ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുമോ അതോ കിതയ്ക്കുമോ?

ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി അതിനെയൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ്. എന്തുകൊണ്ടാണ് ഓഹരി വിപണി തകരാത്തത്? രാജ്യത്തെ മറ്റെല്ലായിടത്തും ഭീതി പടരുമ്പോള്‍ ഓഹരി വിപണി മാത്രം ഉയരാനുള്ള വഴികളാണ് തേടുന്നത്. വിപണിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ കാരണങ്ങള്‍ തിരക്കുകയാണ് ബ്ലൂംബെര്‍ഗ് കോളമിസ്റ്റ് ആന്‍ഡി മുഖര്‍ജി. ഇതോടൊപ്പം വിപണിയുടെ പിടിച്ചുനില്‍പ്പ് എത്രകാലത്തേക്കെന്ന വിശകലനവും നടത്തുന്നുണ്ട്.


ബ്ലുംബെര്‍ഗിലെ കോളത്തില്‍ ആന്‍ഡി മുഖര്‍ജി പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്:


ഇന്ത്യന്‍ ഓഹരി വിപണി ഇതുപോലെ മുന്നേറാനുള്ള ഒരു കാരണം കഴിഞ്ഞ വര്‍ഷത്തേതുപോലെ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, ഏതൊരു പകര്‍ച്ചവ്യാധികളെ പോലെ ഏതാനും ആഴ്ചകള്‍ക്കു ശേഷം ഈ തരംഗം അതിന്റെ ഉന്നതയില്‍ നിന്ന് താഴേക്ക് പോകാന്‍ തുടങ്ങുമെന്നും വിശ്വസിക്കുന്നു.

കഴിഞ്ഞ വര്‍ഷമുണ്ടായ കോവിഡ് ഒന്നാം തരംഗത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അവരുടെ വരുമാനം സംരക്ഷിക്കാന്‍ ചെയ്ത കാര്യങ്ങളാണ് നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന മറ്റൊരു കാര്യം. കമ്പനികള്‍ ചെലവ് കുറച്ചു, ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ വിനിയോഗിച്ച് ഉല്‍പ്പാദനം കൂട്ടി, ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇവയെല്ലാം നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം ഓഹരി വിപണിയിലെ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആത്മവിശ്വാസം നല്‍കി.

ഓഹരി നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്ന മറ്റൊരു ഘടകം, കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആശ്വാസ നടപടികളുമായി രംഗത്തേക്ക് വന്നേക്കുമെന്നതാണ്. ഇന്നലെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ അതിന് കരുത്തും പകരുന്നു.

യാഥാര്‍ത്ഥ്യം കാണുന്നില്ലേ?

എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും ആന്‍ഡി മുഖര്‍ജി വിവരിക്കുന്നുണ്ട്.

2021 ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2020 പോലെ ആകില്ല. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിതമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമെല്ലാം നഗര പ്രദേശത്തെ ഗ്രാമീണ തൊഴിലാളികളെ ജോലിയില്ലാത്തവരാക്കിയെങ്കിലും നമ്മുടെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരുന്നില്ല. ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം അത്രമാത്രം വൈറസ് വ്യാപനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജന്മനാട്ടില്‍ ലഭിച്ച ജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍കിട കമ്പനികളുടെ അസംസ്‌കൃത വസ്തുക്കളുടെ വിലയെല്ലാം വളരെ ഉയര്‍ന്ന തലത്തിലാണ്. അത് അവയുടെ ലാഭക്ഷമതയെ ബാധിക്കും. ഇന്ത്യയിലാണെങ്കില്‍ വാക്‌സിനേഷന്‍ നടപടികളും വേണ്ടവിധം പുരോഗമിച്ചിട്ടുമില്ല.

എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഇതിനകം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 9.8 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ അവര്‍ 11 ശതമാനമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇതെല്ലാം രാജ്യത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കും. പല ഏജന്‍സികളും നിലവില്‍ അത് ചെയ്തിട്ടുമുണ്ട്.

കോവിഡ് വൈറസിന്റെ ജനിതകഘടന വിശകലനം നടത്തിയ വിദഗ്ധരുടെ കൂട്ടായ്മ മാര്‍ച്ചില്‍ തന്നെ ഇന്ത്യയിലെ വൈറസിന്റെ അതിവ്യാപന ശേഷിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ വന്‍കിട വിവാഹ മാമാങ്കങ്ങള്‍ നടന്നു, മതപരമായ ചടങ്ങുകള്‍ നടന്നു, തെരഞ്ഞെടുപ്പ് നടന്നു. കാര്യങ്ങള്‍ കൈവിട്ടുപോയി. ജൂലൈ അവസാനത്തോടെ കോവിഡ് മൂലം രാജ്യത്ത് 10 ലക്ഷം മരണങ്ങള്‍ സംഭവിക്കുമെന്നാണ് രാജ്യാന്തര പഠനങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ ഇരട്ടിയാണിത്. ഇന്ത്യയില്‍ നിലവില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്ന മരണ സംഖ്യയുടെ നാല് മടങ്ങും!

ആഗോള നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിശ്വാസം പുലര്‍ത്തിയെങ്കില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അവര്‍ ഇവിടെ വില്‍പ്പനക്കാരാണ്. പകരം സൗത്ത് കൊറിയയിലും തായ്്‌വാനിലും വാങ്ങലുകാരായിരിക്കുന്നു. കോവിഡ് ആദ്യ തരംഗത്തേക്കാള്‍ ഭീകരമാണ് രണ്ടാംതരംഗം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it