ഓഹരി നിക്ഷേപകര്‍ക്ക് അഗ്‌നിപരീക്ഷ എന്തുകൊണ്ട്?

രാജ്യത്തെ ഓഹരിനിക്ഷേപകരില്‍ പകുതിപ്പേര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഓഹരിവിപണിയില്‍ പ്രവേശിച്ചവരാണ്. 2020 മേയ് 23-നാണു ബിഎസ്ഇയിലെ നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം അഞ്ചു കോടിയില്‍ എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് അതു പത്തുകോടിയായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം വിപണിയില്‍ പ്രവേശിച്ച പുതിയ നിക്ഷേപകരുടെ അനുഭവങ്ങള്‍ ഹര്‍ഷദ് മേത്തയുടെ പ്രതാപകാലത്തു വിപണിയില്‍ പ്രവേശിച്ചവരുടേതു പോലെയായോ?

സംശയിക്കാതെ തരമില്ല. 1991-92 കാലത്ത് ഇന്ത്യന്‍ വിപണി കുതിച്ചു കയറുകയായിരുന്നു. 1990 ജൂലൈ ഒന്‍പതിന് 1000 കടന്ന സെന്‍സെക്‌സ് 1992 ജനുവരി 15ന് 2000 കടന്നു. ഫെബ്രുവരി 29-ന് 3000 ലെത്തി. മാര്‍ച്ച് 30ന് 4000 കടന്നു. 21 മാസം കൊണ്ടു സെന്‍സെക്‌സ് നാലു മടങ്ങായി. 45 ദിവസം കൊണ്ടു 2000 പോയിന്റില്‍ നിന്ന് 3000 ലെത്തി. തുടര്‍ന്നു 30 ദിവസം കൊണ്ട് 4000-ലും.

ഹര്‍ഷദ് മേത്തയുടെ തട്ടിപ്പ് പുറത്തായതോടെ വിപണി തകര്‍ന്നു. രണ്ടു വര്‍ഷം കൊണ്ടു 360 ശതമാനം കുതിച്ച വിപണി 40 ശതമാനം ഇടിഞ്ഞു. മൂന്നു വര്‍ഷത്തേക്ക് ഇന്ത്യന്‍ വിപണി താഴ്ചയിലായിരുന്നു. കുതിപ്പിന്റെ കാലത്തു വിപണിയില്‍ വന്നവര്‍ എന്താണു സംഭവിക്കുന്നതെന്നറിയാതെ സംഭീതരായി.
പാഠങ്ങള്‍ മറക്കാത്തവര്‍ പിടിച്ചു നിന്നു
ദീര്‍ഘകാല നിക്ഷേപത്തിനു പകരം അധികലാഭത്തിനായി വ്യാപാരത്തിലേക്കു മാറിയവര്‍ക്കു വലിയ നഷ്ടം വന്നു. കുറെയേറെപ്പേര്‍ നഷ്ടം സഹിക്കാനാവാതെ വിപണി വിട്ടുപോയി. ചിലര്‍ കുറേക്കാലം പിടിച്ചു നിന്നിട്ട് വിപണിയെ ഉപേക്ഷിച്ചു. കുതിപ്പിന്റെ കാലത്ത് പാഠങ്ങള്‍ മറക്കാതെ നല്ല നിക്ഷേപം നടത്തിയവര്‍ മാത്രം പിടിച്ചു നിന്നു. കിതപ്പ് മാറ്റി വിപണി വീണ്ടും കയറിത്തുടങ്ങിയപ്പോള്‍ അവരുടെ നിക്ഷേപങ്ങള്‍ നല്ല നേട്ടമുണ്ടാക്കി.

ഇതു പിന്നീടും ആവര്‍ത്തിച്ചു. ടെക് കുമിളയും കേതന്‍ പരേഖ് കുംഭകോണവും ചേര്‍ന്ന് 2000-ല്‍ വിപണിയെ 52 ശതമാനം താഴ്ചയിലേക്കു വലിച്ചപ്പോഴും 2008-ല്‍ ആഗോളമാന്ദ്യം വിപണിയെ 62 ശതമാനം തകര്‍ച്ചയിലേക്കു നയിച്ചപ്പോഴും 2020-ല്‍ കോവിഡ് മഹാമാരി വിപണിയെ 34 ശതമാനം ഇടിച്ചു താഴ്ത്തിയപ്പോഴും ഇതാവര്‍ത്തിച്ചു. ഇപ്പോഴും ഇതു തന്നെ.

വിപണിയിലേക്ക് പുതിയ ആള്‍ക്കാര്‍ വരുന്നത് കുതിപ്പിന്റെ കാലത്താണ്. അതാണല്ലോ ആകര്‍ഷകമായ കാലം. അപ്പോള്‍ പ്രവേശിക്കുന്നതു തെറ്റുമല്ല.
പഠിക്കാതെ കളിച്ചാല്‍
ഓഹരിവിപണിയെ വേണ്ടത്ര പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യാതെ അതില്‍ വലിയ വലിയ കളികള്‍ക്കു പോകുന്നതു മാത്രമേ തെറ്റാകുന്നുള്ളു.

വര്‍ഷങ്ങളുടെ വിപണിപരിചയവും മികച്ച ഗവേഷണ സംവിധാനവും നല്ല ബന്ധങ്ങളും ഒക്കെയുള്ളവര്‍ക്കേ ഊഹക്കച്ചവടങ്ങളും ഓപ്ഷന്‍സും ഫ്യൂച്ചേഴ്‌സുമൊക്കെ കൈകാര്യം ചെയ്യാന്‍ പറ്റൂ. പക്ഷേ, വിപണിയിലേക്കു പ്രവേശിച്ചു കുറച്ചു വ്യാപാരം വിജയകരമായി നടത്തുന്നവരെല്ലാം വലിയ നിക്ഷേപവിദഗ്ധരും അനാലിസ്റ്റുകളും സാങ്കേതിക വിശകലനക്കാരും ഒക്കെയായി സ്വയം കണക്കാക്കും. ഓണ്‍ലൈനായും മറ്റും കിട്ടുന്ന പരിശീലനത്തിന്റെ ബലത്തില്‍ ഓപ്ഷനുകള്‍ എഴുതാനും വാങ്ങാനും തയാറാകും.

വിപണി കുതിക്കുമ്പോള്‍ ഇതൊന്നും പ്രശ്‌നമല്ല. ഏതു ചൂതാട്ടവും വിജയിക്കും. പക്ഷേ വിപണി തിരുത്തുമ്പോഴാ?

2020 മേയ് 23 നു സെന്‍സെക്‌സ് 30,673 ലും നിഫ്റ്റി 9039-ലും ആയിരുന്നു.17 മാസം കഴിഞ്ഞ് 2021 ഒക്‌റ്റോബറില്‍ സെന്‍സെക്‌സ് 62,245.43 ലും നിഫ്റ്റി 18,604.45 ലും എത്തി. 17 മാസം കൊണ്ട് വിപണി ഇരട്ടിച്ചു. പുതിയ നിക്ഷേപകരും പഴയ നിക്ഷേപകരും ഹാപ്പി.

പിന്നീടു കഥ മാറി. സൂചികകള്‍ താഴോട്ടായി. ഡിസംബറില്‍ 55,800 നടുത്തേക്കു സെന്‍സെക്‌സ് താഴ്ന്നു. വീണ്ടും കയറി. ജനുവരി പകുതിയില്‍ 61,000-നു മുകളിലായി. വീണ്ടും ഇടിഞ്ഞു. മാര്‍ച്ച് ആദ്യം 53,000-ലേക്കു താഴ്ന്നു. ഏപ്രില്‍ തുടക്കത്തില്‍ 59,000-നു മുകളിലായി സെന്‍സെക്‌സ്. മേയ് പകുതിയോടെ 53,000-നു താഴേക്ക് സൂചിക വീണു.
മുടക്കിയതിനേക്കാള്‍ കൂടുതല്‍ നഷ്ടം
ഈ ചാഞ്ചാട്ടങ്ങളില്‍ വലിയ തട്ടു കിട്ടുന്നത് സാഹസിക നീക്കങ്ങള്‍ നടത്തുന്ന പുതു തലമുറ നിക്ഷേപകര്‍ക്കാണ്. ക്രമമായി സമ്പത്ത് വര്‍ധിപ്പിക്കുക എന്ന മുഖ്യലക്ഷ്യം മറന്ന് എളുപ്പ വഴിയില്‍ ലാഭമെടുക്കാനായി വേണ്ടത്ര പരിചയമില്ലാത്ത ഓപ്ഷന്‍ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്. വിപണിയില്‍ ഇറക്കിയതിനേക്കാള്‍ കൂടിയ തുക നഷ്ടപ്പെടുത്തേണ്ട ദൗര്‍ഭാഗ്യമാണ് അവര്‍ക്കുണ്ടാകുന്നത്.

പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ക്കും ഇതു തന്നെ ഫലം. വലിയ വിലയുള്ള ഓഹരി ഇരട്ടിക്കാന്‍ ഏറെ കാലമെടുക്കും, പെന്നി ആണെങ്കില്‍ വേഗം ഇരട്ടിക്കും എന്ന വ്യാജ പ്രചാരണത്തില്‍ വീഴുന്നവര്‍ക്കും ഇതു തന്നെ ഗതി. ഈ പെന്നി ഓഹരികള്‍ ഇരട്ടിക്കുകയോ നാലിരട്ടിയാകുകയോ ചെയ്യും. പക്ഷേ ചിലപ്പോള്‍ അവ വാങ്ങാന്‍ ആളില്ലാതായെന്നും വരാം. വലിയ വിലയുള്ള ഓഹരി അങ്ങനെയല്ല. അതു ചിലപ്പോള്‍ ഇരുപത്തഞ്ചോ മുപ്പതോ ശതമാനം നേട്ടമേ നല്‍കൂ. പക്ഷേ അവ എന്നും വാങ്ങാം, വില്‍ക്കാം.
അടിസ്ഥാനം പണലഭ്യത
ഓഹരി വിപണികള്‍ ഉയരുന്നതു വിപണിയിലേക്കു കൂടുതല്‍ നിക്ഷേപകര്‍ കൂടുതല്‍ പണം കൊണ്ടു വരുമ്പോഴാണ്. ഇതിനു സാധിക്കുന്നത് രാജ്യത്തും പുറത്തും പണലഭ്യത കൂടുമ്പോള്‍. ഇന്ത്യന്‍ വിപണിയിലേക്കു കൂടുതല്‍ നിക്ഷേപകര്‍ എത്തിയ 2020-22 അങ്ങനെയൊരു കാലമായിരുന്നു. കോവിഡ് മഹാമാരിയും ലോക്ക് ഡൗണുകളും തുടങ്ങിയതു 2020 തുടക്കത്തിലാണ്. സാമ്പത്തികമാന്ദ്യം ഒഴിവാക്കാനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ (യുഎസ് ഫെഡും ഇന്ത്യയുടെ റിസര്‍വ് ബാങ്കുമടക്കം) പലിശ തീരെ കുറവാക്കി. ധനകാര്യ മേഖലയില്‍ പണലഭ്യത ഉദാരമായി വര്‍ധിപ്പിച്ചു.

പണത്തിനു വില (പലിശ) തീരെ കുറവ്; പണലഭ്യത വളരെ കൂടുതല്‍. സംരംഭകര്‍ കൂടുതല്‍ പണം വായ്പയെടുത്തു സംരംഭങ്ങള്‍ വലുതാക്കുകയോ പുതിയവ തുടങ്ങുകയോ ചെയ്യണമെന്നാണു കേന്ദ്ര ബാങ്കുകള്‍ ഉദ്ദേശിച്ചത്. പക്ഷേ അതുണ്ടായില്ല. പകരം പണം മറ്റു പലതിലേക്കും ഒഴുകി. ഉല്‍പന്നങ്ങള്‍, സ്വര്‍ണം, ക്രിപ്‌റ്റോ കറന്‍സികള്‍, ഓഹരികള്‍ പോലുള്ള ആസ്തികള്‍ തുടങ്ങിയവയിലേക്കു പണമൊഴുകി. അവയുടെ വില ഉയര്‍ന്നു.

കോവിഡ് കാലത്തു പലതിനും വില ഉയര്‍ന്നപ്പോള്‍ പല വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഉല്‍പ്പന്നങ്ങളുടെയും മറ്റും ലഭ്യത പ്രശ്‌നമായതുകൊണ്ട് (Supply Disruptions) വില കൂടുന്നു എന്നായിരുന്നു പ്രധാന വ്യാഖ്യാനം. കുറേ സാധനങ്ങളുടെ കാര്യത്തില്‍ ലഭ്യത പ്രശ്നമായിരുന്നു എന്നതു ശരി. പൊതുവേ അതു ശരിയായിരുന്നില്ല. പക്ഷേ പൊതുപ്രശ്‌നം അതാണെന്നു വരുത്തുന്നതു പലര്‍ക്കും പല കാര്യങ്ങള്‍ക്കും ഒരു മറയായിരുന്നു. അത്തരം താല്‍പര്യങ്ങള്‍ എല്ലാം ചേര്‍ന്നപ്പോള്‍ വിലക്കയറ്റത്തിനു പിന്നില്‍ ലഭ്യതയുടെ പ്രശ്‌നം മാത്രം എന്ന അബദ്ധസിദ്ധാന്തം പ്രാബല്യം നേടി.

ഈ അബദ്ധം കൂടുതല്‍ വലിയ അബദ്ധങ്ങളിലേക്കു നയിച്ചു. ലഭ്യതയാണു പ്രശ്‌നം എന്നു പരക്കെ പറയപ്പെട്ടപ്പോള്‍ കേന്ദ്ര ബാങ്കുകളും അത് ഏറ്റുപാടി. ലഭ്യത ഒരു താല്‍ക്കാലിക പ്രശ്‌നമാണ്. അത് എന്നേക്കും നില്‍ക്കില്ല. അപ്പോള്‍ വിലക്കയറ്റം ഒരു താല്‍ക്കാലിക പ്രശ്‌നമാണ് എന്നു കേന്ദ്രബാങ്കുകള്‍ വാദിച്ചു. അമേരിക്കയില്‍ വിലക്കയറ്റം രണ്ടു ശതമാനത്തില്‍ നില്‍ക്കണം എന്നതാണു വ്യവസ്ഥ. പക്ഷേ കഴിഞ്ഞ മാസം അത് 8.5 ശതമാനമായി. ഇന്ത്യയില്‍ നാലു ശതമാനമായിരിക്കേണ്ട വിലക്കയറ്റം 7.79 ശതമാനമായി.
വൈകിയെത്തിയ ബോധോദയം
വിലക്കയറ്റം താല്‍ക്കാലികമല്ല പ്രശ്‌നം ആഴത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്കയുടെ ഫെഡ് മാര്‍ച്ചില്‍ 25 ബേസിസ് പോയിന്റും മേയില്‍ 50 ബേസിസ് പോയിന്റും വീതം പലിശനിരക്ക് കൂട്ടി. യുഎസില്‍ കുറഞ്ഞ പലിശ 0.0 - 0.25 ശതമാനത്തില്‍ നിന്ന് 0.75- 1.00 ശതമാനമായി. ഇനി ജൂണിലും ജൂലൈയിലും നിരക്ക് ഗണ്യമായി കൂട്ടും. ഇന്ത്യയിലും സമാന്തര നീക്കങ്ങള്‍ ഉണ്ടായി. മേയ് ആദ്യം പണനയകമ്മിറ്റി അസാധാരണ യോഗം വിളിച്ച് നിരക്കു 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു - നാലില്‍ നിന്നു 4.4 ശതമാനത്തിലേക്ക്. ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) നാലില്‍ നിന്നു 4.5 ശതമാനമാക്കി. അടുത്ത മാസം യുഎസ് ഫെസ് 50 ബേസിസ് പോയിന്റും ഇന്ത്യയുടെ റിസര്‍വ് ബാങ്ക് 35 ബേസിസ് പോയിന്റും വീതം പലിശ കൂട്ടേണ്ട സാഹചര്യം ഉണ്ടായത് വൈകി ബോധോദയം ഉണ്ടായതുകൊണ്ട് മാത്രമാണ്.

അമിത വിലക്കയറ്റവും പലിശ വര്‍ധനയും ഒരേ സമയം ഉണ്ടാകുമ്പോള്‍ വേറേ പ്രത്യാഘാതമുണ്ട്. വിലക്കയറ്റത്തിന്റെ ഫലമായി കൈയിലെ പണത്തിന്റെ വില കുറയുന്നു. കുറച്ചു സാധനങ്ങളേ വാങ്ങാന്‍ പറ്റൂ. അപ്പോള്‍ വാങ്ങല്‍ കുറയ്ക്കും. കടമെടുത്തു കാര്യം നടത്താമെന്നു വച്ചാല്‍ പലിശ കൂടുതല്‍ കാരണം കടമെടുപ്പ് ഒഴിവാക്കും

രണ്ടും കൂടി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയും. വ്യാപാരമാന്ദ്യവും നിക്ഷേപമാന്ദ്യവും ചേരുമ്പോള്‍ ജിഡിപി കുറയും, തൊഴില്‍ കുറയും. വിലകള്‍ കുറയാതെയാണ് ഇതു സംഭവിക്കുന്നതെങ്കില്‍ സ്റ്റാഗ്ഫ്‌ലേഷന്‍ (stagflation), വിലകള്‍ ഇടിയുക കൂടി ചെയ്താല്‍ സാമ്പത്തിക മാന്ദ്യം. രണ്ടും മാരകം.

സമീപകാലത്തു വിപണിയില്‍ പ്രവേശിച്ചവര്‍ ആരുടെയൊക്കെയോ ജാഗ്രതക്കുറവിന്റെ ഫലമായ അമിത വിലക്കയറ്റവും അതിനു യഥാസമയം പ്രതിവിധി ചെയ്യാത്തതിന്റെ ഫലമായുള്ള അതിവേഗ പലിശവര്‍ധനയും മൂലമുള്ള വിപണിതകര്‍ച്ചയുടെ അഗ്‌നിപരീക്ഷയിലൂടെ കടന്നുപോകുന്നു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it