പൃഥ്വി ഷായുടെ പേര് ട്വീറ്റിൽ; സ്വിഗിക്കും ഫ്രീചാർജിനും ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ്
പതിനെട്ടുകാരനായ പൃഥ്വി ഷായാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ചാ വിഷയം. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടിയതോടെ പൃഥ്വിക്ക് ആശംസകളുടെ പ്രവാഹമായിരുന്നു.
പക്ഷെ എല്ലാവർക്കുമൊപ്പം താരത്തിന് ട്വിറ്ററിൽ ആശംസയർപ്പിച്ച സ്വിഗിയും ഫ്രീചാർജും ഇപ്പോൾ പൊല്ലാപ്പിലായിരിക്കുകയാണ്. പൃഥ്വിയുടെ പേര് ഉപയോഗിച്ച് കമ്പനികൾ നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് താരത്തിന്റെ മാനേജർ ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് കമ്പനികൾക്ക് നോട്ടീസ് നൽകി.
2017 ലാണ് ബേസ് ലൈൻ വെൻച്വേഴ്സ് എന്ന സ്പോർട്സ് മാർക്കറ്റിംഗ് കമ്പനി പൃഥ്വി ഷായുമായി കരാറിലേർപ്പെട്ടത്. പൃഥ്വിയുടെ എല്ലാ വാണിജ്യ താല്പര്യങ്ങളും കരാറുകളും നടത്തുന്നത് ഈ കമ്പനിയാണ്.
സ്വിഗിയും ഫ്രീചാർജും ബേസ് ലൈന്റെ അനുമതി ഇല്ലാതെ താരത്തിന്റെ പേര് ട്വിറ്ററിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കമ്പനിയുടെ നിലപാട്.