സെബിയുടെ പച്ചക്കൊടി; വിക്രം സോളാറും ഓഹരി വിപണിയിലേക്ക്

വിക്രം സോളാറിന്റെ (Vikram Solar) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ (SEBI) അനുമതി. സോളാര്‍ മേഖയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,500 കോടി രൂപയുടെ പുതിയ ഓഹരികളാണ് കൈമാറുന്നത്. കൂടാതെ, ഷെയര്‍ഹോള്‍ഡര്‍മാരുടെ 50 ലക്ഷം വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുമ്പാകെ വിക്രം സോളാര്‍ രേഖകള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 10ന് നിരീക്ഷണ കത്തും ലഭിച്ചു.

സോളാര്‍ ഫോട്ടോ-വോള്‍ട്ടായിക് (പിവി) മൊഡ്യൂള്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിക്രം സോളാര്‍ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (EPC) സേവനങ്ങളും ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് (O and M) സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സംയോജിത സോളാര്‍ സോല്യൂഷന്‍ കമ്പനിയാണ്. യുഎസിലും ചൈനയിലും സാന്നിധ്യമുള്ള കമ്പനി 2021 ഡിസംബര്‍ 31 വരെ 32 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സോളാര്‍ പിവി മൊഡ്യൂളുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
കരട് പേപ്പറുകള്‍ അനുസരിച്ച്, ഐപിഒയില്‍ നിന്നുള്ള വരുമാനം 2,000 മെഗാവാട്ട് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള ഒരു സംയോജിത സോളാര്‍ സെല്ലും സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ കേന്ദ്രവും സ്ഥാപിക്കുന്നതിന് വിനിയോഗിക്കും. NTPC, Rays Power Infra, Amp Energy India, Azure Power India, West Bengal State Electricity Distribution Company Ltd, Solar Energy Corporation of India, Hindustan Petroleum Corporation Ltd, Keventer Agro തുടങ്ങിയവയാണ് ഇന്ത്യയിലെ കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍.
ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡും കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡുമാണ് പബ്ലിക് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it