15 മുതല്‍ 24% വരെ മുന്നേറ്റ സാധ്യതയുള്ള 3 ഓഹരികള്‍

ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ജൂണ്‍ പാദത്തില്‍ 7.8 ശതമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യവസായങ്ങള്‍ക്കുള്ള ബാങ്ക് വായ്പകള്‍, റീറ്റെയ്ല്‍ വായ്പകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. വ്യാവസായിക ഉത്പാദന മേഖലയിലും ഉണര്‍വ്വുണ്ട്. കാലവര്‍ഷം ദുര്‍ബലമാകുമോ എന്ന ഭയം നിലനില്‍ക്കുന്നത് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമാകാം. എങ്കിലും വിപണി ശുഭാപ്തി വിശ്വാസത്തിലാണ്. ഈ പശ്ചാത്തലത്തില്‍ ബാങ്കിംഗ്, ഉരുക്ക്, എന്‍ജിനീയറിംഗ് മേഖലയിലെ വളര്‍ച്ചാ സാധ്യതയുള്ള മൂന്ന് ഓഹരികള്‍ നോക്കാം.

1.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India):
പ്രമുഖ പൊതുമേഖലാ വാണിജ്യ ബാങ്കായ എസ്.ബി.ഐ 2023-24 ജൂണ്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി-16,884 കോടി രൂപ. ലാഭം 178.25% വര്‍ധിച്ചു. ആസ്തിയില്‍ നിന്നുള്ള ആദായം 0.74% ഉയര്‍ന്ന് 1.22 ശതമാനമായി. ഓഹരിയില്‍ നിന്നുള്ള ആദായം 14.33% വര്‍ധിച്ച് 24.42 ശതമാനമായി. അറ്റ പലിശ വരുമാനം 24.71% വര്‍ധിച്ചു. പലിശേതര വരുമാനം 421.73% ഉയര്‍ന്നു. പ്രവര്‍ത്തന ചെലവുകള്‍ 23.68% വര്‍ധിച്ചു. പ്രധാനമായും വേതന പരിഷ്‌കരണം നടപ്പാക്കിയത് കൊണ്ടാണിത്. ആഭ്യന്തര വായ്പയില്‍ 15.08% വളര്‍ച്ച കൈവരിച്ചു. വിദേശ ബാങ്കിംഗ് ബിസിനസിലും മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു.
മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.15% കുറഞ്ഞ് 2.76 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.29% ഇടിഞ്ഞ് 0.71 ശതമാനമായി. സ്ലിപ്പേജ് അനുപാതം 0.44% മെച്ചപ്പെട്ട് 0.94 ശതമാനമായി. സ്ലിപ്പേജ് അനുപാതം പുതിയതായി നിഷ്‌ക്രിയ ആസ്തിയായി മാറുന്ന വായ്പകളുടെ കണക്കിനെ സൂചിപ്പിക്കുന്നതാണ്. 2023-24ല്‍ അറ്റ പലിശ മാര്‍ജിന്‍ 3.5% നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാലന്‍സ് ഷീറ്റ് ലിക്വിഡിറ്റി ഉള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. വരും പാദങ്ങളില്‍ 3.5 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റ് വായ്പകള്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ഉള്ള വായ്പകളില്‍ 18% വര്‍ധന ഉണ്ടായി. ജൂണ്‍ പാദത്തില്‍ വായ്പ ചെലവ് കുറഞ്ഞിരുന്നു- 0.32%. ഫീ വരുമാനവും വിദേശ കറന്‍സി ഇടപാടുകളുടെ വരുമാനവും മെച്ചപ്പെടാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 698 രൂപ
നിലവില്‍ - 569.70 രൂപ
Stock Recommendation by Nirmal Bang Research.
2.ഭാരത് വയര്‍ റോപ്സ് (Bharat Wire Ropes): 1986 ആരംഭിച്ച പ്രമുഖ ഉരുക്ക് നിര്‍മാണ കമ്പനിയാണ് ഭാരത് വയര്‍ റോപ്സ്. എലിവേറ്റര്‍, കപ്പല്‍, എണ്ണ പ്രകൃതി വാതകം, ക്രയിന്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ആവശ്യമായ സ്റ്റീല്‍ വയര്‍ റോപ്‌സ്, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ വയര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. വരുമാനത്തിന്റെ 83% കയറ്റുമതിയില്‍ നിന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വരുമാനത്തില്‍ 31.7%, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനത്തില്‍ 68.5% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു. 61 കോടി രൂപയുടെ അറ്റ നഷ്ടത്തില്‍ നിന്ന് 62 കോടി അറ്റാദായം നേടാന്‍ സാധിച്ചു. 2022-23ല്‍ 589 കോടി രൂപ വരുമാനം നേടി (+43.4 %).
പുതിയ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കി, പുതിയ വിപണികളിലേക്ക് പ്രവേശിച്ച് അന്താരാഷ്ട്ര ബിസിനസ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തില്‍ വില്‍പ്പനയില്‍ 15-20% വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ശേഷി വിനിയോഗം നിലവില്‍ 62 ശതമാനത്തില്‍ നിന്ന് 80-85% വരെ ഉയര്‍ത്തും. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 15% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. വിദേശ വിപണികളില്‍ പ്രതികൂല സാഹചര്യം നേരിട്ടാല്‍ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കുന്നത് പ്രയാസമാകും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞാലും പ്രവര്‍ത്തനത്തെ ബാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 300 രൂപ
നിലവില്‍ - 241 രൂപ
Stock Recommendation by ICICI Direct Research
3. തെര്‍മാക്‌സ് ലിമിറ്റഡ് (Thermax Ltd ): ഊര്‍ജ, പരിസ്ഥിതി മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രമുഖ എഞ്ചിനിയറിംഗ് സ്ഥാപനമാണ് തെര്‍മാക്‌സ്. നിലവില്‍ ഹരിത ഊര്‍ജ മേഖലയില്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കൂടുതല്‍ പദ്ധതികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. നിലവില്‍ 10,505 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൈവശം ഉണ്ട്. കുറഞ്ഞ മൂലധന തീവ്രത ഉള്ളതും ഉയര്‍ന്ന മാര്‍ജിന്‍ ലഭിക്കുന്നതുമായ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. കാനഡ, മെക്സിക്കോ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്.
വ്യവസായിക ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിദൂര സഹായ സാങ്കേതിക വിദ്യ, ഓട്ടോമേഷന്‍ തുടങ്ങിയ മൂല്യ വര്‍ധിത പദ്ധതികളും നടപ്പാക്കുന്നുണ്ട്. രാസവസ്തുക്കളുടെ ബിസിനസില്‍ 20% വളര്‍ച്ച പ്രതീക്ഷിക്കുന്നു. അതിനായി ശേഷി ഉയര്‍ത്താനുള്ള മൂലധന നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റം കമ്പനിക്ക് നേട്ടമാകും. മികച്ച ഓര്‍ഡര്‍ ബുക്ക്, നിര്‍വഹണ ശേഷി, 2,000 കോടി രൂപയുടെ വിദേശ ഓര്‍ഡറുകള്‍ തുടങ്ങിയ അനുകൂല സാഹചര്യങ്ങളില്‍ തെര്‍മാക്‌സിന് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3,235 രൂപ
നിലവില്‍ - 2,800 രൂപ
Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it