അര്‍ബുദ നിര്‍ണ്ണയത്തില്‍ റേഡിയോളജിസ്റ്റിനെ മറികടന്ന് എഐ

മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി.

ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്‌ളണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ ക്ലിനിക്കല്‍ ഗവേഷണ പങ്കാളികളുമായി ചേര്‍ന്ന് ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. നേച്ചര്‍ എന്ന ശാസ്ത്ര ജേണലില്‍ നിരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയിലെ 25000 സ്ത്രീകളും യുഎസിലെ 3000 സ്ത്രീകളും ഉള്ള ഡാറ്റാ സെറ്റിലെ എഐ മോഡലുപയോഗിച്ചാണ് കൃത്യത വിലയിരുത്തിയത്.നിലവിലെ നിര്‍ണയത്തില്‍ സംഭവിക്കുന്ന തെറ്റ് 5.7 - 9.4 ശതമാനം കുറയ്ക്കാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകുമെന്നു തെളിഞ്ഞതായി ലേഖനത്തില്‍ പറയുന്നു.

ഗൂഗിളിന്റെ ഈ മോഡല്‍ റേഡിയോളജിസ്റ്റിനെ മാറ്റി സ്ഥാപിക്കാനുള്ളതല്ല. ഒരു റേഡിയോളജിസ്റ്റിന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇതിന്റെ അല്‍ഗോരിതം എന്ന് ഗൂഗിള്‍ അവകാശപ്പെട്ടു. സ്തനാര്‍ബുദം കണ്ടെത്തുന്നതില്‍ ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് മാമോഗ്രാം ഒന്നിലധികം റേഡിയോളജിസ്റ്റുകള്‍ പരിശോധിക്കാറുണ്ട്. കൃത്യമായി ഇതിന് സഹായിക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.

യുഎസില്‍ ഒരു റേഡിയോളജിസ്റ്റിന്റെ അഭിപ്രായം കൊണ്ട് മാത്രം ക്യാന്‍സര്‍ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ യുകെയിലെ എന്‍എച്ച്എസില്‍ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) കുറഞ്ഞത് രണ്ട് റേഡിയോളജിസ്റ്റുകള്‍ മാമോഗ്രാം വിശകലനം ചെയ്ത് ഫലത്തെക്കുറിച്ച് ഇരുവരും യോജിപ്പിലെത്തിയ ശേഷം മാത്രമേ സ്ഥിരീകരണം നടത്താറുള്ളൂ. ഇന്ത്യയില്‍ എത്ര റേഡിയോളജിസ്റ്റുകള്‍ ഒരു മാമോഗ്രാം പരിശോധിക്കണം എന്നതിനെക്കുറിച്ച് യാതൊരു നിയമവും നിലവിലില്ല.

2018 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ 2.18 ലക്ഷം ആളുകള്‍ക്ക് ഒരു റേഡിയോളജിസ്റ്റ് എന്ന നിലയിലാണ് ഉള്ളത്. ഇതുപോലുള്ള അല്‍ഗോരിതങ്ങള്‍ അത്തരം വിടവുകള്‍ നികത്താന്‍ സഹായിക്കും. റേഡിയോളജിസ്റ്റുകള്‍ക്ക് ജോലി എളുപ്പമാക്കുക എന്നതും ഇത്തരം അല്‍ഗോരിതങ്ങളുടെ ലക്ഷ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരിക്കലും മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം, പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളില്‍. എന്നാല്‍ അവ രോഗനിര്‍ണയങ്ങളിലെ കൃത്യത ഉറപ്പാക്കാന്‍ സഹായിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it