Begin typing your search above and press return to search.
വിപണി വീഴ്ചക്കിടെ ട്വീറ്റുമായി നിഖില്‍ കാമത്ത്, നിക്ഷേപകര്‍ ഇത് ശ്രദ്ധിച്ചോ?
റഷ്യ-യുക്രെയ്ന്‍ (Russia-Ukraine) സംഘര്‍ഷത്തിന് പിന്നാലെ ഇടിവിലേക്ക് വീണ വിപണി ഇതുവരെ തിരിച്ചുകയറിയിട്ടില്ല. ഇന്ധനവിലയും പണപ്പെരുപ്പവും കുത്തനെ ഉയര്‍ന്നതോടെ ആഗോളവിപണികളെല്ലാം തന്നെ ദുര്‍ബലമായാണ് തുടരുന്നത്. ഇടയ്ക്ക് വിപണിയില്‍ ആശ്വാസറാലികള്‍ ഉണ്ടാകുമ്പോഴൊക്കെ വിപണി അതിന്റെ അടിത്തട്ടില്ലെത്തിയോ എന്ന സംശയത്തിലാണ് നിക്ഷേപകരും. ഇതിന്റെയടിസ്ഥാനത്തില്‍ ചിലരൊക്കെ വിപണി തിരിച്ചുകയറുമെന്ന പ്രതീക്ഷയോടെ നിക്ഷേപവുമായി രംഗത്തെത്താറുമുണ്ട്. ഇവര്‍ക്ക് ട്വീറ്ററിലൂടെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമാണ് സെറോധയുടെ സ്ഥാപകനായ നിഖില്‍ കാമത്ത്.
കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകുന്നില്ലെങ്കില്‍, വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നാണ് നിഖില്‍ കാമത്ത് നിര്‍ദേശിക്കുന്നു. നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ചും നിക്ഷേപകര്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ് ''പത്തില്‍ 9 തവണയും, കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കാതെ വരുമ്പോള്‍, ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ജീവിതത്തിലും വിപണികളിലും''. അതായത്, നിലവിലെ വിപണി സാഹചര്യത്തില്‍ നിക്ഷേപകര്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സമാനമായി തന്നെയാണ് നിലവിലെ വിപണി സാഹചര്യങ്ങളെ കുറിച്ച് ഓഹരി വിപണി വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസിന്റെ സിഇഒയുമായ പ്രിന്‍സ് ജോര്‍ജ് കഴിഞ്ഞദിവസം ധനത്തോട് പ്രതികരിച്ചത്. ''ഒരു ഇന്‍വെസ്റ്റ്മെന്റ് എന്ന രീതിയിലാണ് നിക്ഷേപകര്‍ ഓഹരി വിപണിയെ കാണേണ്ടത്. ഒരു താഴ്ചയുണ്ടായാല്‍ ഉയര്‍ച്ചയുമുണ്ടാകും. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നും നേട്ടം സമ്മാനിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ച് മാറിനില്‍ക്കേണ്ട സാഹചര്യമില്ല. വിപണിയില്‍ ആശ്വാസറാലിയുണ്ടാകുമ്പോഴാണ് ഓഹരികള്‍ വിറ്റ് മാറേണ്ടത്. വളരെ അച്ചടക്കത്തോടെയും ക്ഷമയോടെയും മാത്രമേ ഓഹരി വിപണിയെ സമീപിക്കാന്‍ പാടുള്ളൂ. തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ നല്ല പൊട്ടെന്‍ഷ്യലുള്ള കമ്പനികള്‍ തെരഞ്ഞെടുത്ത് നിക്ഷേപകര്‍ തങ്ങളുടെ പോര്‍ട്ട്ഫോളിയോ മികച്ചതാക്കുകയാണ് ചെയ്യേണ്ടത്'' പ്രിന്‍സ് ജോര്‍ജ് പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 50 സൂചിക 10.70 ശതമാനവും, ബിഎസ്ഇ (BSE) സെന്‍സെക്‌സ് 11 ശതമാനവുമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 13 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ സ്മോള്‍ ക്യാപ് ഇന്‍ഡക്സ് 16 ശതമാനത്തോളം കുറഞ്ഞു. ഇത് വിവിധ നിക്ഷേപകരുടെ ഇക്വിറ്റിയിലും മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്ഫോളിയോയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Next Story
Videos