സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു; ചാഞ്ചാട്ടം തുടരുമോ?

രണ്ട് ദിവസമായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നവില ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ നിരക്കില്‍ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38000 രൂപയായി.

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറയുകയും തൊട്ടടുത്ത ദിവസം 240 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. ദീര്‍ഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്.

10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയായി.

സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായി മെയ് അഞ്ചിനാണ് വില വര്‍ധിച്ചത്. ഏപ്രില്‍ 29 ന് ഒരു പവന് 38840 രൂപയായിരുന്നു, അത് ഏപ്രില്‍ 30 ന് 38720 രൂപ, ഏപ്രില്‍ 30ന് 37920 രൂപ, മെയ് 1 ന് 37920 രൂപയും മെയ് 2 ന് 37760 രൂപയുമായിരുന്നു വില.


ചാഞ്ചാട്ടം തുടര്‍ന്നേക്കും

വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് തുടരുകയാണ്. ചൈനയിലെ ലോക്ക് ഡൗണ്‍ നീണ്ടുപോകുന്നതും അവിടെയും മറ്റു രാജ്യങ്ങളിലും മാന്ദ്യഭീഷണി വര്‍ധിക്കുന്നതുമാണു കാരണം. ഡോളറിനു കരുത്തു കൂടിയതും വില താഴ്ത്തുന്നു. സ്റ്റീല്‍ വില താഴോട്ടു നീങ്ങുന്നതു മൂലം ഇരുമ്പയിര് വില കുത്തനെ ഇടിഞ്ഞു.

137 ഡോളറിനു താഴെയായി ഒരു ടണ്‍ ഇരുമ്പയിര് വില.കഴിഞ്ഞ നവംബറില്‍ 100 ഡോളറായിരുന്ന ഇരുമ്പയിര് മാര്‍ച്ചില്‍ 160 ഡോളറിനടുത്ത് എത്തിയിരുന്നു. ചെമ്പ് 9428 ഡോളറിലേക്കും അലൂമിനിയം 2841.85 ലേക്കും താണു. നിക്കല്‍ മാസങ്ങള്‍ക്കു ശേഷം 30,000 ഡോളറിനു താഴെയായി. ലെഡ്, സിങ്ക് തുടങ്ങിയവയുടെ വില നാലു ശതമാനത്തോളം ഇടിഞ്ഞു.

സ്വര്‍ണം 1900 ഡോളറിലേക്കു കയറാന്‍ അവസരം കിട്ടാതെ താഴോട്ടു നീങ്ങി. ഇന്നു രാവിലെ 1885 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം പിന്നീട് 1880-1882 ലേക്കു താണു. വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ഇനിയും തുടർന്നേക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it