ഇപ്പോൾ കാണുന്നത് ആശ്വാസ റാലി , ഓഹരി വിപണി ഇനിയും ഇടിയാൻ സാധ്യത

കഴിഞ്ഞ 20 -25 ദിവസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി നിലമെച്ചപ്പെടുത്തി വരികയാണ്. പക്ഷേ, കോവിഡ് ബാധയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഓഹരി വിപണികള്‍ തിരിച്ചുകയറുന്നതിന്റെ സൂചനയായി ഇതിനെ പരിഗണിക്കാനാവില്ല. ''കുത്തനെ തകര്‍ന്നു വീണ ഓഹരി വിപണിയുടെ ആശ്വാസ റാലി മാത്രമാണിത്. യഥാര്‍ത്ഥ തിരുത്തല്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ,'' അഹല്യ ഫിന്‍ഫോറെക്‌സിന്റെ മാനേജിംഗ് ഡയറക്റ്ററും ഓഹരി വിപണി വിദഗ്ധനുമായ എന്‍. ഭുവനേന്ദ്രന്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നതും അതുകൊണ്ടാണ്.

ഓഹരി വിപണിയിലെ മുന്‍കാല തകര്‍ച്ചകളുമായി ഇപ്പോഴത്തെ തകര്‍ച്ചയെ താരതമ്യം ചെയ്യാന്‍ പോലുമാകില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വരാനിടയുള്ള കാര്യങ്ങളെയും നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെയും കുറിച്ച് ഭുവനേന്ദ്രന്‍ സംസാരിക്കുന്നു.

ഇത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യം

വിപണി നിരീക്ഷകര്‍ പലരും. ഓഹരി വിപണിയില്‍ ഇതിനു മുമ്പും തകര്‍ച്ചയുണ്ടായിട്ടുണ്ടെന്നും അതിനുശേഷം വിപണി, എത്രമാത്രം ഇടിഞ്ഞിരുന്നോ അതിനേക്കാളേറെ തീരെ കുറഞ്ഞ കാലയളവ് എടുത്തുകൊണ്ട് തിരിച്ചുകയറിയിട്ടുണ്ടെന്നും ചരിത്ര സംഭവങ്ങളെ നിരത്തി പലരും വാദിക്കുന്നുണ്ട്.

എന്നാല്‍ നിക്ഷേപകരോട് എനിക്ക് പറയാനുള്ളത് ഇത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യമാണ്. ലോകം മുഴുവന്‍ അടച്ചിട്ട നാളുകള്‍ ഇതിന് മുമ്പ് എപ്പോഴാണ് സംഭവിച്ചിരിക്കുന്നത്?

ഇതിനുമുമ്പുണ്ടായതെല്ലാം സാമ്പത്തിക പ്രതിസന്ധികളാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം മരുന്ന് കണ്ടെത്താത്ത, വാക്‌സിന്‍ വികസിപ്പിച്ചെടുക്കാത്ത ഒരു വൈറസാണ്.

കോവിഡ് ബാധയുടെ വ്യാപ്തി നമുക്കിപ്പോഴും പ്രവചിക്കാനാവില്ല. രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ഫാക്ടറികള്‍ തുറന്നാലും ആരെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാം കീഴ്‌മേല്‍ മറിയാന്‍. രോഗം വ്യാപിച്ചാല്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടി വന്നേക്കും. അതായത് കോവിഡ് ബാധയുടെ വ്യാപ്തിയോ അതുണ്ടാക്കാനിടയുള്ള പ്രതിസന്ധികളോ ആര്‍ക്കും പ്രവചിക്കാനാവില്ല.

അതുകൊണ്ട് ഇത് ഓഹരി വിപണിയില്‍ ഉണ്ടാക്കാനിടയുള്ള കാര്യങ്ങളും പ്രവചനാതീതമാണ്. ഇതുപോലൊന്ന് ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. വാക്‌സിന്‍ കണ്ടെത്തി ജനങ്ങളിലേക്ക് എത്തുംവരെ കോവിഡ് മനുഷ്യരാശിക്കും ബിസിനസുകള്‍ക്കും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണി തന്നെയാണ്.

ഇത് ഊഹക്കച്ചവടത്തിനുള്ള സമയമല്ല

കോവിഡ് മൂലം എല്ലാവരും വീട്ടിനുള്ളില്‍ അടച്ചിരിക്കുന്നതുകൊണ്ട് ഓഹരി വിപണിയില്‍ മതിയായ പഠനമില്ലാതെ നിക്ഷേപം നടത്തുന്ന ശീലവും കൂടിയിട്ടുണ്ട്. നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ കണ്ട് ശീലിച്ച പല ഓഹരികളുടെയും വില താഴ്ന്നുവരുന്നതുകാണുമ്പോള്‍ ആവേശം കൊണ്ട് വാങ്ങുന്നുണ്ട്.

എന്നാല്‍ ഓരോ ഓഹരിയുടെയും വില കുറയുന്നതിന്റെ യഥാര്‍ത്ഥ കാരണം നിക്ഷേപകന്‍ മനസ്സിലാക്കണം. ഉദാഹരണത്തിന് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില കുത്തനെ കുറഞ്ഞു. എച്ച് ഡി എഫ് സി ബാങ്കിന്റെയും. കൂടുതല്‍ ചീപ്പായി ലഭിക്കുന്നത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണെന്ന കാരണത്താല്‍ അത് വാങ്ങിയാല്‍ ആ നിക്ഷേപകന്റെ പണം തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കും.

കാരണം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ വില തകര്‍ച്ചയുടെ ഒരു കാരണം ആ കമ്പനിയുടെ ഗവേണന്‍സിലെ പ്രശ്‌നമാണ്. എച്ച് ഡി എഫ് സി ബാങ്കിന് അത്തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളുമില്ല.

അടുത്തിടെ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം ഇപ്പോള്‍ ന്യായമായ നേട്ടം കിട്ടിയിട്ടുണ്ടാവും. അതുകൊണ്ട് നിഫ്റ്റി 9000ത്തിനടുത്ത് എത്തിയ ഈ വേളയില്‍ അവ വിറ്റ് ലാഭമെടുത്ത് പിന്‍മാറാന്‍ നോക്കണം.

ഇനിയും ഉയരുമെന്ന പ്രതീക്ഷ വെച്ച് കാത്തിരുന്ന് ലഭിച്ച നേട്ടം കളയരുത്. അപ്പോള്‍ പലരും പറയും വിദേശ നിക്ഷേപക സ്ഥാപനങ്ങളും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സും ഏപ്രിലില്‍ വാങ്ങി തുടങ്ങിയല്ലോയെന്ന്.

ഒരുകാര്യം എന്നും ഓര്‍ക്കണം. അത്തരം സ്ഥാപനങ്ങളുടെ തന്ത്രം സാധാരണ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് അത്രയെഴുപ്പം പിടികിട്ടില്ല. അവര്‍ ചിലപ്പോള്‍ വാങ്ങും. ചിലപ്പോള്‍ ഒറ്റയടിക്ക് വിറ്റൊഴിഞ്ഞ് മാറും. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ കണ്ടു കൊണ്ട് നിക്ഷേപകര്‍ ഇപ്പോഴത്തെ വിപണി മുന്നേറ്റത്തെ കണ്ണടച്ച് വിശ്വസിക്കരുത്.

യഥാര്‍ത്ഥ തിരുത്തല്‍ വരാനിരിക്കുന്നതേയുള്ളൂ

കമ്പനികളുടെ നാലാംപാദ ഫലങ്ങളില്‍ കോവിഡ് ബാധയുടെ പ്രതിഫലനം അത്ര ശക്തമായ തോതില്‍ കാണില്ല. പക്ഷേ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ ഫലങ്ങള്‍ വരുമ്പോഴാണ് ഓരോ കമ്പനികളെയും കോവിഡ് എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമായി അറിയുക.

ഓഹരി വിപണിയില്‍ യഥാര്‍ത്ഥ തിരുത്തല്‍ ഒരുപക്ഷേ അപ്പോഴാകും സംഭവിക്കുക. ഒരു കമ്പനിയുടെ അടിസ്ഥാനപരമായ കരുത്തില്‍ നിന്നാണ് ഓഹരി വിലയും മികച്ച പ്രകടനം കാഴ്ചവെയ്ക്കൂ.

ഇപ്പോള്‍ നാം വിപണിയില്‍ കാണുന്നത് ആശ്വാസ റാലിയാണ്. വലിയൊരു തകര്‍ച്ചയില്‍ നിന്ന് വിപണി കരകയറുന്നത്. അത് സ്ഥിരതയുള്ള ഒന്നല്ല. കോവിഡിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാനിരിക്കുന്നതുമായ പാക്കേജുകള്‍ എന്നിവയൊക്കെയാണ് ഈ ആശ്വാസറാലിക്ക് കാരണമാകുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളും ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സും നടത്തുന്ന നിക്ഷേപങ്ങള്‍ അവരുടെ ചില സ്ട്രാറ്റജികളുടെ ഭാഗമായുള്ളതാണ്.

വെറും ഊഹാപോഹത്തിന്റെ പേരില്‍ പണം നിക്ഷേപിച്ചാല്‍ അത് പോകുമെന്ന കാര്യം ഉറപ്പാണ്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍ ഇതൊക്കെ

വീട്ടില്‍ വെറുതെ ഇരിക്കുന്നതുകൊണ്ട് കുറച്ച് പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചേക്കാമെന്ന തീരുമാനത്തില്‍ ആരും ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെടേണ്ട. ഇനി ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. ഓരോ സെക്ടറിലും വിപണി നായകരായ കമ്പനികളുണ്ട്. അവയെ മാത്രം ശ്രദ്ധിക്കുക. കോവിഡ് പ്രശ്‌നങ്ങള്‍ പല മാസങ്ങള്‍ നീണ്ടുപോയാലും ഒരു പക്ഷേ അവര്‍ പിടിച്ചുനിന്നേക്കും.

2. നല്ല മാനേജ്‌മെന്റുള്ള കമ്പനികളെ മാത്രം ശ്രദ്ധിക്കുക. ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ കിടയറ്റ മാനേജ്‌മെന്റ് വൈദഗ്ധ്യവും സുതാര്യമായ പ്രവര്‍ത്തനശൈലിയും ഒക്കെ വേണം. കമ്പനി നടത്തിപ്പില്‍ നിലവില്‍ പ്രശ്‌നമുള്ളവര്‍ക്ക് ഇത്തരം പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനാവില്ല. എന്നാല്‍ കരുത്തുറ്റ കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടാലും തിരിച്ചുവരാനാകും.

3. അടുത്തതായി മാറേണ്ടത് റീറ്റെയ്ല്‍ നിക്ഷേപകരുടെ മാനസികമായ ചില സമീപനങ്ങളാണ്. വിപണി ബുള്‍ റണ്‍ നടത്തുമ്പോള്‍ ചില ഓഹരികളുടെ വില പടി പടിയായി ഉയരും. അതായത് 200 രൂപ വിലയുള്ള ഒന്ന് 400 ലെത്തും പിന്നീട് 600 ആകും അങ്ങനെ അങ്ങനെ. പക്ഷേ അപ്പോഴൊന്നും വാങ്ങില്ല. ഒടുവില്‍ അത് വല്ല 1600ലൊക്കെ എത്തുമ്പോള്‍ വാങ്ങും.

എന്നാല്‍ വില ഇടിയുന്ന, ബെയര്‍ മാര്‍ക്കറ്റില്‍, 2000 രൂപ വിലയുള്ള ഓഹരി 1800 ആകുമ്പോള്‍ തന്നെ തിരിക്കിട്ട് വാങ്ങല്‍ ആരംഭിക്കും. വില കയറുമ്പോള്‍ കയ്യും കെട്ടി നോക്കിനിന്ന ആള്‍ തന്നെ ഇറങ്ങുന്ന ആദ്യ അവസരത്തില്‍ ചാടി വീണ് വാങ്ങും.

ഇത് തെറ്റായ മനോഭാവമാണ്. വിപണി ഇടിയുമ്പോഴും നിക്ഷേപകര്‍ കാത്തിരിക്കാന്‍ പഠിക്കണം. വിലകള്‍ ഇനിയും താഴും. നമ്മള്‍ കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ അവസരങ്ങള്‍ നമ്മുടെ മുന്നിലേക്ക് എത്തുക തന്നെ ചെയ്യും.

4. ചില കമ്പനികളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ ശക്തമായി രംഗത്തുണ്ടാകും. അത്തരം മറിമായങ്ങളില്‍ വീണ് പോകരുത്. നല്ല കാഷ് റിസര്‍വുള്ള കരുത്തുറ്റ കമ്പനികളെ മാത്രം തെരഞ്ഞെടുത്ത് നിക്ഷേപിക്കണം. കമ്പനികളുടെ റിസര്‍ട്ട് നല്ല രീതിയില്‍ പഠിക്കണം. ഇനി അതൊന്നും നടത്താതെ നിക്ഷേപം നടത്തരുത്. കാരണം പല കമ്പനികളും അവയുടെ ഷെയറുകള്‍ വന്‍തോതില്‍ ഈട് വെച്ച് പണം കടമെടുത്തിട്ടുണ്ട്. ഈ ഷെയറുകള്‍ പോലും ഇപ്പോള്‍ വിപണിയില്‍ ട്രേഡിംഗിനെത്തിയിട്ടുണ്ട്. അതോടെ പല കമ്പനി മാനേജ്‌മെന്റിനും കമ്പനിക്ക് മേലുള്ള നിയന്ത്രണം തന്നെ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ്.

ഇതൊന്നും മനസ്സിലാക്കാത്തെ വില കുറഞ്ഞു, പിന്നെ കൂടി എന്നൊക്കെയുള്ള കാര്യങ്ങള്‍ നോക്കി നിക്ഷേപം നടത്തുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും.

ഇപ്പോള്‍ ഫിക്‌സഡ് നിക്ഷേപമാണ് നല്ലത്

വിപണിയിലെ ഈ അസ്ഥിരത എത്രകാലം എങ്ങനെ തുടരുമെന്നത് വ്യക്തമല്ല. അതുകൊണ്ട് സാധാരണക്കാര്‍ ഉറപ്പായ റിട്ടേണ്‍ കിട്ടുന്നവയില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. അത് സ്ഥിരനിക്ഷേപമാകാം. നല്ല റിട്ടേണുള്ള എന്‍ സി ഡികളാകാം.

കടം വാങ്ങി നിക്ഷേപിക്കരുത്. ഓഹരികളില്‍ നിക്ഷേപിക്കാന്‍ മാറ്റി വെച്ച തുക അപ്പാടെ ഒറ്റയടിക്കും നിക്ഷേപിക്കരുത്. മുന്‍പ് വലിയ തുകയ്ക്ക് വാങ്ങിയ ഓഹരി ഇപ്പോള്‍ കുത്തനെ ഇടിഞ്ഞ് തകര്‍ന്ന് കിടക്കുന്നത് കാണുമ്പോള്‍ വാങ്ങിക്കൂട്ടാനും ശ്രമിക്കരുതി.

നിക്ഷേപം നടത്താന്‍ അവസരം ഇനിയും വരും. കാത്തിരുന്നാല്‍ മാത്രം മതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it