സാഹസിക ടൂറിസം: സെക്യൂരിറ്റി റെഗുലേഷന്‍സ് ഇനി സജീവം
സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇതിനുള്ള രേഖ തയ്യാറാക്കിയത്.
സംസ്ഥാനത്ത് കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം ആക്റ്റിവിറ്റികളെ ഉള്‍പ്പെടുത്തിയാണ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് തയാറാക്കിയത്.എല്ലാ ജില്ലകളിലും സ്ഥല ലഭ്യതയ്ക്കനുസരിച്ച് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള വിഷയമാണ്.റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ സമ്പ്രദായവും ടൂറിസം വകുപ്പ് നടപ്പിലാക്കും. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഈ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടും.
സാഹസിക ടൂറിസത്തിന്റെ സുഗമമായ നടത്തിപ്പിന് ഏറ്റവും അത്യാവശ്യ ഘടകമാണ് ഗുണമേന്മയും, സുരക്ഷിതത്വവും. എന്നാല്‍ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ സമ്പ്രദായം അടക്കം നിയന്ത്രണങ്ങള്‍ കാര്യമായി നിലവില്‍ ഉണ്ടായിരുന്നില്ല. സുരക്ഷ ഉറപ്പ് വരുത്താന്‍ പര്യാപ്തമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണ് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് തയാറാക്കിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇക്കോ ടൂറിസം പദ്ധതിയുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കല, കാപ്പില്‍, മുഴപ്പിലങ്ങാട്, വാഗമണ്‍ എന്നിവിടങ്ങളെ സാഹസിക വിനോദസഞ്ചാര മേഖലകളാക്കി മാറ്റും. ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ അക്കാദമി സ്ഥാപിക്കും.
അടിസ്ഥാനസൗകര്യ വികസനം, പുതിയ കേന്ദ്രങ്ങളെ കണ്ടെത്തല്‍, പൊതു-സ്വകാര്യമേഖകളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍, വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്കീട്ട്, ദേശീയ- അന്താരാഷ്ട്ര തലങ്ങളില്‍ ബ്രാന്‍ഡ് ചെയ്യല്‍ എന്നിവയ്ക്കാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline