കൊറോണ വൈറസ് : ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

നേരത്തേ എബോള വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബര്‍ അവസാനത്തോടെയാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തൊട്ടാകെ 7818 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 7736 കേസുകളും ചൈനയില്‍ തന്നെയാണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 170 ആണ്. ചൈനയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മറ്റ് പതിനെട്ട് രാജ്യങ്ങളില്‍ കൂടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ആളുകള്‍ക്കിടയില്‍ വൈറസ് പടരുന്നതിന് കാര്യമായ തെളിവുകളുണ്ടെന്നും അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി, കാനഡ, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ മറ്റു രാജ്യങ്ങളിലും നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു.

വൈറസ് ബാധിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ഒരു ഡോക്ടര്‍ക്ക് രോഗം വന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഡോക്ടര്‍ ഇപ്പോള്‍ ഒരു പാരീസ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗികളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് വൈറസുകള്‍ പടരുന്നത് ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്നും അതുകൊണ്ടു തന്നെ സാഹചര്യം തീര്‍ത്തും കഠിനമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇന്ത്യ, ഫിന്‍ലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനി തൃശൂരിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it