ഒരു വര്‍ഷത്തിനിടെ 95 ശതമാനം നേട്ടം, അറിയുമോ വിപണിയില്‍ കുതിച്ചുചാടിയ ഈ കേരള കമ്പനിയെ

ഓഹരി വിപണിയില്‍ കുതിച്ചുചാടി ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചൊരു കേരള കമ്പനിയുണ്ട്, നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 95 ശതമാനം വളര്‍ച്ചയാണ് ഈ കമ്പനി സമ്മാനിച്ചത്. ഒരു വര്‍ഷം മുമ്പ് 160 രൂപയുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില ഇന്ന് (12-04-2022, 11.10 am) 312.70 രൂപയിലാണ് എത്തിനില്‍ക്കുന്നത്. ആറ് മാസത്തിനിടെ 30 ശതമാനത്തോളം ഓഹരി വില ഉയര്‍ന്ന ഈ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയും ഇതാണ്.

ജപ്പാന്റെ നിറ്റ ജെലാറ്റിന്റെ ഒരു അനുബന്ധ കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍ജിഐഎല്‍). മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന ജെലാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ആഗോള നിര്‍മ്മാതാക്കളാണ് നിറ്റ. നിറ്റ ജെലാറ്റിന്‍ ജപ്പാന്റെയും കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്‌ഐഡിസി) സംയുക്ത സംരംഭമായി ആരംഭിച്ച കേരള പ്രോട്ടീന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (കെസിപിഎല്‍) 2008ലാണ് ആഗോളതലത്തില്‍ നിറ്റയെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റിയത്.
ഒരു ഘട്ടത്തില്‍ കേരളത്തില്‍ അടച്ചുപൂട്ടല്‍ വക്കിലെത്തിയ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. കമ്പനിയുടെ അകത്തും പുറത്തും വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കൂടാതെ, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചത് കമ്പനിയെ നേട്ടത്തിലാക്കി. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നികുതി അടക്കമുള്ള ലാഭത്തില്‍ 39 ശതമാനം വളര്‍ച്ചയാണ് ഈ കമ്പനി നേടിയത്. 2020-21 വര്‍ഷം ഇതേ കാലയളവില്‍ നേടിയ 15.6 കോടി രൂപയെ അപേക്ഷിച്ച് ഈ കാലയളവിലെ മൊത്ത ലാഭം 21.7 കോടി രൂപയാണ്. കമ്പനിക്ക് കേരളത്തിലെ മൂന്ന് ഫാക്ടറികള്‍ക്ക് പുറമെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഫാക്ടറികളുണ്ട്.




Related Articles
Next Story
Videos
Share it