ഓഹരി വിപണിയില്‍ തിരുത്തലുണ്ടാകുമോ? എങ്കില്‍ എന്ന്, എത്ര ശതമാനം? നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം?

ഓഹരി വിപണി ആഘോഷതിമിര്‍പ്പാണ്. സെന്‍സെക്‌സ് അതിന്റെ ചരിത്രത്തില്‍ ആദ്യമായി 61,000ത്തിനുമുകളില്‍ ക്ലോസ് ചെയ്തു. ഒരു ലക്ഷം എന്ന് തൊടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

100 വര്‍ഷത്തില്‍ ഒരിക്കല്‍ ഓഹരി വിപണിയിലുണ്ടായേക്കാവുന്ന സ്വപ്‌നസമാനമായ കുതിപ്പാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെന്ന് ചൂണ്ടിക്കാട്ടുന്ന വിദഗ്ധരുമുണ്ട്. അതിനിടെ നിക്ഷേപകരുടെ കൈ പൊള്ളിക്കുന്ന ഒരു തിരുത്തല്‍ ആസന്നമാണോ എന്ന ആശങ്കയും ശക്തമാകുന്നുണ്ട്.
തിരുത്തല്‍ പ്രവചനം; വിദഗ്ധര്‍ പലതട്ടില്‍
ഓഹരി വിപണിയില്‍ തിരുത്തല്‍ സ്വാഭാവിക പ്രതിഭാസമാണ്. ''5-10 ശതമാനം തിരുത്തലൊക്കെ ഓഹരി വിപണിയില്‍ സ്വാഭാവികമായും ഉണ്ടാകും. അതിനിയും ഉണ്ടാകും. പക്ഷേ എന്ന്, എത്ര ശതമാനം തിരുത്തലുണ്ടാകുമെന്നൊന്നും പ്രവചിക്കാന്‍ സാധിക്കില്ല. എല്ലാവരും ഒരു തിരുത്തല്‍ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അതുണ്ടായെന്ന് വരില്ല. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ചെന്നുമിരിക്കാം,'' ഒരു വിപണി നിരീക്ഷകര്‍ പറയുന്നു.

കോവിഡ് എല്ലാ തലത്തെയും മാറ്റി മറിച്ചു. ലോക ബിസിനസുകളെയും പ്രവണതകളെയും വിപണികളെയുമെല്ലാം. അതുകൊണ്ട് കോവിഡ് കാലത്തിന് മുമ്പുള്ള കാഴ്ചപ്പാടുകളെ വെച്ച് ഓഹരി വിപണിയില്‍ ഇനി വരാനിരിക്കുന്ന കാര്യങ്ങളെ പ്രവചിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നു ഷെയല്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാംകി.

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷാദ്യത്തോടെയോ വിപണിയില്‍ 10-15 ശതമാനം തിരുത്തല്‍ വരാനിടയുണ്ടെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ Elixir Equitiesന്റെ ഡയറക്റ്റര്‍ ദിപന്‍ മേത്ത അഭിപ്രായപ്പെടുന്നു.
തിരുത്തല്‍ എന്തുകൊണ്ട് സംഭവിക്കാം?
  • വിപണി ഉയരാനുള്ള കാരണങ്ങള്‍ക്കൊപ്പമോ അതിലേറെയോ തിരുത്തലിനും കാരണങ്ങളുണ്ട്. പ്രധാനമായും വിപണിയില്‍ തിരുത്തലിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതൊക്കെയാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
  • ആഗോള വിപണിയിലെ ഘടകങ്ങള്‍. ക്രൂഡ് വില വര്‍ധന, വിലക്കയറ്റം, പലിശ നിരക്ക് ഉയരുന്നത്, ഫെഡ് പോളിസി മാറ്റങ്ങള്‍, ടാംപറിംഗ് തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിച്ചേക്കും
  • രാജ്യത്തെ രാഷ്ട്രീയ ചലനങ്ങള്‍ വിപണിയെ സ്വാധീനിച്ചേക്കാം. ''കര്‍ഷക സമരവും കൊലപാതകങ്ങളും രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ ചലനമുണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിപണിയെ സ്വാധീനിക്കാനിടയുണ്ട്. യുപി തെരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് മാസങ്ങള്‍ മാത്രമാണ്. വിപണിയില്‍ എത്ര ശതമാനം തിരുത്തല്‍, എന്നുണ്ടാകും എന്നൊക്കെ ഇപ്പോള്‍ പറയാനാകില്ല,'' രാംകി പറയുന്നു.

  • കമ്പനി ഫലങ്ങളാണ് വിപണി ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. പാദഫലങ്ങള്‍ മികച്ചതായാല്‍ വിപണി ഇതുപോലെ തന്നെ മുന്നോട്ട് പോകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശ ഘടകങ്ങളെ വിപണി പ്രതിരോധിക്കുമോ?

അതിനിടെ ആഗോളതലത്തിലെ ഘടകങ്ങളെ ഇന്ത്യന്‍ വിപണി പ്രതിരോധിക്കുമെന്നും അതിനുള്ള കരുത്ത് രാജ്യത്തെ വിപണി കൈവരിച്ചുവെന്നും നൊമുറ ഹോള്‍ഡിംഗ് പോലുള്ളവ വിലയിരുത്തുന്നുണ്ട്. ''വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വളരെ പെട്ടെന്ന് പണം പിന്‍വലിച്ചാല്‍ പോലും ഇന്ത്യന്‍ ഓഹരി വിപണി അതിവേഗം തകരില്ല. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും റീറ്റെയ്ല്‍ നിക്ഷേപകരും വിപണിയിലേക്ക് പണം ഒഴുക്കുന്നത് മൂലം ഇന്ത്യന്‍ ഓഹരി വിപണി ഇത്തരം ഘടകങ്ങളെ അതിജീവിച്ച് മുന്നേറും,'' നൊമുറ ഇന്ത്യ പ്രതിനിധികള്‍ പറയുന്നു.

പേ ടിഎം, നൈക്ക, എല്‍ ഐ സി പോലെ വരാനിരിക്കുന്ന വന്‍ ഐ പി ഒകള്‍ ഇന്ത്യന്‍ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് ഓഹരി നിക്ഷേപകര്‍ വിലയിരുത്തുന്നത്.

നിക്ഷേപകര്‍ എന്തുചെയ്യണം?

''സ്വന്തമായ വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഓഹരിയില്‍ നിക്ഷേപിച്ചവര്‍ അതിനായി ലക്ഷ്യമിട്ട പണം ഇപ്പോള്‍ കൈവശം വന്നെങ്കില്‍ അതെടുക്കുകയാണ് വേണ്ടത്. എന്നാല്‍ റിട്ടയര്‍മെന്റ് കാലത്ത് നല്ല റിട്ടേണ്‍ പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയവര്‍ക്ക് കാത്തിരിക്കാം,'' ഓഹരി നിക്ഷേപകര്‍ ഇപ്പോള്‍ സ്വീകരിക്കേണ്ട തന്ത്രത്തെ കുറിച്ച് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു.

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ചരിത്രപരമായി ഉയര്‍ന്ന നേട്ടം നല്‍കുന്ന ഓഹരി വിപണിയെ നിക്ഷേപകര്‍ ഇനിയും ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറയുന്നു. ''പെണ്‍മക്കളുടെ വിവാഹത്തിന് വാരിക്കോരി പൊന്ന് നല്‍കുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്വര്‍ണാഭരണം കൂടുതല്‍ നല്‍കുന്നതിന് പകരം മികച്ച ഓഹരികളുടെ ഒരു പോര്‍ട്ട്‌ഫോളിയോ വിവാഹ സമ്മാനമായി മക്കള്‍ക്ക് നല്‍കിയാല്‍ പലമടങ്ങ് നേട്ടമുണ്ടാകും. എന്റെ മകള്‍ക്ക് ഞാനതാണ് ചെയ്തത്. ആ പോര്‍ട്ട്‌ഫോളിയോ വലിയ നേട്ടമാണ് മകള്‍ക്ക് സമ്മാനിച്ചത്,'' അടുത്തിടെ എഴുതിയ ലേഖനത്തില്‍ ഡോ. വി കെ വിജയകുമാര്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it