദ്ധങ്ങളിലൂടെയേ മിസ്ത്രിക്ക് ഈ ഓഹരി പണമാക്കാൻ സാധിക്കൂ.
മിസ്ത്രിയെ ഒഴിവാക്കാൻ ആഗ്രഹമുണ്ടെങ്കിലും ടാറ്റാ ഗ്രൂപ്പിന് ഭീമമായ തുക കണ്ടെത്തൽ അത്ര എളുപ്പമല്ല. അതു കൊണ്ടു ഡയറക്ടർ ബോർഡിൽ സ്ഥാനം പോലുമില്ലാത്ത ന്യൂനപക്ഷ ഓഹരിയുമായി മിസ്ത്രിയെ തുടരാൻ അനുവദിക്കുകയേ തൽക്കാലം മാർഗമുള്ളു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it