ലോക്ക്ഡൗണ്‍ ഇഫക്ട്: ഇന്ത്യയില്‍ സോഷ്യല്‍ മീഡിയക്കു കുതിപ്പ്
ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയില്‍ ശരാശരി ഇന്ത്യക്കാരന്‍ ഒരു ദിവസം 280 മിനിറ്റിലധികം സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ചു. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 87% വര്‍ദ്ധനവ്. ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരുന്നതിനാല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ടെലിവിഷനുകളിലും കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായും ഹമ്മര്‍കോപ് കണ്‍സ്യൂമര്‍ സ്‌നാപ്പ്‌ഷോട്ട് സര്‍വേയില്‍ കണ്ടെത്തി.
പ്രതിദിനം ശരാശരി 150 മിനിറ്റ് ആയിരുന്നു മുമ്പ് സോഷ്യല്‍ മീഡിയ ഉപയോഗം. 75% ആളുകള്‍ വാട്ട്സ്ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു ഇപ്പോള്‍.വാര്‍ത്തകള്‍ അറിയാനും ആശയവിനിമയം നടത്താനും കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
മാര്‍ച്ച് 28 നാണ് ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ 1,300 ആളുകളെ പങ്കെടുപ്പിച്ച് സര്‍വേ നടത്തിയത്.സര്‍വേയില്‍ പങ്കെടുത്ത 76% പേര്‍ രാവിലെ 8 നും 9 നും ഇടയില്‍ ടിവി കണ്ടതായി അറിയിച്ചു.ഇന്റര്‍നെറ്റ് ബ്രൗസിംഗിലും ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് 72% വര്‍ധനയുണ്ടായി.അഞ്ച് ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 80 ശതമാനത്തിലധികം സബ്‌സ്‌ക്രിപ്ഷനും 50 ശതമാനം നിരീക്ഷണ സമയവും വര്‍ദ്ധിച്ചുവെന്ന് സീ 5 ഇന്ത്യ സിഇഒ തരുണ്‍ കത്യാല്‍ പറഞ്ഞു. അതേസമയം റേഡിയോ കേള്‍ക്കുന്നവരുടെ എണ്ണം കൂടിയില്ല.
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയില്‍ തിരക്കു കൂടിയ പ്രധാന സമയം രാത്രി 7 മണി മുതലായിരുന്നു. ഒരാഴ്ച മുമ്പ് ഇത് രാത്രി 10 നും 12 നും ഇടയിലായിരുന്നു.'ഡിജിറ്റല്‍ ശീലങ്ങള്‍ നാടകീയമായാണ് മാറ്റത്തിന് വിധേയമായത്. ആശയവിനിമയം, വിനോദം, ഭക്ഷണം, ശാരീരികക്ഷമത എന്നിവയിലെ ശക്തമായ നെറ്റ്വര്‍ക്ക് ഇഫക്റ്റുകളില്‍ നിന്ന് പുതിയ ഉപഭോക്തൃ ആപ്ലിക്കേഷനുകള്‍ പ്രയോജനം നേടുന്നു, മുമ്പൊരിക്കലുമില്ലാത്തവിധം' ഹമ്മര്‍കോപ്പ് മാനേജിംഗ് പാര്‍ട്ണര്‍ നമഗിരി ആനന്ദ് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline