ഈ ആഴ്ച നിക്ഷേപത്തിന് പരിഗണിക്കാന്‍ 4 ഓഹരികള്‍; 47% വരെ നേട്ട സാധ്യത

സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നത് അനുസരിച്ച് ഉരുക്ക് ഡിമാന്‍ഡ് അടുത്ത പത്തു വര്‍ഷത്തില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിര്‍മാണ, ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളാണ് ഉരുക്ക് കൂടുതലായി ഉപയോഗപെടുത്തുന്നത്. സ്വകാര്യ മേഖലയില്‍ ആരോഗ്യ രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ നടത്തുകയാണ് ആശുപത്രി ശൃംഖലകള്‍. അതിനൊപ്പം രോഗനിര്‍ണയ ലാബുകളും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ചലച്ചിത്ര വിനോദ വ്യവസായങ്ങള്‍ തിരിച്ചുവരവിലാണ്. ഈ സാഹചര്യത്തില്‍ നേട്ടം നല്‍കാവുന്ന സ്‌മോള്‍ക്യാപ്, മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് വിഭാഗങ്ങളിലെ 4 ഓഹരികള്‍ നോക്കാം.

1. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് (Apollo Hospitals Enterprise): തെക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്. നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കി ഈ ആശുപത്രി ശൃംഖല കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാനുള്ള ശ്രമമാണ്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 ആഗസ്റ്റ് 24ന് നല്‍കിയിരുന്നു. അന്നത്തെ ലക്ഷ്യ വിലയായ 5,700 രൂപ ഭേദിച്ച് 2024 ഫെബ്രുവരി 22ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 6871.30 രൂപയില്‍ ഓഹരി എത്തി. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞു. 2023-24 ഡിസംബര്‍ പാദത്തില്‍ പുതിയതായി 2,528 കിടക്കകള്‍ കൂടി സ്ഥാപിച്ചു. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 7,911ലേക്ക് ഉയര്‍ന്നു. തമിഴ്നാട്ടില്‍ 9 ശതമാനം, ആന്ധ്ര പ്രദേശ്-തെലങ്കാന മേഖലയില്‍ 10 ശതമാനം, കര്‍ണാടകത്തില്‍ 14 ശതമാനം എന്നിങ്ങനെ വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. കിഴക്കന്‍ മേഖലയില്‍ 15 ശതമാനം, പശ്ചിമ മേഖലയില്‍ 25 ശതമാനം, വടക്കന്‍ മേഖലയില്‍ 11 ശതമാനം എന്നിങ്ങനെയും വരുമാന വളര്‍ച്ച കൈവരിച്ചു. രോഗ നിര്‍ണയ വിഭാഗം (ഡയഗ്നോസ്റ്റിക്‌സ്), ഫാര്‍മസി വിഭാഗം എന്നിവ ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. സ്തനാര്‍ബുദം കൂടാതെ വിവിധ തരം അര്‍ബുദങ്ങളുടെ ചികിത്സകള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. റൂര്‍കലയില്‍ 290 കിടക്കകള്‍ ഉള്ള ആശുപത്രി സ്റ്റീല്‍ അതോറിറ്റിയുമായി സഹകരിച്ച് സ്ഥാപിക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ ജീവിതശൈലി രോഗ നിര്‍ണയ പരിപാടി നടപ്പാക്കി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 6,754 രൂപ
നിലവില്‍ വില- 6,397.90 രൂപ
Stock Recommendation by BNP Paribas Securities.
2. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ്‌ പവര്‍ (Jindal Steel & Power Ltd): ഉരുക്ക്, ഖനനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍ പവര്‍. നിലവിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 2025-26ല്‍ ഇന്ത്യയിലെ നാലാമത്തെ വലിയ ഉരുക്ക് നിര്‍മാണ കമ്പനിയാകും. ക്രൂഡ് സ്റ്റീല്‍ ഉത്പാദന ശേഷി 65 ശതമാനം വര്‍ധിച്ച് 15.9 മില്യണ്‍ ടണ്ണാകും. വികസന പദ്ധതികള്‍ നടപ്പാക്കുന്നത് കൊണ്ട് 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 24 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഇരുമ്പയിര് ഖനികള്‍ ഉള്ളതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നില്ല. അതിനാല്‍ ഏറ്റവും ചെലവ് കുറച്ച് ഉരുക്ക് നിര്‍മിക്കുന്ന കമ്പനിയാകാനുള്ള ലക്ഷ്യം കൈവരിക്കാന്‍ പ്രയാസമില്ല. അടുത്ത രണ്ടു ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ഉരുക്ക് ഡിമാന്‍ഡ് വളരെ വേഗത്തില്‍ വര്‍ധിക്കുമെന്ന് കരുതുന്നു. 31,000 കോടി രൂപയുടെ മൂലധന ചെലവില്‍ വികസന പരിപാടികള്‍ നടപ്പാക്കുന്നത് വഴി 2025-26ല്‍ ക്രൂഡ് സ്റ്റീല്‍, ഇരുമ്പ്, പൂര്‍ത്തിയായ സ്റ്റീല്‍ എന്നിവയില്‍ ഉത്പാദന ശേഷി യഥാക്രമം 65 ശതമാനം, 62 ശതമാനം, 90 ശതമാനം എന്നിങ്ങനെ വര്‍ധിക്കും. കഴിഞ്ഞ ദശാബ്ദത്തില്‍ ഉരുക്ക് ഉത്പാദന ശേഷി മൂന്ന് ഇരട്ടി വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1,070 രൂപ
നിലവില്‍ വില- 915.75 രൂപ
Stock Recommendation by Anand Rathi share & Stock Brokers.
3. യു.എഫ്.ഒ മൂവീസ് ഇന്ത്യ (UFO Movies India Ltd): ചലച്ചിത്ര പ്രദര്‍ശനം, വിതരണം, ഒ.ടി.ടി, പരസ്യ പ്രചാരണം തുടങ്ങിയ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് യു.എഫ്.ഒ മൂവീസ് ഇന്ത്യ. അടുത്തിടെ ടി.എസ്.ആര്‍ ഫിലിംസ് എന്ന കമ്പനിയുമായി ധാരണയില്‍ എത്തിയതോടെ പരസ്യം ചെയ്യാവുന്ന സ്‌ക്രീനുകളുടെ എണ്ണം 3,808 ആയി. 2022-23ല്‍ വരുമാനം 396 കോടി രൂപയായിരുന്നത് 2026-27ല്‍ 638.8 കോടി രൂപയായി ഉയരും. 12.7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച. പരസ്യ വരുമാനം 31.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാധിച്ചു. ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന വിഭാഗം, കണ്ടന്റ് ഡെലിവറി ചാര്‍ജ്, ഡിജിറ്റൈസേഷന്‍, വിര്‍ച്വല്‍ പ്രിന്റ് ഫീ തുടങ്ങിയവയില്‍ വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 214 രൂപ
നിലവില്‍ വില- 145 രൂപ
Stock Recommendation by Ventura Securities.
4. ഡോ ലാല്‍ പാത്ത് ലാബ്‌സ് (Dr Lal Pathlabs): ഇന്ത്യയിലെ പ്രമുഖ രോഗനിര്‍ണയ ലാബുകളുടെ ശൃംഖല സ്ഥാപിച്ച കമ്പനിയാണ് ഡോ ലാല്‍ പാത്ത് ലാബ്‌സ്. 2023-24ല്‍ ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനത്തില്‍ 10.2 ശതമാനം വളര്‍ച്ച കൈവരിച്ചു. 1,681 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 465 കോടി രൂപയായി. മുന്‍വര്‍ഷം 374 കോടി രൂപ. EBITDA മാര്‍ജിന്‍ 27.6 ശതമാനം. അറ്റാദായം 277 കോടി രൂപ നേടി, 16.4 ശതമാനം മാര്‍ജിന്‍. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ബിസിനസ് വികസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ടെക്നോളജി, ഡിജിറ്റല്‍ സേവനങ്ങളില്‍ നടത്തിയ നിക്ഷേപം കമ്പനിക്ക് നേട്ടമാകും. ഒരു രോഗിയില്‍ നിന്നുള്ള വരുമാനം 800 രൂപയായി ഉയര്‍ന്നിട്ടുണ്ട്. പുതിയതായി 20 ലാബുകള്‍ സ്ഥാപിച്ചു ഇനിയും 20 ലാബുകള്‍ കൂടി പുതിയതായി തുടങ്ങുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില- 3,181 രൂപ
നിലവില്‍ വില- 2,285 രൂപ
Stock Recommendation by BNP Paribas Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it