സൈക്ലിംഗും ബിസിനസും പിന്നെ ആ യാത്രയും
ഫെലിക്‌സ് കെ.എ, ഗ്രോത്ത് കണ്‍സള്‍ട്ടന്റ്
പാരീസില്‍ നിന്ന് ബ്രസ്റ്റിലെത്തി തിരിച്ച് പാരീസിലെത്തുന്ന പാരീസ് - ബ്രസ്റ്റ് - പാരീസ്, മത്സരാര്‍ത്ഥികളുടെ സ്റ്റാമിനയും സഹനശക്തിയും അളക്കുന്ന കഠിനമായ സൈക്ലിംഗ് ഇവന്റാണ്. പിബിപിയുടെ ആദ്യത്തെയും അവസാനത്തെയും 50 കിലോമീറ്ററുകള്‍ മാത്രമേ സമതലമായ പ്രതലത്തിലൂടെയുള്ള സൈക്ലിംഗ് ഉള്ളൂ. ചെങ്കുത്തായ കയറ്റങ്ങളും ഗ്രാമീണ പാതകളും മലമ്പ്രദേശങ്ങളുമാണ് മത്സരാര്‍ത്ഥികള്‍ പിന്നിടേണ്ടത്.
പിബിപിയുടെ മൂന്ന് കാര്യങ്ങള്‍ ഇതാണ്.
- കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമാണ് ഇതിന്റെ ഒരു സവിശേഷത
- അങ്ങേയറ്റം വിഭിന്നമായ കാലാവസ്ഥയെ എതിരിടണം. പാരീസിലെ വേനല്‍കാലത്താണ് മത്സരം. കുറഞ്ഞ താപനില അഞ്ച് ഡിഗ്രി മുതല്‍ കൂടിയ താപനില 31 ഡിഗ്രി വരെ മത്സരവേളയില്‍ അനുഭവപ്പെട്ടു.
- ഏറ്റവും ദൈര്‍ഘ്യമേറിയ കായികയിനങ്ങളിലൊന്നാണിത്. ഒരു ദിവസം വൈകീട്ടാണ് മത്സരം ആരംഭിക്കുന്നത്. നാല് രാത്രിയും മൂന്നു പകലുമായി 90 മണിക്കൂറിനുള്ളില്‍ 1200 കിലോമീറ്റര്‍ പിന്നിടണം. ബ്രവേ വിഭാഗത്തില്‍ പെട്ട ഈ കായികയിനത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ രണ്ടാണ്. ഒന്ന് ഇത് മത്സരാധിഷ്ഠിതമല്ല. മറ്റൊന്ന് ഇത് സ്വയം പര്യാപ്തമായ ഒന്നാണ്. അതായത് ഇവന്റില്‍ പങ്കെടുക്കുമ്പോള്‍ സൈക്കില്‍ പഞ്ചറായാല്‍, മറ്റ് കേടുപാടുകള്‍ പറ്റിയാല്‍ സ്വയം നേരെയാക്കി മുന്നോട്ടു പോകണം.
ഈ വര്‍ഷം 70 രാജ്യങ്ങളില്‍ നിന്നുള്ള 6800 പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത 346 പേരില്‍ 42 പേര്‍ വിജയകരമായെത്തി. കേരളത്തില്‍ നിന്ന്
13 പേരുണ്ടായി. വിജയിച്ചത് ഞാനടക്കം മൂന്നുപേരും.
ബിസിനസ് പാഠങ്ങള്‍
പിബിപിയിലെ ഓരോ ഘടകത്തെയും ബിസിനസുമായി ചേര്‍ത്ത് വായിക്കാന്‍ പറ്റും.
കയറ്റവും ഇറക്കവും: പിബിപി സൈക്ലിസ്റ്റുകള്‍ കടന്നുപോകുന്ന വഴിയിലെ ചെങ്കുത്തായ കയറ്റങ്ങള്‍ നമ്മുടെ നാട്ടിലെങ്ങും പരിചിതമല്ല.
ഒരു സൈക്ലിസ്റ്റിന് കയറ്റമാണ് പ്രയാസം. ഇറക്കം പ്രശ്‌നമല്ല. ബിസിനസില്‍ കയറ്റം സന്തോഷകരമായ കാര്യമാണ്. ഇറക്കമാണ് ബുദ്ധിമുട്ട്. സൈക്കിളിസ്റ്റിന് ഇറങ്ങാന്‍ എളുപ്പം കഴിയുന്നത് ഗ്രാവിറ്റി അടക്കമുള്ള നമ്മളുടേതല്ലാത്ത ചില ശക്തികളുടെ സഹായം കൊണ്ടുകൂടിയാണ്. ബിസിനസില്‍ നാം ഉയരുമ്പോഴും ഇതുപോലെ പുറത്തുനിന്നുള്ള അനുകൂലഘടകങ്ങളുടെ പിന്തുണ കിട്ടിയിട്ടുണ്ടാകും.
ഇറങ്ങികൊണ്ടിരിക്കുമ്പോഴും ഉള്ളില്‍ കാണുന്നത് അടുത്ത കയറ്റമാണ്. അതുകൊണ്ട് അനുകൂലഘടകങ്ങളില്‍ അനായാസം താഴേക്ക് പോരുമ്പോള്‍ അതിന്റെ കരുത്തില്‍ അടുത്ത കയറ്റത്തിന്റെ പകുതിയോളം ദൂരം പിന്നിടാന്‍ പാകത്തില്‍ ശാരീരികക്ഷമതയും സമയവും കരുതി വെയ്ക്കും.
ഒരു ബിസിനസുകാരനും സംരംഭത്തില്‍ ഇതാകാം. അനുകൂലഘടകങ്ങളുടെ പിന്തുണയില്‍ ബിസിനസില്‍ ബൂം ഉണ്ടാകുമ്പോള്‍ വരാനിരിക്കുന്ന ഇറക്കത്തെ നാം മുന്നില്‍ കാണണം. ഒരു ബിസിനസും കിട്ടിയില്ലെങ്കില്‍ പോലും ചുരുങ്ങിയത് 18 മാസം വേതനം കൊടുക്കാനുള്ള പണം സംരംഭകര്‍ കരുതിവെയ്ക്കണമെന്നാണ് തത്വം.
ഞാന്‍ പിബിപിയില്‍ പങ്കെടുക്കുമ്പോള്‍ ആദ്യത്തെ കയറ്റം അങ്ങേയറ്റം കഠിനമായിരുന്നു. ആ അവസ്ഥയില്‍ എനിക്കാരെയും കുറ്റപ്പെടുത്താനില്ല. മത്സരത്തിന് ഒരുങ്ങുമ്പോഴേ അറിയാമായിരുന്നു ഇത്തരം ദുര്‍ഘടാവസ്ഥകളുണ്ടെന്ന്. സംരംഭകരും ഇതുപോലെയാണ്. ഒരു സംരംഭകനാകാന്‍ ഇറങ്ങിപ്പുറപ്പെടുന്നയാളെ ആരും നിര്‍ബന്ധിച്ച് ആ റോള്‍ ഏല്‍പ്പിക്കുന്നതല്ല. സ്വയം പോരാടുക. അതുമാത്രമാണ് മാര്‍ഗം. പിന്നീട് എനിക്ക് കയറ്റം പരിചിതമായി.
ബിസിനസില്‍ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ആരെയും കുറ്റം പറയാതെ നിങ്ങളുടെ റിസോഴ്‌സുകള്‍ സര്‍വതും പുറത്തെടുത്ത് പോരാടുക.
2. അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനങ്ങള്‍: ബിസിനസിലും ഇതുതന്നെയല്ലേ സ്ഥിതി? കേരളത്തില്‍ നിന്ന് പുറപ്പെടും മുമ്പ് ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കണ്ട അന്തരീക്ഷ ഊഷ്മാവ് 16-25 ഡിഗ്രിയാണ്. എന്നാല്‍ അനുഭവിച്ചതോ 5 - 31 ഡിഗ്രി വരെ. പലരും പലപ്പോഴും ആദ്യം തോല്‍ക്കുന്നത് മനസിലാണ്. റിസ്‌കുള്ള കാര്യമാണെന്നറിയുന്ന ഘട്ടത്തില്‍ തന്നെ തോല്‍വി സമ്മതിക്കും. അഞ്ച് ഡിഗ്രിയെന്ന് ആദ്യമേ അറിഞ്ഞിരുന്നുവെങ്കില്‍ എന്നെകൊണ്ട് അത് പറ്റുമോയെന്നോര്‍ത്ത് പരാജയഭീതി മനസില്‍ കടന്നുകൂടിയേനെ. പക്ഷേ തണുപ്പിനെ ചെറുക്കാന്‍ ആവുന്നത്ര സാമഗ്രികള്‍ ഞാന്‍ കരുതിയിരുന്നു. റിസ്‌ക് പ്രതീക്ഷിച്ചു. ഒരുക്കം നടത്തി. അതുപോലെ ബിസിനസിലും റിസ്‌കുണ്ട്. അതിലേക്ക് പൊട്ടക്കണ്ണനെ പോലെ എടുത്തുചാടുകയല്ല വേണ്ടത്. നിങ്ങള്‍ക്ക് സാധ്യമായത്ര ഒരുക്കം നടത്തി, ജയിക്കുമെന്ന് ഉറപ്പിച്ചുതന്നെ പോരാട്ടത്തിനിറങ്ങുക. അപരിചിതമേഖലകളിലേക്ക് പോകുമ്പോള്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരിക്കണം.
3. എന്നോട് തന്നെയുള്ള യുദ്ധം: മറ്റാരുടെയും മുന്നില്‍ തോറ്റ് തലകുനിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തിയാണ് ഞാന്‍. എന്റെ ടീമിനോട് എപ്പോഴും പറയാറുണ്ട്, തെറ്റുകള്‍ പരമാവധി ഒഴിവാക്കണം. മികച്ച പ്രകടനം എപ്പോഴും നടത്തണം. നമ്മുടെ വീഴ്ചകള്‍ കൊണ്ട് ക്ലയന്റിന് മുന്നില്‍ തലകുനിക്കാന്‍ പാടില്ലായെന്ന്. ഈ ഇവന്റിന് പോകുമ്പോള്‍ എന്റെ വീട്ടുകാരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ക്ലയന്റുമെല്ലാം അകമഴിഞ്ഞ പിന്തുണ നല്‍കി. അവര്‍ എന്നില്‍ നിന്ന് പലതും പ്രതീക്ഷിക്കുന്നതുപോലെ തോന്നി. ജയം എനിക്കവിടെ വെച്ച് ഉത്തരവാദിത്തമായി. അവരുടെ പ്രതീക്ഷകള്‍ ഞാന്‍ നിറവേറ്റണമെന്നത് കടമയായി.
സംരംഭകനില്‍ നിന്നും അദ്ദേഹത്തിന് ചുറ്റിലുമുള്ളവര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്. ജീവനക്കാര്‍, ഇടപാടുകാര്‍, സപ്ലയര്‍മാര്‍, പ്രത്യക്ഷമായും പരോക്ഷമായും സംരംഭകനെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ എല്ലാം വലിയ പ്രതീക്ഷ ബിസിനസുകാരില്‍ വെയ്ക്കുന്നുണ്ട്.
ഏതൊരു മത്സരത്തിലും ഒരു പരിധിവരെയാണ് ശാരീരിക ക്ഷമത അളക്കുന്നത്. പിന്നെ മനസിന്റെ കരുത്താണ് ഉരകല്ല്. സംരംഭത്തെ ഏത് സാഹചര്യത്തിലും മുന്നോട്ടുകൊണ്ടുപോകണമെന്ന് നാം തീരുമാനിച്ചാല്‍ അത് നടന്നിരിക്കും.
ഏറ്റവും നല്ല മത്സരം നാം നമ്മോട് തന്നെ നടത്തുന്നതാണ്. പിബിപിക്ക് ഒരുങ്ങുമ്പോള്‍ ഞാന്‍ ചെയ്തതും അതാണ്. എന്റെ ഇന്നലത്തെ പ്രകടനത്തെ മറികടക്കുക. ഓരോരുത്തര്‍ക്കും ഓരോ സംരംഭത്തിനും അതിന്റേതായ ശൈലിയും വേഗതയുമുണ്ട്. അത് നാം അനുകരിക്കരുത്. പക്ഷേ അവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാം.