യുദ്ധവും, പണപ്പെരുപ്പവും ; സ്വര്‍ണം 'ബുള്ളിഷായി' തുടരാന്‍ സാധ്യത

അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഔണ്‍സിന് എക്കാലത്തേയും ഉയര്‍ന്ന 2088 ഡോളറിന് അടുത്തു വരെ എത്തിയെങ്കിലും പിന്നീട് 2000 ഡോളറില്‍ താഴേക്ക് പോയി. യുദ്ധവും, ആഗോള സാമ്പത്തിക പ്രതിസന്ധികളും, പണപ്പെരുപ്പവും എക്കാലത്തും നിക്ഷേപകരെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വത്തിലേക്ക് അഭയം തേടാന്‍ പ്രേരക മാകാറുണ്ട് . ക്രൂഡ് ഓയില്‍, ലോഹങ്ങള്‍, രാസവളങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധനവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയായി തുടരുന്നു. ഓഹരി വിപണികള്‍ ഇടിഞ്ഞതും സ്വര്‍ണ്ണ വില കുതിക്കാന്‍ കാരണമായി.

യൂ എസ് ഡോളറിന്റെ മൂല്യ വര്‍ധനവവും രൂപയുടെ മൂല്യ തകര്‍ച്ചയും ആഭ്യന്തര സ്വര്‍ണ്ണ വിലകള്‍ കുതിച്ച് ഉയരാന്‍ കാരണമായി. ഫെബ്രുവരി മാസം സ്വര്‍ണ്ണത്തിന്റെ വില 13 % ഉയര്‍ന്ന് പവന് 40560 രൂപ വരെ എത്തിയെങ്കിലും പിന്നീട് 2000 രൂപ താഴുകയും ചെയ്തു. ഇന്ത്യ സ്വര്‍ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോഗ രാഷ്ട്രമാണെങ്കിലും വില നിശ്ചയിക്കുന്നതില്‍ യാതൊരു സ്വാധീനവും ഇല്ല. ആഗോള പ്രവണതകള്‍ക്ക് അനുസൃതമായിട്ടാണ് ഇവിടെ വില മാറുന്നത്.
2022 ആരംഭത്തില്‍ സ്വര്‍ണ്ണ വില വര്‍ഷാന്ത്യത്തില്‍ ഔണ്‍സിന് 2000 ഡോളര്‍ വരെ ഉയരുമെന്ന് പ്രവചങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനം വര്‍ധിക്കുന്ന പണപ്പെരുപ്പം, ആഭരണ, നിക്ഷേപക ഡിമാന്‍ഡ് തുടങ്ങി വിവിധ കരണങ്ങളുണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ നാലാം പാദത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഉത്സവ സീസണ്‍ വിഹാഹ ആവശ്യങ്ങള്‍ക്ക് വില്‍പന വര്‍ധിച്ചതോടെ ഡിമാന്‍ഡ് 50 % ഉയര്‍ന്നിരുന്നു.
മാര്‍ക്കറ്റ് നിരീക്ഷകരുടെ അഭിപ്രായത്തില്‍ നിലവില്‍ സ്വര്‍ണ്ണം വില തിരുത്തല്‍ ഘട്ടത്തിലാണ് . ഔണ്‍സിന് 1964 ഡോളറിലേക്ക് താഴുന്ന വേളയില്‍ സ്വര്‍ണ്ണം വാങ്ങണമെന്ന നിര്‍ദ്ദേശമാണ് അവര്‍ നല്‍കുന്നത്. ഹൃസ്വ-മധ്യ കാലയളവില്‍ സ്വര്‍ണ്ണം 'ബുള്ളിഷായി' തുടരുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it